മണികര്‍ണ്ണികയിലെ മണ്‍ചിരാതുകള്‍

കഴിഞ്ഞ കുറച്ചു നാളുകളായി യാത്രകള്‍ കുറവാണ്. ഉണ്ടെങ്കില്‍ തന്നെ തമിഴ്നാടിനപ്പുറം പോയിട്ടില്ല. അങ്ങനെയിരിക്കെയാണ് കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ 2023 ഡിസംബര്‍ 12 ന് ഡല്‍ഹിയില്‍ നടത്തുന്ന ബ്രിഡ്ജിംഗ് സൌത്ത് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ഞാനും ചെല്ലണമെന്ന് മുഖ്യ പത്രാധിപര്‍ ഡോ.എന്‍. ആര്‍ മധുവേട്ടന്‍ പറയുന്നത്. കൂടെ നമുക്ക് കാശിയും സന്ദര്‍ശിക്കാം എന്നുപറഞ്ഞപ്പോള്‍ രണ്ടാമതൊന്നും ആലോചിച്ചില്ല. കാശിയിലേക്ക് ഒരു യാത്ര വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നതാണ്. കഴിഞ്ഞ കുറെ നാളുകളായി ആ ആഗ്രഹം വര്‍ദ്ധിച്ചു വരികയും ചെയ്തിരുന്നു. ഡിസംബറില്‍ തന്നെ മറ്റൊരു കൂട്ടര്‍ക്കൊപ്പം കാശിയാത്രയ്ക്ക് പോകാന്‍ അവസരം വന്നെങ്കിലും അത് മുടങ്ങിപ്പോയിരുന്നു. ഏതായാലും ഇത് ഭഗവാന്‍ തന്നെ വിളിച്ചതെന്നു മനസ്സില്‍ തോന്നി. മധുവേട്ടന്‍ നേരത്തെ തന്നെ ഡല്‍ഹിയിലേക്ക് പോയിരുന്നു. ഷാബുവേട്ടനും എന്നോടൊപ്പം കൂടി. ഞങ്ങള്‍ രണ്ടുപേരും ഒന്‍പതാം തീയതി വൈകുന്നേരം കോഴിക്കോട്ടു നിന്നും മംഗള എക്സ്പ്രസ്സില്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. ഞങ്ങള്‍ക്ക് ടിക്കട്റ്റ് ആര്‍ എ സി ആയിരുന്നു. നല്ല തിരക്കായതിനാല്‍ കണ്ഫര്‍മേഷന്‍ കിട്ടാന്‍ വഴിയില്ല എന്ന് ടിടിഇ പറഞ്ഞു. ഞങ്ങളുടെ കോച്ചില്‍ അമേരിക്കന്‍ മലയാളികളായ ഒരു സംഘം ആളുകളുണ്ടായിരുന്നു. എല്ലാവരും അറുപത് വയസ്സിനു മുകളില്‍ ഉള്ളവര്‍. ജോസേട്ടന്‍, സാറച്ചേച്ചി, മറിയാമ്മ ചേച്ചി. അവരുടെ കൂടെ ടൂര്‍ ഓപ്പറേറ്ററായ ആഷിക്ക് എന്ന ചെറുപ്പക്കാരനും. അവര്‍ ആഗ്ര, ജയ്‌പ്പൂര്‍ യാത്രയ്ക്കായാണ് വന്നിട്ടുള്ളത്. മറിയാമ്മചേച്ചി ചങ്ങനാശ്ശേരിക്കാരിയാണ്. ജോസേട്ടന്‍ പട്ടാളത്തിലായിരുന്നു. വിരമിച്ച ശേഷം മക്കളെയും കൊണ്ട് അമേരിക്കയിലേക്ക് പറന്നു. പിന്നെ ശിഷ്ടകാലം അവിടെ. അവിടുത്തെ കഥകളും വാര്‍ത്തകളും ഒക്കെയായി ഞങ്ങളുടെ യാത്ര മുന്നോട്ട് പോയി. രാത്രിയില്‍ ആര്‍. എസി. യാത്രക്കാരായ ഞങ്ങള്‍ക്ക് ഇരുന്നു ഉറങ്ങുക തന്നെ ശരണം എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ആണ് അറിയുന്നത് മറിയാമ്മ ചേച്ചിക്ക് മിഡില്‍ ബെര്‍ത്തില്‍ കിടക്കാന്‍ കഴിയില്ലത്രേ. പ്രായാധിക്യം കൊണ്ട് അവര്‍ക്ക് അതില്‍ കേറാന്‍ കഴിയില്ല. താഴത്തെ ബെര്‍ത്തില്‍ ഉള്ള രണ്ട് ഉത്തരേന്ത്യന്‍ ദമ്പതിമാര്‍ (രണ്ടുപേരും മുതിര്‍ന്നവര്‍) അവരുടെ ബെര്‍ത്ത്‌ ഒഴിയാനും തയ്യാറല്ല. ജോസേട്ടനും ആഷിക്കിനും ഏറ്റവും മുകളിലെ ബര്‍ത്തുകളും. ഒടുവില്‍ ഞാന്‍ ഇവിടെ ഇരുന്നോളാം നിങ്ങള്‍ എന്റെ ബെര്‍ത്തില്‍ കിടന്നോളൂ എന്ന് മറിയാമ്മചേച്ചി ഞങ്ങളോട് പറഞ്ഞു . മറിയാമ്മ ചേച്ചിയുടെ അവസ്ഥ കണ്ടിട്ട് സാറചേച്ചിക്ക് ഉറക്കം വരുന്നില്ല. ഒടുവില്‍ ഞങ്ങളുടെ ആര്‍.ഏസി സീറ്റിലേക്ക് അവര്‍ രണ്ടു പേരും വരികയും ഞങ്ങള്‍ക്ക് ബെര്‍ത്ത് തരികയും ചെയ്തു. കിടന്ന പാടെ ഷാബുവേട്ടന്‍ കൂര്‍ക്കം വലി തുടങ്ങി. താഴെ നിന്നും ഉത്തരേന്ത്യന്‍ അപ്പൂപ്പനും കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഞാന്‍ ഒരുവിധം കിടന്നുറങ്ങാന്‍ ശ്രമിച്ചു. ഏകദേശം ഒരു മണി കഴിഞ്ഞപ്പോള്‍ ഞാനൊന്നുണര്‍ന്നു നോക്കിയപ്പോള്‍ സാറച്ചേച്ചി ഇരുന്നു കഷ്ടപ്പെടുന്നു. മറിയാമ്മ ചേച്ചിയും ഉറങ്ങിയിട്ടില്ല. ഞാന്‍ താഴെ ഇറങ്ങി സാറചേച്ചിയോട് ബെര്‍ത്തില്‍ കിടന്നോളാന്‍ പറഞ്ഞു. ഞാന്‍ അവിടെ ഇരുന്നുറങ്ങി. ആ അമ്മമ്മാര്‍ രണ്ടുപേരും ആശ്വാസത്തോടെ കിടന്നു. പിറ്റേന്ന് ഞങ്ങള്‍ക്ക് ബെര്‍ത്ത് കണ്‍ഫേം ആയി. മഡ്ഗാവും രത്നഗിരിയുമൊക്കെ കടന്ന് ട്രെയിന്‍ കുതിച്ചു പാഞ്ഞു. ഇതിനിടയില്‍ വടാപ്പാവും, ബിരിയാണിയും, തക്കാളിസൂപ്പുമൊക്കെ ഞങ്ങള്‍ പരീക്ഷിച്ചിരുന്നു. 12ആം തീയതി ഉച്ചക്ക് ഒന്നരയോടെ ഞങ്ങള്‍ ഡല്‍ഹി നിസ്സാമുദീന്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും ടാക്സിയില്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്ന മഹാരാഷ്ട്രാ സദനിലേക്ക് പോയി. ഞങ്ങളെക്കാത്ത് അനുരാജ് ജി അവിടെയുണ്ടായിരുന്നു. ജെ.എന്‍.യു വില്‍ പോകാനായി അദ്ദേഹം കാത്തുനില്‍ക്കുകയാണ്. അവിടെ മൂന്നു മണിക്ക് എത്തേണ്ടതിനാല്‍ വേഗം തന്നെ ഞങ്ങള്‍ തയ്യാറായി അങ്ങോട്ടേക്ക് പുറപ്പെട്ടു. ഭാരതത്തിലെ പ്രസിദ്ധവും പ്രമുഖവുമായ സര്‍വ്വകലാശാലകളില്‍ ഒന്നാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല. മികച്ച പണ്ഡിതപ്രതിഭകള്‍ അവിടെ നിന്നും പഠിച്ചിറങ്ങുന്നുണ്ടെങ്കിലും രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംഘടനകളും അവിടെ ശക്തമായിരുന്നു. ഇന്ന് ആ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്. വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിനെ മുന്‍പേ പരിചയമുണ്ട്. ഞങ്ങള്‍ സര്‍വകലാശാലയിലേക്ക് പ്രവേശിച്ചു. വളരെ വിശാലമായ ക്യാമ്പസ്. സ്വാമിവിവേകാനന്ദന്റെ ദീര്‍ഘകായ പ്രതിമയും കണ്ട് ഞങ്ങള്‍ വൈസ് ചാന്‍സലറുടെ മുറിയില്‍ പ്രവേശിച്ചു. കുറച്ചു സമയം അവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേസരി കോണ്ക്ലേവിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. അവിടെ കുറച്ചു ചുറ്റി നടന്നു കാണുകയും അവിടെയുള്ള മലയാളിയുടെ കാന്റീനില്‍ നിന്നും ലഘുഭക്ഷണം കഴിക്കുകയും ചെയ്തതിനുശേഷം പിറ്റേന്നുള്ള പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മധുവേട്ടന്‍ വിളിച്ചതനുസരിച്ച് പോയി. ഡല്‍ഹി അശോകാ ഹോട്ടലില്‍ ആയിരുന്നു പരിപാടി. കേരളാ ഗവര്‍ണര്‍, കേന്ദ്രമന്ത്രിമാര്‍, പ്രഭാഷകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയചിന്തകര്‍ അങ്ങനെ കുറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഏതാണ്ട് ഇരുന്നോറോളം ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉണ്ടായിരുന്നു. അതില്‍ ഒരു സെഷനില്‍ കൃതജ്ഞത പറയുകയും ഗവര്‍ണറുടെ പരിപാടിയില്‍ വേദി പങ്കിടുകയും ചെയ്തു. അന്ന് രാത്രി അത്യാവശ്യം വിശ്രമിച്ചു. പിറ്റേന്ന് രാവിലെ തന്നെ കാശിയിലേക്ക് പുറപ്പെടണം. ദീര്‍ഘനാളത്തെ ആഗ്രഹം സഫലമാകുകയാണ്. അതും ഓര്‍ത്ത്‌ കിടന്നുറങ്ങി. രാവിലെ ആറു മണിക്ക് ഡല്‍ഹിയില്‍ നിന്നുള്ള വന്ദേഭാരത്‌ എക്സ്പ്രസ്സില്‍ ആണ് യാത്ര. ഞാനും മധുവേട്ടനും ഷാബുവേട്ടനും ഉണ്ട്. ഉച്ചക്ക് കൃത്യം രണ്ടുമണിക്ക് തന്നെ ട്രെയിന്‍ വാരാണസി സ്റ്റേഷനില്‍ എത്തി. അവിടെ ഞങ്ങളെകാത്ത് വിവേക് ഉപാധ്യായ എന്ന വിദ്യാര്‍ത്ഥി നില്‍പ്പുണ്ട്. മധുവേട്ടന്റെ സുഹൃത്തായ വിഷ്ണു എന്ന നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ അയച്ചതാണ്. വിഷ്ണു നാട്ടിലായതിനാല്‍ അയാളുടെ ഫ്ലാറ്റില്‍ ഞങ്ങള്‍ക്ക് താമസം ഏര്‍പ്പാട് ചെയ്തു. ഞങ്ങളെ കാശിയാത്രയില്‍ സഹായിക്കാന്‍ വിവേകിനെ ഏര്‍പ്പാട്ചെയ്യുകയും ചെയ്തിട്ടുണ്ട്. വിവേക് ഒരു ടാക്സിയില്‍ ഞങ്ങളെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നും ഏകദേശം പത്തു കിലോമീറ്റര്‍ ദൂരമുണ്ട്. വിവേകിനെകണ്ടപ്പോള്‍ തന്റെ അദ്ധ്യാപകന്റെ ആജ്ഞ അനുസരിക്കാതെ നിര്‍വ്വാഹമില്ലാത്ത കുട്ടിയെപ്പോലെ തോന്നി. അല്പം അലസതയുമുണ്ട്. ഞങ്ങളെ മുറിയില്‍ എത്തിച്ച ശേഷം നന്നായി വിശ്രമിക്കാനാണ് അയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പെട്ടെന്ന് തന്നെ നമുക്ക് ഗംഗയിലെക്ക് പോകണം ആരതി കാണണം എന്ന് മധുവേട്ടന്‍ പറഞ്ഞപ്പോള്‍ അവന്റെ മുഖമൊന്നു വാടി. അവന്‍ അര മണിക്കൂര്‍ സമയം ചോദിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവന്‍ വന്ന് ഞങ്ങളെ ഒരു ടാക്സിയില്‍ കാശിയിലെക്ക് കൊണ്ടുപോയി. വായിച്ചുള്ള അറിവ് മാത്രമാണ് എനിക്ക് കാശിയെക്കുറിച്ച് ഉണ്ടായിരുന്നത്. 