കൃഷ്ണസ്മിതം
അന്ന് കനത്ത
മഴയായിരുന്നു. കാരാഗൃഹത്തിന്‍റെ ‘ഇരുളില്‍ ഒരു പിഞ്ചുകുഞ്ഞ് അമ്മയുടെ സമീപം
കിടക്കുന്നു. കാവല്‍ക്കാര്‍ എല്ലാവരും നിദ്രാദേവിയുടെ സ്പര്‍ശത്താല്‍
ഉറക്കത്തിലും. ഉണര്‍ന്നിരുന്ന് ചിന്തിക്കുന്നത് ഒരാള്‍ മാത്രം. ആ കുഞ്ഞിന്റെ
പിതാവായ വസുദേവന്‍. അവനെ രാത്രി കാരാഗൃഹത്തില്‍ നിന്നും ആമ്പാടിയില്‍ എത്തിക്കണം.
തന്റെ പൊന്നോമനയെ പിരിയേണ്ടി വരും. അയാള്‍ കുഞ്ഞിനെ തന്റെ കയ്യില്‍ എടുത്തു.
സുന്ദരമായ ആ മുഖത്തേക്ക് നോക്കി ഏറെ നേരം അയാള്‍ ആനന്ദിച്ചു. വേര്‍പാടിന്റെ
ദുഖഭാരം അയാളുടെ കണ്ണുകളില്‍ അശ്രു നിറച്ചു. അയാള്‍ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി . അനേകായിരം
സൂര്യപ്രഭയുടെ പൊന്‍തിളക്കം ആ പിഞ്ചുമുഖത്തില്‍ അയാള്‍ ദര്‍ശിച്ചു . അവന്‍ അയാളെ
നോക്കി മനോഹരമായി പുഞ്ചിരിച്ചു. സംഭവിക്കാനിരിക്കുന്ന ലീലകളുടെ
മുന്നറിയിപ്പെന്നവണ്ണം ലോകത്തെ നോക്കിയുള്ള പുഞ്ചിരി. അധാര്‍മികതയുടെ പരിഹാസത്തിന്
നേരെയുള്ള ധര്‍മ്മത്തിന്റെ പുഞ്ചിരി ആ കാരാഗൃഹത്തില്‍ നിന്നും
ആരംഭിച്ചിരിക്കുന്നു.
ആ പുഞ്ചിരി പിന്നീട് മാഞ്ഞിട്ടില്ല. ആമ്പാടിയുടെ കണ്ണന്റെ ജീവനപഹരിക്കാന്‍ വന്ന
താമസികളുടെ നേരെ അവന്‍ പുഞ്ചിരിച്ചു.
പൂതനയുടെ മാറ് പിളരും നേരവും ശകടന്റെ പരാക്രമം കാണുമ്പോഴും അവന്‍ പുഞ്ചിരിച്ചു. ഗോവര്‍ദ്ധന
ഗിരി വിരലില്‍ ഉയര്‍ത്തി ഇന്ദ്രനെ നോക്കി
അവന്‍ ചിരിച്ചു.ലോകരക്ഷക്കായുള്ള പുഞ്ചിരി. ആസുരശക്തികള്‍ക്ക് നേരെ
ആക്രോശത്തിന്റെ പുഞ്ചിരി. വെണ്ണകട്ടെടുത്ത് നടക്കുന്ന നേരത്തും ഗോപികളുടെ വസ്ത്രം
അപഹരിച്ചപ്പോളും കൂട്ടുകാരുമായി കളിക്കുന്ന നേരത്തും ആ നവനീതചോരന്റെ പുഞ്ചിരി
മായാതെ നിന്നു.
തന്റെ ഓടക്കുഴലുമായി കണ്ണന്‍ ഗോക്കളോടൊപ്പം നടന്നു. വലുതായ ഒരു ആല്‍മരത്തിന്റെ
ചുവട്ടില്‍ അവന്‍ ഇരുന്നു. ആ ഓടക്കുഴലില്‍ നിന്നും മനോഹരമായ നാദവീചികള്‍
പ്രവഹിക്കുവാന്‍ തുടങ്ങി. അതിന്റെ മാസ്മരികതയില്‍ പഞ്ചഭൂതങ്ങള്‍ സ്വയം മറന്നു.
