രണ്ടു വൃക്ഷങ്ങള്‍




ആ കാട്ടില്‍ വലിയ രണ്ടു വൃക്ഷങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് മനോഹരമായ ഇലകളും പൂക്കളും നിറഞ്ഞ് ചുവന്ന പഴമുള്ള വലിയൊരു വൃക്ഷം. രണ്ടാമത് ഉയരം കൂടിയ നിറയെ മുള്ളുകള്‍ ഉള്ള വെളുത്ത പഴം നിറഞ്ഞ വൃക്ഷം. രണ്ടും കാഴ്ചയില്‍ അതിശയം ജനിപ്പിക്കും വിധം വലിപ്പമുള്ളതായിരുന്നു. ഈ വൃക്ഷങ്ങളെക്കുറിച്ച് അവന്‍ നിറയെ കേട്ടിരിക്കുന്നു. അതൊന്നു കാണുവാനും അയാള്‍ ആഗ്രഹിച്ചു. ആ കാട്ടില്‍ പലരും പോയിട്ടുണ്ടത്രേ! ചിലര്‍ ആ പഴങ്ങള്‍ നിറയെ ഭക്ഷിച്ചവരും ആണ്. എന്തായാലും ഈ അപൂര്‍വ്വ വൃക്ഷങ്ങള്‍ കണ്ടിട്ട് തന്നെ കാര്യം. അയാള്‍ ആ നിബിഡമായ വനം തേടി യാത്ര ആരംഭിച്ചു. കുറെ സഞ്ചരിച്ചതിനു ശേഷം അയാള്‍ ഒരു തടാകത്തിന്റെ തീരത്തെത്തി. അല്പം ജലം കുടിച്ചതിനു ശേഷം അയാള്‍ വീണ്ടും സഞ്ചരിച്ചു. ഒടുവില്‍ ആ കാട്ടിലെത്തി. വന്യമൃഗങ്ങളുടെ ശബ്ദങ്ങള്‍ അയാള്‍ കേട്ടു. ഭയം ഉള്ളിലൊതുക്കി അയാള്‍ മെല്ലെ നടന്നു. ഒടുവില്‍ ആ വൃക്ഷങ്ങളുടെ സമീപമെത്തി. ചുവന്ന പഴമുള്ള വൃക്ഷം പൂത്തിരുന്നു. വെളുത്ത പഴമുള്ള വൃക്ഷത്തില്‍ ആകര്‍ഷകമായി ഒന്നും കണ്ടില്ല. ആ പഴങ്ങള്‍ വൃക്ഷത്തിന്റെ ഏറ്റവും മുകളിലും ആയിരുന്നു. എന്നാല്‍ ചുവന്ന പഴം താഴെ കയ്യെത്തും ദൂരെത്തും. ഏതോ ജന്മവാസനയാല്‍ അയാള്‍ ചുവന്ന പഴമുള്ള വൃക്ഷത്തിന്റെ കീഴില്‍ ഇരുന്നു. തണുത്ത കാറ്റ് അയാളുടെ ഇന്ദ്രിയങ്ങള്‍ക്ക് ശീതളിമ ഏകി. തന്റെ കണ്ണുകളെ ആകര്‍ഷിക്കുന്ന ആ ചുവന്ന പഴം പറിച്ചെടുത്ത് ഭക്ഷിക്കുവാന്‍ അയാള്‍ മോഹിച്ചു. എന്നാല്‍ മുള്ളുകള്‍ നിറഞ്ഞ വൃക്ഷം അയാളെ ഭയപ്പെടുത്തി. തന്റെ മോഹം പൂര്‍ത്തീകരിക്കാന്‍ അയാള്‍ ആ ചുവന്ന പഴം പറിച്ചെടുത്തു ഭക്ഷിക്കുവാന്‍ തുടങ്ങി. താന്‍ ഇതുവരെ ഭക്ഷിച്ചതില്‍ ഏറ്റവും സ്വാദുള്ള ഫലം. അത് ഒരു പുതിയ അനുഭവമായിരുന്നു. ആ ഫലത്തിന്റെ സ്വാദില്‍ അയാള്‍ നിര്‍വൃതി പൂണ്ടു. നിധി കിട്ടിയ സന്തോഷത്തില്‍ അയാള്‍ തന്റെ ഗൃഹത്തിലേക്കു മടങ്ങി. ആ പഴത്തിന്റെ മധുരിമ അയാളുടെ നാഡികളിലൂടെ അപ്പോഴും ഒഴുകിക്കൊണ്ടിരുന്നു. ആ ഒഴുക്ക് ക്രമേണ വേഗം കൂട്ടിത്തുടങ്ങി. അത് അവന്റെ സിരകളുടെ ബലം ക്ഷയിപ്പിച്ചു. ആ ഒഴുക്കിന്റെ വേഗത അവന്റെ തലച്ചോറിനെ കീറിമുറിച്ചു. അവന്റെ കണ്ണുകളും കാതുകളും പ്രവര്‍ത്തിക്കുവാന്‍ വിസമ്മതിച്ചു. കൈകളും കാലുകളും തളര്‍ച്ചയില്‍ വേദനിച്ചു. ശരീരമാകെ വരിഞ്ഞു മുറുകി. കണ്ണുകള്‍ ചുവന്നു തുടുത്തു. ചുട്ടുപൊള്ളുന്ന പ്രതീതി അവനെ അലറിവിളിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ നാവനങ്ങിയില്ല. ദിവസങ്ങളോളം അവന്‍ എരിഞ്ഞു തീരുന്ന തിരി പോലെ കത്തിക്കൊണ്ടിരുന്നു. വേദനയുടെ പാരമ്യത്തില്‍ മരണത്തെ പുല്‍കാന്‍ കൊതിച്ചു അവന്‍ വീണ്ടും ഇറങ്ങി. സകല വേദനകളും ഉള്ളിലൊതുക്കി ബലം ക്ഷയിച്ച കാലുകളുമായി അവന്‍ ആ കാട്ടിലേക്ക് വീണ്ടും മടങ്ങി. വീണ്ടും ആ തടാകത്തിലെ ജലം കുടിച്ചു. വൃക്ഷങ്ങള്‍ അവിടെത്തന്നെയുണ്ട്. അവന്‍ സുന്ദരമായ ചുവന്ന പഴമുള്ള വൃക്ഷത്തില്‍ പുച്ഛത്തോടെ നോക്കി. അല്പം മാറി നിന്ന മുള്ള് നിറഞ്ഞ വൃക്ഷത്തിലേക്ക് അവന്‍ നോക്കി. അതിന്റെ മുകളില്‍ ഒരു വെളുത്ത പഴം അവന്‍ കണ്ടു. വിണ്ടു കീറിയ പാദങ്ങളുമായി അവന്‍ ആ മരത്തില്‍ വലിഞ്ഞു കേറി. മുള്ളുകള്‍ അവന്റെ ശരീരത്തില്‍ തുളഞ്ഞു കേറി. അവന്റെ അശുദ്ധമായ രക്തം നിലത്ത് വീണു. ഒടുവില്‍ വളരെ പ്രയത്നിച്ചു അവന്‍ ആ മരത്തിന്റെ മുകളില്‍ എത്തി. ആ വെളുത്ത പഴം സംശയത്തോടെ ആണെങ്കിലും അവന്‍ പറിച്ചെടുത്ത്‌ ഭക്ഷിച്ചു. കണ്ണില്‍ ഒരു തെളിച്ചം. അടഞ്ഞ കാതുകള്‍ തനിയെ തുറക്കുന്നു. ഇന്ദ്രിയങ്ങള്‍ ഒന്നൊന്നായി വിസ്മൃതിയെ മറന്നു. ശിരസ്സ്‌ ഉയര്‍ന്നു. വൃണങ്ങള്‍ എല്ലാം ഉണങ്ങി. അവാച്യമായ ആനന്ദാനുഭൂതി അവന്‍ ഉള്‍ക്കൊണ്ടു. വൃക്ഷവും പഴവും തടാകവുമെല്ലാം താനായി അവന്‍ കണ്ടു. തന്റെ ബോധത്തിന്റെ അനന്തമായ വിശാലതയെ താനായി അവന്‍ തിരിച്ചറിഞ്ഞു. പ്രപഞ്ചം അവന്‍ തന്നെ ആയി. വൃക്ഷവും ഇല്ല. പഴവും ഇല്ല. സുഖവും ഇല്ല വേദനയും ഇല്ല. താന്‍ മാത്രം. ആ അലൌകികതയില്‍ അവന്‍ തന്റെ ഉണ്മയെ അറിഞ്ഞു. എരിഞ്ഞടങ്ങുന്ന തിരിയില്‍ നിന്നും ഒരിക്കലും അണയാത്ത വിളക്കിന്റെ പൊന്‍പ്രഭയായി അവന്‍ മാറി.

Comments

Popular Posts