'കാശീ സര്‍വ്വപ്രകാശികാ' എന്ന ആചാര്യസ്വാമികളുടെ വചനം എന്നില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ആത്മജ്ഞാനത്തിന്റെ പ്രകാശം പരക്കുന്ന ഭാരതഹൃദയഭൂമിയാണ് കാശി എന്ന് എന്റെ മനസ്സില്‍ ഉറച്ചിരുന്നു ബ്രഹ്മാത്മൈകത്വവിജ്ഞാനമാകുന്ന മോക്ഷത്തെ തരാന്‍ കെല്‍പ്പുള്ള പുണ്യഭൂമി. അനേക സംവത്സരങ്ങളുടെ പുണ്യം പേറുന്ന കാശിയെന്ന വാരാണസി ഭാരതീയ ആത്മീയപന്ഥാവുകളിലെ ഒഴിച്ചുകൂടാനാവാത്ത പേരാണ്. ശൈവധര്‍മ്മത്തിന്റെ അത്യുത്തമസ്ഥാനം മാത്രമല്ല വേദങ്ങളിലും ഉപനിഷത്തുകളിലും പരാമര്‍ശിക്കുന്ന പുണ്യപുരാതന നഗരം കൂടിയാണ് വാരാണസി. ഗംഗാനദിയുടെ വരുണ, അസി എന്നീ കൈവഴികളുടെ സംയോജിതരൂപമാണ് വാരാണസി എന്ന പേര്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും എല്ലാം പാടിപ്പുകഴ്ത്തിയ പുണ്യഭൂമി. സപ്തപുരികളില്‍ പ്രധാനപെട്ടത്. കാശിയില്‍ ചെന്നാല്‍ മോക്ഷം കിട്ടും എന്ന പ്രസിദ്ധ വാചകം ഓര്‍ത്ത്‌ പോയി. ശ്രുതിയുടെ അനുശാസനങ്ങളും, മനീഷാപഞ്ചകവുമെല്ലാം കാശിയുടെ തീരത്ത് എത്ര തവണ മുഴങ്ങിയിട്ടുണ്ടാകും !
കാശി എന്ന വാരാണസിയിലേക്ക് വിവേക് ഞങ്ങളെ കൊണ്ടുപോയി. തിരക്കുള്ള നഗരത്തിന്‍റെ ഇരുവശവും ധാരാളം കടകള്‍. മുന്‍പ് റോഡുകള്‍ വളരെ ഇടുങ്ങിയതായിരുന്നെന്നും ഇപ്പോള്‍ വാരാണസി വികസനത്തിന്റെ വഴിയിലെന്നും മനസ്സിലായി. സൈക്കിള്‍ റിക്ഷകള്‍ കുറഞ്ഞു. അവയ്ക്ക് പകരം ഇലക്ട്രിക് റിക്ഷകള്‍ ധാരാളമുണ്ട്. ബനിയാബാഗിലെ തിരക്കിലൂടെ സഞ്ചരിച്ച് ഞങ്ങളുടെ വണ്ടി മെല്ലെ ഒരു ജങ്ക്ഷനില്‍ നിന്നു. അവിടെ നിന്നും നടന്നു വേണം ഗംഗാതീരത്തെത്താന്‍. വളരെ തിരക്കേറിയ റോഡ്‌. അഞ്ച് മിഠായിത്തെരുവിന്റെ അത്രയും ജനക്കൂട്ടം. ഞങ്ങള്‍ ദശാശ്വമേധ ഘാട്ട് ലക്ഷ്യമാക്കി നടന്നു. വഴിയരുകില്‍ ബനാറസ് സില്‍ക്ക് വില്‍ക്കുന്ന കടകള്‍, പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, രുദ്രാക്ഷമാലകള്‍, പാത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, തെരുവുഭക്ഷണശാലകള്‍ എന്നിവ കാണാം. തിരക്കിലൂടെ കുറച്ചുദൂരം നടന്നു. വിശ്വനാഥക്ഷേത്ര ദര്‍ശനം പിറ്റേന്ന് നടത്താമെന്നും അന്ന് ഗംഗാ ആരതിക്കായി സമയം ചിലവാക്കമെന്നും ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അതിനു മുന്‍പേ വിശാലാക്ഷി ക്ഷേത്രത്തില്‍ പോകാനും തീരുമാനിച്ചു. വിവേകിന് വിശാലാക്ഷീ ക്ഷേത്രം അത്ര പരിചയമില്ല. ആരോടൊക്കെയോ ചോദിച്ച് അവന്‍ വഴി മനസ്സിലാക്കി. കുറെ ഇടുങ്ങിയ ഗലികളിലൂടെ ഞങ്ങള്‍ നടന്നു. ഗലികളില്‍ വീടുകള്‍, കടകള്‍ എന്നിവയുണ്ട്. ചില വഴികളിലൂടെ ചുറ്റിനടന്ന് ഒടുവില്‍ വിശാലാക്ഷി ക്ഷേത്രത്തിലെത്തി. മിര്‍ ഘട്ടിനടുത്തുള്ള ഈ ചെറിയ ക്ഷേത്രം ശക്തിപീഠമാണ്. സതീദേവിയുടെ കര്‍ണ്ണാഭരണം പതിച്ച സ്ഥലമായാണ് ഇത് അറിയപ്പെടുന്നത്. കുറെ വാചകങ്ങള്‍ തമിഴിലും അവിടെ എഴുതിവെച്ചിരുന്നു. തമിഴ്നാട്ടുകാരായ ചില ആളുകളെയും അവിടെ കണ്ടു. ദര്‍ശനം നടത്തിയ ശേഷം ഞങ്ങള്‍ ദശാശ്വമേധ ഘാട്ടിലേക്ക് നടന്നു. വാരാണസിയിലെ പ്രധാന ഘാട്ടുകളിലൊന്നായ ദശാശ്വമേധ ഘാട്ടിലാണ് ഗംഗാ ആരതി നടക്കുക. ബ്രഹ്മാവ്‌ പത്ത് അശ്വമേധയജ്ഞങ്ങള്‍ നടത്തിയ സ്ഥലമായതിനാലാണ് ആ പേര് വന്നത്. രുദ്രസരസ്സ് എന്നും ഇത് അറിയപ്പെട്ടിരുന്നു. തണുപ്പുകാലം ആയതിനാല്‍ നേരത്തെതന്നെ ഇരുട്ട് വീണുതുടങ്ങും. ഞങ്ങള്‍ ഘാട്ടില്‍ എത്തുമ്പോള്‍ ആരതി കാണാനായി സാമാന്യം നല്ലൊരു ജനക്കൂട്ടം സ്ഥാനം പിടിച്ചിരുന്നു. പണം കൊടുത്താല്‍ വള്ളത്തില്‍ ഇരുന്നു ആരതി ഭംഗിയായി കാണാം. ഞങ്ങള്‍ മൂന്നു പേരും ചായ കുടിച്ച ശേഷം കരയ്ക്ക് അപ്പുറമുള്ള ഒരു ബോട്ടില്‍ കയറിയിരുന്നു. അപ്പോഴേക്കും