പ്രപഞ്ചം പുഷ്പവൃഷ്ടിയും നടത്തി. പക്ഷികള്‍ നിശബ്ദരായി. ഓരോ കണികയും ആ
മാസ്മരികതയില്‍ സമാധിയില്‍ പ്രവേശിച്ചു. രാഗാലാപനം അവസാനിച്ചപ്പോള്‍ കണ്ണന്‍ തന്റെ
കമലനയനങ്ങള്‍ തുറന്നു. മുന്നില്‍ രാധ നില്‍പ്പുണ്ട്. അവളെ നോക്കി അവന്‍ പുഞ്ചിരിച്ചു.
പരമപ്രേമത്തിന്റെ വിശ്വമാതൃകയായ .പുഞ്ചിരി. ഉദാത്തമായ നിഷ്കാമ സ്നേഹത്തിന്റെ
തടാകത്തില്‍ താമര പോലെ വിരിഞ്ഞ പുഞ്ചിരി. ഭൗതികതയുടെ ക്ഷണികതയില്‍ മുളപൊട്ടുന്ന ഉപാധികള്‍ക്കു
വിധേയമായ സ്നേഹത്തിന് താക്കീത് നല്‍കുന്ന ദൈവികസ്നേഹത്തിന്റെ പുഞ്ചിരി
കണ്ണന്റെയൊപ്പം രാധയും പങ്കിട്ടു. ആ ദിവ്യമായ സ്നേഹത്തില്‍ ആനന്ദഭരിതരായ
മഴമേഘങ്ങള്‍ അവരുടെ മേല്‍ ജലാഭിഷേകം നടത്തി. ആ മഴയുടെ താളം കേട്ടുകൊണ്ട്
നിരവധി ഗോപികമാര്‍ കണ്ണന്റെ സമീപത്തേക്ക് ഓടിയെത്തി. അവിടെയെത്തിയ ഓരോരുത്തരും
കണ്ണനെ താനായി കണ്ടു. ഓരോ മുഖത്തും ആ പുഞ്ചിരി തെളിഞ്ഞു. നിര്‍വികല്‍പസമാധിയുടെ
ആനന്ദത്തില്‍ ആ പുഞ്ചിരി ലയിച്ചു.
കണ്ണന്റെ
പുഞ്ചിരിയുടെ മാസ്മരികത കംസനെയും ശിശുപാലനെയും
പോലുള്ള അനേകം യോദ്ധാക്കള്‍ അറിഞ്ഞു. അധര്‍മ്മം ആ
പുഞ്ചിരി കണ്ടു ഭയന്നു. സൂര്യചന്ദ്രന്മാര്‍ ആ പുഞ്ചിരിയുടെ പ്രകാശത്തില്‍ തങ്ങളുടെ
പരിമിതിയെ ഓര്‍ത്ത് ലജ്ജിച്ചു. കാലങ്ങള്‍ ചക്രവാളങ്ങളില്‍ മറയുമ്പോള് പോലും ആ
ചിരി മായാതെ നിന്നു. അവില്‍പൊതിയുമായി വന്ന സുധാമാവിനു തന്റെ ചിരിയില്‍ ഭഗവാന്‍
ലക്ഷ്മീദേവിയുടെ അനുഗ്രഹവും ചൊരിഞ്ഞു.
ഭാരതയുദ്ധത്തിനു
വിളംബരം ആയിരിക്കുന്നു. അനേകായിരം യോദ്ധാക്കള്‍ യുദ്ധഭൂമിയില്‍ ആയുധധാരികളായി നില
കൊണ്ടു. പെരുമ്പറകളും ശംഖുകളും മുഴങ്ങി. കൌരവപാണ്ഡവരും രാജശ്രേഷ്ഠന്മാരും യുദ്ധഭൂമിയില്‍
തേജസ്വികളായി കാണപ്പെട്ടു. പാര്‍ഥന്റെ സാരഥിയായി നിരായുധനായി ഭഗവാന്‍ രണഭൂമിയില്‍
തേര്‍ തളിച്ചു. ഗുരുജനങ്ങളെ കണ്ടു ഹൃദയം ദുര്‍ബ്ബലമായ അര്‍ജ്ജുനന്‍ അസ്ത്രം തുടുക്കുവാനാവാതെ
തളര്‍ന്നിരിക്കേണ്ടി വന്നു. വീണ്ടും കൃഷ്ണന്‍ പുഞ്ചിരിച്ചു. ഹൃദയദൌര്‍ബ്ബല്യം കളഞ്ഞു
ഉണര്ന്നെഴുന്നെല്‍ക്കാന്‍ അര്‍ജ്ജുനനു കരുത്തായ ഗീതാമൃതം ചൊരിഞ്ഞ പുഞ്ചിരി. ആ പുഞ്ചിരിയില്‍
അദ്വൈതാനുഭൂതിയുടെ രഹസ്യം ഒളിഞ്ഞിരുന്നു. സകല പ്രപഞ്ചത്തെയും ആ പുഞ്ചിരിയില്‍
ഭഗവാന്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ആയിരം സൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചാല്‍ ആ
പുഞ്ചിരിയുടെ പ്രകാശത്തിനു തുല്യമാകുമോ? ഇല്ല. ആ പുഞ്ചിരിയില്‍ ലൌകികതയുടെ
അസ്ഥിരമായ ഭാവങ്ങളില്ല. അത് ഭാവാഭാവങ്ങള്‍ക്ക് അതീതമായ പരമപുരുഷന്റെ
പുഞ്ചിരിയാകുന്നു.
