ആ വീണാനാദം എന്റെ കര്‍ണ്ണങ്ങളിലൂടെ ഹൃദയത്തിലേക്കു സഞ്ചരിച്ചു. എന്റെ ഹൃദയത്തില്‍ മയങ്ങിക്കിടന്ന നിരവധി ചിന്താശലഭങ്ങളെ ആ മനോഹരനാദം വിളിച്ചുണര്‍ത്തി. ആ രാഗധ്വനികളുടെ മധുരിമയില്‍ ആ ശലഭങ്ങള്‍ ചിറകുവിടര്‍ത്തി പറക്കുവാന്‍ ശ്രമിച്ചു. പക്ഷേ കര്‍മ്മങ്ങളുടെ ചരടുകള്‍ ആ ചിറകുകളെ ബന്ധിച്ചിരുന്നതിനാല്‍ അവക്കു പറക്കുവാന്‍ കഴിഞ്ഞില്ല. ബന്ധനത്തിന്റെ വേദനയില്‍ ആ ചിന്താശലഭങ്ങള്‍ ഉറക്കെ കരഞ്ഞു. വാതായനങ്ങളിലൂടെ പുറത്തേക്കു പറക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ആ ശലഭങ്ങളുടെ വര്‍ണ്ണങ്ങള്‍ ഓരോന്നായി പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. അവയുടെ കണ്ണുനീരില്‍ മുങ്ങി ആ വര്‍ണ്ണങ്ങള്‍ നിലത്ത് കളമെഴുതി. ബന്ധനചരടുകളില്‍ ഒന്ന് ആ കണ്ണുനീരിന്റെ നനവില്‍ അലിഞ്ഞു. ഒരു ശലഭം ഹൃദയത്തില്‍ നിന്നും പുറത്തേക്കു പറന്നു. ചട്ടക്കൂടുകളുടെ ഓല മേഞ്ഞ വീട്ടില്‍ നിന്നും പരിധികള്‍ ഇല്ലാത്ത ആകാശത്തിന്റെ അനന്തതയിലേക്ക്. അത് കാടും മേടും പുഴകളും കടലുകളും കടന്നു. നഷ്ടപ്പെട്ട വര്‍ണ്ണങ്ങള്‍ ഓരോന്നായി അതിന്റെ ശരീരത്തില്‍ പ്രത്യക്ഷപെട്ടു. വീണ്ടും ആ വീണാ നാദം ഒരു പുതു പ്രതീക്ഷയുടെ പ്രവാചകനെപ്പോലെ ആകാശത്തിന്റെ നീലിമയില്‍ പ്രതിധ്വനിച്ചു.പുറത്തു കാറ്റ് നല്ല ശക്തമായി തന്നെ വീശിക്കൊണ്ടിരുന്നു. കാറ്റിന്റെ മര്‍മ്മരം മൃദംഗം തീര്‍ത്ത തനിയാവര്‍ത്തനം പോലെ തോന്നി. മരങ്ങള്‍ ആ ധ്വനിക്ക് ചേരും വിധം അംഗചലനങ്ങള്‍ കാട്ടി നൃത്തവും ആടുന്നുണ്ടായിരുന്നു. ഓരോ ദിനവും ഓരോരോ ഭാവങ്ങളുമായി പ്രകൃതിയും മാറ്റങ്ങളുടെ അനിവാര്യതയെ അറിവിനായ്‌ നല്‍കിക്കൊണ്ട് സഞ്ചരിക്കുന്നു.

Comments

Popular Posts