ഏതാണ്ട് ഇരുട്ട് വീണുകഴിഞ്ഞിരുന്നു. ആരതിയ്ക്കുള്ള പൂജകന്മാര്‍ അവരുടെ തനതുശൈലിയില്‍ ഗംഗയ്ക്ക് അഭുമുഖമായി നില്‍പ്പുണ്ട്. ശംഖധ്വനികള്‍ ഉച്ചത്തില്‍ മുഴങ്ങി. ശിവസ്തുതികളും ഭജനകളും അന്തരിക്ഷത്തില്‍ അലയടിച്ചു. ഭക്തിനിര്‍ഭരമായ ആ സായാഹ്നത്തില്‍ ഗംഗാദേവിയെ ധൂപദീപാദികള്‍ കൊണ്ട് ആരതി നടത്തുന്ന മനോഹരമായ കാഴ്ച ഞങ്ങള്‍ കണ്ടു. ആരതി നാല്‍പ്പതു മിനിറ്റോളം നീണ്ടു. ജനങ്ങള്‍ ഭക്തിയോടെ ഗീതങ്ങള്‍ ഏറ്റുപാടുന്നത് കേള്‍ക്കാം. ഇത് എല്ലാ ദിവസവും ഈ കടവില്‍ നടക്കുന്നതാണ്. തണുപ്പുള്ള ആ ഇരുണ്ട അന്തരിക്ഷത്തില്‍ ദീപാലന്കൃതമായ ആരതി കണ്ണിനും മനസ്സിനും ശാന്തി നല്‍കുന്ന കാഴ്ചയാണ്.
ആരതി പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ മെല്ലെ ബോട്ടില്‍ നിന്നും കരയിലേക്ക് കയറി . അവിടെ നിന്നും അടുത്ത ഘാട്ടുകളിലേക്ക് പതിയെ നടന്നു. ധാരാളം വിദേശികളെ അവിടെ കണ്ടു. പിന്നെ കുറെ കാവിവസ്ത്രം ധരിച്ച വൃദ്ധരും ചെറുപ്പക്കാരും ഒക്കെ അവിടെയുണ്ട്. അതില്‍ ശരിയായ ആദ്ധ്യാത്മികമാര്‍ഗ്ഗം പിന്തുടരുന്നവരും അല്ലാത്തവരും ഉണ്ടാകാം. ഘാട്ടുകള്‍ താരതമ്യേനെ വൃത്തിയായാണ് സൂക്ഷിച്ചിരുന്നത്. പണ്ട് ഇങ്ങനെയല്ലായിരുന്നു എന്നും ഇപ്പോഴാണ് മാറ്റം വന്നതെന്നും ഷാബുവേട്ടന്‍ പറഞ്ഞു. നടന്നുനടന്നു ഞങ്ങള്‍ മുന്നിലേക്ക് ചെന്നപ്പോള്‍ കുറെ ചിതകള്‍ എരിയുന്ന കാഴ്ച കണ്ടു. ഇതാണോ മണികര്‍ണ്ണികയെന്നു ഞാന്‍ സംശയിച്ചെങ്കിലും ഹരിശ്ചന്ദ്ര ഘാട്ടാണ് അത് എന്ന് മനസ്സിലായി. ശ്മശാനഘാട്ടായ ഹരിശ്ചന്ദ്രഘാട്ട് രാജാ ഹരിശ്ചന്ദ്രന്റെ പേരിലാണ് അറിയപ്പെടുന്നത്. തന്റെ രാജ്യവും കിരീടവും മകനെയും നഷ്ടപ്പെട്ട് ശ്മശാനത്തില്‍ ശവസംസ്കാരകന്‍ ആകേണ്ടി വന്ന മഹാനായ ഹരിശ്ചന്ദ്രന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ആ ഘാട്ടില്‍ ചേതനയറ്റ ശരീരങ്ങള്‍ എരിഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ചിലരുടെ സംസ്കാരചടങ്ങുകള്‍ നടക്കുന്നുണ്ടായിരുന്നു. ശവശരീരം പൂക്കള്‍ കൊണ്ട് അലങ്കരിച്ച് പട്ടുപൊതിഞ്ഞു ഗംഗാതീരത്ത്‌ വയ്ക്കും. ഗംഗയില്‍ നിന്നും ജലം തളിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം തയ്യാറാക്കിവെച്ച ചിതയിലേക്ക് ശരീരം വയ്ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. മധുവേട്ടന്‍ ആ രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ഞാന്‍ അവയെല്ലാം നോക്കിനിന്നു. അവിടെ ആടുകളെയും പശുക്കളെയും കാണാം. ഈ മൃതദേഹങ്ങളില്‍ ചാര്‍ത്തുന്ന പൂക്കള്‍ അവ കടിച്ചെടുത്തു തിന്നുന്നത് കണ്ടു. ജീവനുള്ളതില്‍ ചാര്‍ത്തിയാല്‍ പോലും വാടുന്ന പുഷ്പങ്ങള്‍ മൃതദേഹത്തിനു അലങ്കാരമായി കണ്ടാലും ആടുമാടുകള്‍ക്ക് കേവലം വിശപ്പടക്കാനുള്ള ഭക്ഷണം മാത്രം! എരിയുന്ന ചിതയില്‍ നിന്നും പുറത്തേക്ക് തെറിക്കുന്ന പൂക്കളും ഈ ആടുകള്‍ തിന്നുന്നത് കണ്ടു. അതില്‍ ഒരു ആട് ചിതയില്‍ നിന്നും ഒരു പൂമാല കടിച്ചെടുത്തു. അതില്‍ ചുവന്നുതിളങ്ങുന്ന കുറച്ച് കനലുകള്‍ കൂടി ഉണ്ടായിരുന്നു. പൂവിന്റെ നിറമെന്നു തെറ്റിദ്ധരിച്ച് ആ കനലുകള്‍ വായിലേക്ക് ആക്കിയ ആട് ഒരു നിമിഷം പൊള്ളലേറ്റ് വേദനിച്ചതായി തോന്നി. മനുഷ്യനും ഇതുപോലെയാണ്. അതല്ലാത്തതിനെ അതായിക്കാണുന്ന അധ്യാസത്താല്‍ മനുഷ്യനും ദുഃഖമനുഭവിക്കുന്നു. രജ്ജുസര്‍പ്പവും കാനല്‍ജലവും ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി. ഞങ്ങള്‍ കുറച്ചധികം സമയം അവിടെ ചിലവാക്കി. വിവേക് ഇതെല്ലം കണ്ട് ആകെ അസ്വസ്ഥനായിരുന്നു. എങ്ങനെയെങ്കിലും പോയാല്‍ മതിയെന്ന ചിന്തയായിരുന്നു അയാള്‍ക്ക്. കുറെ നേരത്തിനു ശേഷം ഞങ്ങള്‍ തിരിഞ്ഞു നടന്നു. ദശാശ്വമേധഘാട്ടിലൂടെ പുറത്തേക്ക് കടന്ന് ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് മുറിയിലേക്ക് മടങ്ങി.