യുഗാന്ത്യം അടുത്തു.
ആരണ്യകത്തിന്റെ പച്ചപ്പ് തീര്‍ത്ത തണലില്‍ ഭഗവാന്‍ ഇരുന്നു. അതൊരു വടവൃക്ഷമായിരുന്നു.
അതിന്റെ കീഴില്‍ ഹൃദയപദ്മത്തില്‍ എകാഗ്രചിത്തനായി ഇരുന്നു കൊണ്ടു ഭഗവാന്‍ ധ്യാന
നിമഗ്നനായി. മൂര്‍ച്ചയേറിയ ഒരു അസ്ത്രം ആ പാദങ്ങളില്‍ എവിടെ നിന്നോ വന്നു തറച്ചു.
കണ്ണ് തുറന്ന ഭഗവാന്‍ പ്രാരാബ്ദകര്‍മത്തെ നോക്കി വീണ്ടും പുഞ്ചിരിച്ചു. കര്‍മ്മ
ബന്ധങ്ങള്‍ ഏശാത്ത ആത്മാവിന്റെ പുഞ്ചിരി. മായാപ്രപഞ്ചത്തിന്റെ ലീലകള്‍ തീര്‍ക്കുന്ന
പുഞ്ചിരി. ആ പുഞ്ചിരി ലോകത്തിനുള്ള ഒരു ദര്‍ശനമായിരുന്നു. സമചിത്തതയുടെ,
യോഗാവസ്ഥയുടെ, ആത്മജ്ഞാനത്തിന്റെ പ്രതീകമായ പുഞ്ചിരി. ആ പുഞ്ചിരി ഇന്നും മായാതെ
നില്‍ക്കുന്നു. പരമാണു മുതല്‍ ഭീമാകാരമായ ബ്രഹ്മാണ്ടങ്ങള്‍ വരെ ആ പുഞ്ചിരിയില്‍
നിലകൊള്ളുന്നു. പ്രപഞ്ചം ആ മഹാ മായാവിയുടെ പുഞ്ചിരിയില്‍ സ്ഥിതി ചെയ്യുന്നു.എല്ലാം ആ
പുഞ്ചിരിയില്‍ ലയിക്കുന്നു.
ആശ്വാസത്തിന്റെ
പുഞ്ചിരിയായി അത് എന്നുള്ളില്‍ കാലാകാലങ്ങളായി തെളിഞ്ഞിരുന്നു. ഇഴഞ്ഞു നീങ്ങിയ
കാലം മുതല്‍ അത് എന്നോടൊപ്പം ഉണ്ടായിരുന്നു. പ്രതികൂലമായ ഘട്ടങ്ങളില്‍ ആ പുഞ്ചിരി
ആശ്വാസമായി എന്റെ മനോമുകുരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്റെ
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ആ പുഞ്ചിരി വഴികാട്ടിയായിരുന്നു. മയില്‍പ്പീലികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ആ
പുഞ്ചിരി സംസാരദുഃഖം തീര്‍ക്കുവാനെന്ന വണ്ണം എന്നില്‍ നിറയും. കാലത്തിന്റെ കാഠിന്യമേറിയ
പരീക്ഷണങ്ങളില്‍ ഇനിയും ആ പുഞ്ചിരി എനിക്ക് തുണയാകട്ടെ. സര്‍വ്വം ശ്രീകൃഷ്ണാര്‍പ്പണം.
Comments