ഇവിടെ പുലര്‍ച്ചെ അഞ്ചു മണി കഴിയുമ്പോള്‍ തന്നെ സൂര്യന്‍ തെളിഞ്ഞിരുന്നു. എത്ര താമസിച്ചു കിടന്നാലും പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത്  ഒരു ശീലമായി മാറി. വായുസഞ്ചാരമില്ലാത്ത മുറിയുടെ വീര്‍പ്പുമുട്ടലില്‍ നിന്നും മുക്തി നേടുവാനായി ഞാന്‍ പുറത്തിറങ്ങും. അധികം ആളുകള്‍ വഴിയില്‍ കാണില്ല. എല്ലാവരും സുഖമായി ഉറങ്ങുന്നു. തണുത്ത കാറ്റിന്റെ ഉന്മാദം ആസ്വദിച്ചു കൊണ്ട് ഞാന്‍ നടക്കും. കഴിഞ്ഞ രാത്രിയുടെ അര്‍ദ്ധ നിദ്രയുടെ ആലസ്യം വഴിയില്‍ ഉപേക്ഷിച്ചുകൊണ്ട് ഞാന്‍ മെല്ലെ നടക്കും. പുലര്‍ച്ചെ തടാകത്തിനു പ്രത്യേക ഭംഗിയാണ്‌. അതിന്റെ സമീപം ഒരു ചെറിയ ഹനുമാന്‍ കോവിലുണ്ട്. അവിടെ  ഇരുന്നാല്‍ തടാകത്തിലെ ജലകന്യകമാരെ സ്പര്‍ശിച്ചുകൊണ്ട് മെല്ലെ ഒഴുകി വരുന്ന തണുത്ത കാറ്റ് കിട്ടും. അത് ശരീരത്തില്‍ തട്ടിയാല്‍ എല്ലാ ക്ഷീണവും മാറും. അവിടെയിരുന്നാല്‍ ഇലക്ട്രോണുകളുടെ ഊര്‍ജ്ജം നിര്‍ണ്ണയിക്കാനും അവയുടെ ഭാവി പ്രവചിക്കാനോ താല്പര്യപ്പെടില്ല. കാല്‍പ്പനികതയുടെ മന്ദാരം നല്‍കുന്ന സുഗന്ധം ആസ്വദിച്ചു ഏറെ നേരം ഇരിക്കാം. കണ്ണുകള്‍ക്ക്‌ ആനന്ദം നല്‍കുന്ന സുന്ദരന്മാരായ മയിലുകളുടെ മനോഹര നൃത്തവും കാണാം. സൂര്യന്‍ കൂടുതല്‍ വ്യക്തമാകുന്നു. സൂര്യകിരണങ്ങളുടെ തീക്ഷ്ണതെയെക്കാള്‍ ഭയാനകമാണ് മനുഷ്യമനസ്സുകളുടെ കാരുണ്യമില്ലായ്മ. അതിനാല്‍ ഞാന്‍ അവിടെ നിന്നും വേഗം മടങ്ങും. ആശ്വാസത്തിന്റെ പ്രകൃതിയില്‍ നിന്നും  എന്റെ മുറിയുടെ ശ്വാസമില്ലായ്മയിലേക്ക്‌.

Comments

വായിക്കുമ്പോള്‍ ആ സ്ഥലം മനസ്സില്‍ കാണാന്‍ പറ്റുന്നുണ്ട്..:)