പിറ്റേന്ന് രാവിലെ വാരാണസി കാണുവാന്‍ വേണ്ടി വിഷ്ണു ഞങ്ങള്‍ക്ക് ഒരു ഡ്രൈവറെ ഏര്‍പ്പാട് ചെയ്തിരുന്നു. സന്തോഷ്‌ യാദവ് എന്നാണ് അയാളുടെ പേര്. വളരെ മാന്യനായ അയാള്‍ക്ക് വിവേകിനെക്കാള്‍ കൂടുതല്‍ ഞങ്ങളെ വഴികാട്ടാനാകും എന്ന് മനസ്സിലായി. രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ അന്നത്തെ യാത്ര ആരംഭിച്ചു. ആദ്യം കാശി വിശ്വനാഥക്ഷേത്രമാണ് കാണേണ്ടത്. വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഞങ്ങള്‍ വിശ്വനാഥക്ഷേത്രത്തിന്റെ നാലാം ഗേറ്റിലേക്ക് നടന്നു. അപ്പോഴും വഴിയില്‍ തിരക്കിനു കുറവൊന്നുമില്ല. നടന്നു ഞങ്ങള്‍ നാലാം ഗേറ്റില്‍ എത്തി. ഫോണ്‍, ചെരിപ്പ് എന്നിവ ലോക്കറില്‍ വെച്ച ശേഷം നേരെ ക്ഷേത്രത്തിലേക്ക്. വിവേക് ആരോടോ പറഞ്ഞ് ദര്‍ശനത്തിനു വ്യവസ്ഥ ചെയ്തിരുന്നു. അങ്ങനെ ഞങ്ങള്‍ നാലാം ഗെയ്റ്റിലൂടെ അകത്തു കടന്നപ്പോള്‍ ഒരു വശത്ത്‌ ഗ്യാന്‍വാപി മസ്ജിദ് കണ്ടു.
അനേകം ആക്രമണങ്ങളെ നേരിടേണ്ടി വന്ന സ്ഥലമാണല്ലോ കാശി. തുര്‍ക്കികളും മുഗളന്മാരും പലതവണ ആക്രമിച്ച് ഒടുവില്‍ ക്രൂരനായ ഔറംഗസീബ്‌ തച്ചുടച്ച ജ്യോതിര്‍ലിംഗക്ഷേത്രമാണ് കാശി. ആക്രമണസമയത്ത് ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ സ്ഥാനമായ ഗ്യാന്‍വാപിയിലെ കിണറിലേക്ക് ശിവലിംഗവുമായി പൂജകന്‍ ചാടി എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ആനന്ദവനമെന്നും മഹാശ്മശാനമെന്നും പുകള്‍പെറ്റ കാശിയെ ഇല്ലാതെയാക്കാന്‍ അദൃശ്യരായ ഋഷിദേവതാദികള്‍ സമ്മതിക്കുകയില്ലല്ലോ. 1780ല്‍ ഭാരതത്തിന്‍റെ വീരപുത്രിയായ റാണി അഹല്യാ ബായ് ഹോള്‍ക്കര്‍ കാശി ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. പിന്നീട് സിഖ് രാജാവായ രഞ്ജിത്ത് സിംഗ് ഒരു ടണ്‍ സ്വര്‍ണ്ണം കൊണ്ട് ക്ഷേത്രത്തിന്റെ ഗോപുരവും പണിതു. പുരാതന ക്ഷേത്രം തകര്‍ത്തുവെങ്കിലും ഗ്യാന്‍വാപിയിലേക്ക് നോക്കിക്കിടക്കുന്ന നന്ദികേശ്വരവിഗ്രഹം ഒരു സ്മാരകമെന്നവണ്ണം ഇപ്പോഴും അവിടെയുണ്ട്. നാലാം ഗെയ്റ്റിലൂടെ പ്രവേശിച്ചതിനാല്‍ അധികം ക്യൂ നില്‍ക്കാതെ ഞങ്ങള്‍ അകത്തു കയറി. പഞ്ചാക്ഷരിമന്ത്രം ഉരുവിട്ടും ശിവസ്മരണയോടെയും ഞങ്ങള്‍ ശ്രീ വിശ്വനാഥദര്‍ശനം നടത്തി. ഉപദേവതകളെയും നന്ദികേശ്വരനെയും നമസ്കരിച്ച് കുറച്ചു സമയം അവിടെ കണ്ണടച്ചിരുന്നു ജപിച്ചു. അവിടെ നിന്നും പുറത്തേക്ക് പ്രധാന ഗെയ്റ്റിലേക്ക് ഇറങ്ങുമ്പോള്‍ കാശി കോറിഡോര്‍ കാണാം. അഹല്യാബായിക്കും രഞ്ജിത്ത്സിംഗിനും ശേഷം കാശിക്ക് കാതലായ മാറ്റം കൊണ്ടുവരാനുള്ള നിയോഗം പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കാണുണ്ടായത് എന്നത് ഈശ്വരനിശ്ചയമാകാം. ഗല്ലികള്‍ കൊണ്ടുമൂടിയതും വൃത്തിഹീനമായതുമായ പഴയ കാശിയില്‍ നിന്നും എസ്കലേറ്റര്‍, ഫുഡ് കോര്‍ട്ട്, മാര്‍ബിള്‍ പാകിയ നിലം, മനോഹരമായ വിഗ്രഹങ്ങള്‍, വിശ്രമസ്ഥാനങ്ങള്‍, ശൌചാലയങ്ങള്‍ എന്നിവയോടെക്കെ കൂടിയ കോറിഡോറില്‍ കൂടി നടന്നാല്‍ പടവുകള്‍ ഇറങ്ങി നേരെ ഗംഗയിലേക്കിറങ്ങാം. ആദിശങ്കരന്റെയും അഹല്യാഹോള്‍ക്കറിന്റെയും ഭാരതമാതാവിന്റെയും മനോഹരമായ പ്രതിമകള്‍ കോറിഡോറില്‍ കാണാം. ഘാട്ടുകളെയെല്ലാം ഈ കോറിഡോര്‍ ബന്ധിപ്പിക്കുന്നു. അതിനടുത്ത് തന്നെയാണ് മണികര്‍ണ്ണിക ഘാട്ട്. മണികര്‍ണ്ണികയിലേക്ക് ഞങ്ങള്‍ നടന്നു. ആ കാഴ്ചകള്‍ പിന്നീട് പറയാം. അവിടെ നിന്നും ഞങ്ങള്‍ ഫുഡ്കോര്‍ട്ടിലെത്തി പ്രഭാതഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങി. ഇനി പോകേണ്ടത് കാലഭൈരവ ക്ഷേത്രത്തിലേക്കാണ്. വളരെ ഇടുങ്ങിയ വഴികള്‍. വിവേക് അവിടെ ഇതുവരെ പോയിട്ടില്ല. അതിനാല്‍ ഞങ്ങള്‍ വഴി ചോദിച്ചു നടന്നു. കുറെ ഗലികളിലൂടെ നടന്നു ഒടുവില്‍ ക്ഷേത്രത്തിലെത്തി. ചെറിയ ക്യൂ ഉണ്ടായിരുന്നു. ഗലികള്‍ക്കിടയില്‍ ഒരു ചെറിയ ക്ഷേത്രം. കാലഭൈരവന്‍ കാലാതീതപ്രഭാവത്തോടെ കാശിയുടെ കാവല്‍ക്കാരനായി അവിടെ വിലസുന്നു. നായയാണ്‌ ഭൈരവന്റെ വാഹനം. ധാരാളം നായ്ക്കളെ അവിടെ കാണാം. പണ്ട് ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍ കുറെ നായ്ക്കള്‍ എവിടെനിന്നൊക്കെയോ പാഞ്ഞുവരികയും അക്രമികളെ തുരത്തുകയും ചെയ്തു എന്ന് ഷാബുവേട്ടന്‍ പറഞ്ഞു. വളരെ ഇടുങ്ങിയ ക്യൂവിലൂടെ ഞങ്ങള്‍ മെല്ലെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. ആളുകൾ കറുത്ത ചരടുകള്‍ അവിടെ പൂജിച്ച് കെട്ടുന്നത് കാണാം. ഭൈരവനെ നമസ്ക്കരിച്ച് ഞങ്ങള്‍ പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് ചെന്നു. സന്തോഷ്‌ യാദവ് അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു.
ആദ്യം ഞങ്ങള്‍ പോയത് ഭാരത്‌ മാതാ മന്ദിറില്‍ ആയിരുന്നു. തലേ ദിവസം മുതല്‍ അവിടം സന്ദര്‍ശിക്കണം എന്ന് മധുവേട്ടന്‍ പറയുന്നുണ്ടായിരുന്നു. ഭാരതമാതാവിന്റെ സങ്കല്പത്തില്‍ അഖണ്ഡഭാരതത്തെ മനോഹരമായി വിവിധ പ്രദേശങ്ങള്‍ വിസ്തരിച്ചുകൊണ്ട് മാര്‍ബിളില്‍ കൊത്തിവെച്ചിരിക്കുന്നത് അവിടെ കാണാം. അവിടെ നിന്നും ഞങ്ങള്‍ പോയത് ദുര്‍ഗാകുണ്ഡ് ക്ഷേത്രത്തിലാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ബംഗാളി റാണിയായ ഭബാനി പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. അതിനു സമീപമായി ഗംഗയോട് പഴയകാലത്ത് ചേര്‍ന്നിരുന്ന ഒരു കുളമുണ്ട്. അവിടെ തൊഴുത് ഞങ്ങള്‍ രാംനഗര്‍ കോട്ടയിലേക്ക് പോയി. സമയം കുറവായിരുന്നതുകൊണ്ട് സങ്കട്മോചന ഹനുമാന്‍ ക്ഷേത്രവും സാരനാഥും ഒഴിവാക്കേണ്ടി വന്നു. രാംനഗര്‍ കോട്ടയില്‍ മ്യൂസിയമുണ്ട്. പഴയകാലത്തെ രാജാക്കന്മാരുടെയും ബ്രിട്ടീഷുകാരുടെയും സാമഗ്രികളും ആയുധങ്ങളും മറ്റും അവിടെ സൂക്ഷിച്ചിട്ടുണ്ട്. മധുവേട്ടന്‍ അതെല്ലാം വിസ്തരിച്ച് നോക്കി മനസ്സിലാക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയം അതിക്രമിച്ചിരുന്നു. ഭക്ഷണം കഴിച്ച ശേഷം ബോട്ടിംഗ് നടത്താന്‍ പോകാം എന്ന് തീരുമാനിച്ചു. സന്തോഷ്‌ യാദവ് യു.പി ഭക്ഷണം കഴിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. ബാട്ടി ചോഖി നല്ലതാണ് എന്നും അത് കിട്ടുന്ന കടയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞു വണ്ടി വിട്ടു. കുറച്ച് അകലെ ബാട്ടി ചോഖി ഹോട്ടലില്‍ ഞങ്ങളെത്തി. പനീര്‍ ബാട്ടിയും ചോഖിയും ഓര്‍ഡര്‍ ചെയ്തു. തനി നാടന്‍ യു.പി ഭക്ഷണം ആണ് ബാട്ടി. ഗോതമ്പ് കൊണ്ടുള്ള ഒരു ഉണ്ടയ്ക്കുള്ളില്‍ പനീര്‍ നിറച്ചിട്ടുണ്ട്. അതോടൊപ്പം ചോഖി അതായത് കിഴങ്ങും മറ്റുചിലതും ചേര്‍ത്തുള്ള ഒരു രുചികരമായ കറി. വട്ടയില പോലൊരു ഇലയിലാണ് വിളമ്പിയത്. വെള്ളം മുതാലയവ മണ്ണുകൊണ്ടുണ്ടാക്കിയ പാത്രത്തിലാണ് കുടിക്കാന്‍ തരിക. അവിടെയെല്ലാം അത് പൊതുവായി കണ്ടു. ഒരുതവണ മാത്രമേ അത് ഉപയോഗിക്കുകയുമുള്ളു. നല്ല രുചികരമായ ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ അവിടെ നിന്നിറങ്ങി. വിവേകിന് ആകെ മടുപ്പുണ്ടായിട്ടുണ്ട്. അവനെ പറഞ്ഞയക്കാന്‍ തീരുമാനിച്ചു. രണ്ടു ദിവസമായി പാവം ഞങ്ങളെ സഹിക്കുന്നു. തുടര്‍ന്നുള്ള യാത്രക്ക് കൂടെ വരാം എന്ന് സന്തോഷ്‌ യാദവും പറഞ്ഞു. അങ്ങനെ വിവേകിനെ ഒരിടത്തിറക്കി ഞങ്ങള്‍ വീണ്ടും ദശാശ്വമേധഘാട്ടിലേക്ക് നടന്നു. വൈകുന്നേരമായതിനാല്‍ തിരക്ക് കൂടിയിരുന്നു. യാദവിനോട് ഞങ്ങള്‍ക്കൊപ്പം വന്നു ബോട്ട് ഉടമകളോട് വിലപേശണം എന്ന് പറഞ്ഞിരുന്നു. പരിചയമില്ലാത്തവരെ ഉയര്‍ന്ന തുക ആവശ്യപ്പെട്ട് പറ്റിക്കാന്‍ സാധ്യതയുണ്ടല്ലോ. ആദ്യം ചോദിച്ച കുറെ ബോട്ടുകാര്‍ വളരെ ഉയര്‍ന്ന തുക ചോദിച്ചു. ഒടുവില്‍ രണ്ട് ചെറുപ്പക്കാര്‍ ഞങ്ങള്‍ പറഞ്ഞ തുകയ്ക്ക് സമ്മതിച്ചു. ബോട്ടില്‍ യാത്ര ചെയ്ത് എല്ലാ ഘാട്ടുകളും കാണുന്നത് അവിടുത്തെ ഒരു പ്രധാനവിനോദമാണ്‌. ഒരു ഘാട്ടില്‍ നിന്നും തുടങ്ങി എല്ലാ ഘാട്ടുകളും കണ്ടു തുടങ്ങിയിടത്തു തന്നെ എത്തിച്ചേരും. ഓരോ ഘാട്ടിനും ഓരോ ചരിത്രം പറയാനുണ്ടാകും. ആ ചരിത്രകഥയുടെ അവശിഷ്ടമെന്നവണ്ണം ഓരോരോ മുദ്രകള്‍ അങ്ങിങ്ങായി കാണാം. അവയുടെ പേരുകള്‍ പോലും പല സംഭവങ്ങളുമായി ഇഴ ചേര്‍ന്ന് കിടക്കുന്നു. ഒരു പുരാതന നാഗരികതയുടെ അടയാളങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് വാരാണസിയിലെ ഘാട്ടുകള്‍ നിലകൊള്ളുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള ക്ഷണികമുഹൂര്‍ത്തങ്ങളില്‍ അനുഭവിച്ചറിയേണ്ടതായ ചില നിമിഷങ്ങള്‍ വാരാണസി സമ്മാനിക്കുന്നു. ബോട്ട് ചിലപ്പോള്‍ വേഗത്തിലും ചില ഘാട്ടുകള്‍ക്ക് സമീപം മേല്ലെയും സഞ്ചരിച്ച് ദൃശ്യങ്ങള്‍ കാട്ടിത്തന്നു. അസ്തമയസൂര്യന്റെ കിരണങ്ങള്‍ ഗംഗയുടെ ഓളങ്ങളെ സ്വര്‍ണ്ണവര്‍ണ്ണമാക്കി. മണികര്‍ണ്ണികയോട് അടുത്തപ്പോള്‍ ബോട്ടിന്റെ വേഗത കുറഞ്ഞു. ഉയര്‍ന്നുപൊങ്ങുന്ന പുകപടലങ്ങള്‍ ദൂരെ നിന്നും കാണാം. അനേകം ചിതകള്‍ അവിടെ എരിഞ്ഞുകൊണ്ടിരിക്കുന്നു. പുതിയ ചിതകള്‍ തയ്യാറായിക്കൊണ്ടുമിരിക്കുന്നു. ബോട്ട് ഘാട്ടിനോട് അടുപ്പിച്ചു. മരണത്തിന്റെ കാഹളവും വൈരാഗ്യത്തിന്റെ ഗന്ധവും പേറുന്ന ശ്മശാനദൃശ്യം അടുത്തുകണ്ടു. ബോട്ട് യാത്ര അവസാനിപ്പിച്ച് തുടങ്ങിയ ഇടത്ത് തന്നെ എത്തി. ഞങ്ങള്‍ മെല്ലെ മണികര്‍ണ്ണികയിലേക്ക് നടന്നു. അവിടെ അഘോരികളെ കാണാന്‍ കഴിയുമോ എന്ന് ഞാന്‍ സന്തോഷ്‌ യാദവിനോട് ചോദിച്ചു. ചോദ്യം കേട്ടപ്പോള്‍ തന്നെ അയാള്‍ ഭയപ്പെട്ടു. അവിടെ അവര്‍ ഉണ്ട് പക്ഷെ ഞാന്‍ വരില്ല എനിക്ക് പേടിയാണ് എന്നയാള്‍ പറഞ്ഞു. അയാള്‍ ഘാട്ടിലേക്കും വരാന്‍ തയ്യാറായില്ല. എന്താണ് കാരണമെന്ന് ഞാന്‍ ചോദിച്ചു. അവിടെ കുറെ ആളുകളെ ദഹിപ്പിക്കുന്ന ഇടമല്ലേ. ആത്മാക്കള്‍ ധാരാളമുണ്ടാകും. അതില്‍ ഏതെങ്കിലുമൊക്കെ നമ്മളെ ബാധിക്കാം. ഞാന്‍ അങ്ങോട്ടില്ല. നിങ്ങള്‍ പോയി കണ്ടു വരൂ, അതുവരെ ഞാനിവിടെ നില്‍ക്കാം എനിക്ക് ഭയമാണ് എന്നുപറഞ്ഞ് അയാള്‍ അവിടെ നിന്നു. ഞങ്ങള്‍ മൂന്നുപേരും ഘാട്ടിലേക്ക് നടന്നു.
രാവിലെ ക്ഷേത്രദര്‍ശനമെല്ലാം കഴിഞ്ഞ് ഞങ്ങള്‍ മണികര്‍ണ്ണികയില്‍ പോയിരുന്നല്ലോ. ആ സമയം അവിടെ പത്തുപതിനഞ്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരു കാഴ്ച എന്റെ ശ്രദ്ധയില്‍ പെട്ടു. മിക്കവാറും എല്ലാ ദേഹങ്ങളുടെയും കാല്‍പാദം പുറത്തേയ്ക്ക് വച്ചാണ് കത്തിക്കുന്നത്. ഞാന്‍ ഘാട്ടിലേക്ക് നടന്നു വരുമ്പോള്‍ ഒരാള്‍ ചിതയിലെ എരിയുന്ന മൃതദേഹം നീക്കിനീക്കി ഇടുന്നുണ്ടായിരുന്നു. അതില്‍ ഒന്നില്‍ എന്റെ കണ്ണുടക്കി. ഒരു ചെറിയ പെണ്‍കുട്ടിയുടെ കാല്‍പാദം. അതില്‍ മനോഹരമായ ഒരു പാദസരം കണ്ടു. ആ പാദം ചായംതേച്ച്‌ അലങ്കരിച്ചിരുന്നു. പുറത്തേക്ക് തള്ളി നിന്ന ആ പാദത്തില്‍ ചെറിയ രക്തക്കറയും കണ്ടു. ഏതാണ്ട് ബാക്കി ഭാഗങ്ങളില്‍ അഗ്നി പടര്‍ന്നു കയറിയിരുന്നു. സംസ്ക്കാരം നടത്തുന്ന ആള്‍ ഒരു വടികൊണ്ട് പാദസരമണിഞ്ഞ ആ പാദം മടക്കി അഗ്നിയിലേക്ക് തള്ളിവെച്ചു. ഒടുവില്‍ അതും എരിഞ്ഞടങ്ങി. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവരുടെ മൃതദേഹം അവിടെ എരിയുന്നുണ്ട്‌.
നേരം ഇരുട്ടിയാല്‍ മണികര്‍ണ്ണികയ്ക്ക് ഒരു ഭീകരാന്തരിക്ഷം ആണ്. നാല്പതോളം ചിതകള്‍ ഒരേ സമയം അങ്ങിങ്ങായി എരിഞ്ഞുകൊണ്ടേ ഇരിക്കുന്നത് കാണാം. രാമനാമ് സത്യ ഹേ എന്നുറക്കെ പറഞ്ഞുകൊണ്ട് ബന്ധുജനങ്ങള്‍ മൃതദേഹങ്ങള്‍ കൊണ്ടുവരും. ഗംഗയില്‍ നിന്നും ജലം തളിച്ച് തലമുണ്ഡനം ചെയ്ത കര്‍മ്മി അന്ത്യകര്‍മ്മങ്ങള്‍ നടത്തി ദേഹം ചിതയില്‍ വെച്ച് അഗ്നിക്ക് സമര്‍പ്പിക്കും. 'വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം ഓം ക്രതോ സ്മര കൃതം സ്മര ക്രതോ സ്മര കൃതം സ്മര' 'അഗ്നേ നയ സുപഥാ രായേ അസ്മാന്വിശ്വാനി ദേവ വയുനാനി വിദ്വാൻ യുയോധ്യസ്മജ്ജുഹുരാണമേനോ ഭൂയിഷ്ഠാം തേ നമഉക്തിം വിധേമ" എന്ന ഈശാവാസ്യോപനിഷത്തിലെ മന്ത്രങ്ങള്‍ എന്റെ മനസ്സില്‍ നിറഞ്ഞു. അഘോരികളെപ്പോലെ തോന്നിക്കുന്ന രണ്ടുമൂന്നു പേര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. ആ മാര്‍ഗ്ഗത്തില്‍ യഥാര്‍ത്ഥത്തില്‍ ചരിക്കുന്നവരെ കാണുക പ്രയാസമാണ്. പല വേഷംകെട്ടലുകളും ഉള്ളതിനാല്‍ കണ്ടവരുടെ അടുത്തേക്ക് പോയില്ല. പുറകുവശത്തെ ചെറിയ ഇടുക്കളില്‍ ചിലര്‍ ഇരുപ്പുണ്ടായിരുന്നു. അവരോട് അഘോരിബാബയെക്കുറിച്ച് ചോദിച്ചു. മറുപടി പറയാന്‍ തുടങ്ങിയ ആളെ അടുത്തിരുന്ന ആള്‍ തടയാന്‍ ശ്രമിച്ചു. എങ്കിലും അയാള്‍ പറഞ്ഞു. അഘോരി ബാബ ഇപ്പോള്‍ ഇവിടില്ല രാത്രിയെ വരികയുള്ളു. നമസ്തെ പറഞ്ഞു ഞാന്‍ വീണ്ടും നടന്നു. ആ കെട്ടിടത്തിനു മുകളിലും അനേകം ശവശരീരങ്ങള്‍ എരിയുന്നുണ്ടായിരുന്നു. മണികര്‍ണ്ണിക തരുന്നത് ശ്മശാനവൈരാഗ്യമല്ല ശരിയായ വൈരാഗ്യത്തെ ഉണര്‍ത്താന്‍ ശിവശക്തിഭൂമിയായ ഈ പുണ്യസങ്കേതത്തിനു കഴിയും എന്ന് മനസ്സിലായി. ദൂരെ നിന്ന് നോക്കിയാല്‍ മണികര്‍ണ്ണിക ഒരു ക്ഷേത്രം പോലെ തോന്നും. അനേകം മണ്‍ചിരാതുകള്‍ കത്തിച്ചുവെച്ച ഒരു മഹനീയക്ഷേത്രം. ശരീരമാകുന്ന മണ്‍ചിരാതുകള്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന കാലകാലന്റെ മഹാക്ഷേത്രം. മരണം അതിന്റെ അന്തകനെ കാണുന്ന മൃത്യുഞ്ജയതീര്‍ത്ഥം. ശിവനും ശക്തിയും നടമാടുന്ന മഹാശ്മശാനം. വിഷയവാസനകള്‍ എരിഞ്ഞടങ്ങി വൈരാഗ്യത്തിന്റെ മഹാഗരിമ നല്‍കുന്ന പുണ്യക്ഷേത്രം. അവിടെ നിന്നും ആര്‍ജ്ജിക്കുന്ന വൈരാഗ്യം മനസ്സിനെ ഉപരതിയിലേക്ക് കൊണ്ടുപോകുന്നു. വൈരാഗ്യോപരതിയുടെ പൂര്‍ണ്ണത നല്‍കുന്ന മഹാശ്മശാനം ആനന്ദവനമായി മാറുന്നു. കാശിയെന്ന ബ്രഹ്മാനന്ദവനം. അവിടെ ലോകമില്ല ജ്ഞാനാലോകം മാത്രം. അവിടെ പ്രപഞ്ചസ്ഫുരണമില്ല ചിത്വിലാസം മാത്രം. അവിടെയറിവു വിലസുന്നു നിജരൂപമായ് രണ്ടാമതൊന്നില്ലതനന്താനന്ദബോധമാത്രം!

Comments

അസ്സൽ വിവരണം. ആരതിയും വിരതിയും അനുഭവിപ്പിക്കുന്ന വിവരണം. സൂക്ഷ്മമായി... രണ്ടു മാസം മുമ്പ് കണ്ട കാഴ്ചകളിൽ പലതും വിണ്ടും കൺമുന്നിൽ. നന്ദി ഹരീ
...
Shaji said…
🙏🙏🙏
Anonymous said…
കാശി ഇതുവരെ കണ്ടിട്ടില്ല.. പക്ഷേ ഇപ്പൊ കണ്ടപോലെ ഒരു തോന്നൽ..

Popular Posts