സന്തൂറിന്റെ മനോഹരമായ നാദം എന്റെ കര്‍ണ്ണങ്ങളില്‍ പതിച്ചുകൊണ്ടേയിരുന്നു. ഒരു തുള്ളി മഴക്കായ്‌ കൊതിച്ച ഭൂമിക്ക് ഈ കൊടും വേനലില്‍ ഈ സംഗീതം ആശ്വാസമായിരിക്കാം. ഭാവങ്ങളും അഭാവങ്ങളും മാറി മാറി പ്രകടമാക്കി ആ മനോഹര നാദം മനസ്സിന്റെ അനുഭവമണ്ഡലം ഓരോന്നായി കടന്നു. പഞ്ചേന്ദ്രിയങ്ങള്‍ക്ക് സാധ്യമാകുന്ന ആസ്വാദന തലങ്ങള്‍ക്കപ്പുറം സംഗീതം ഒരുവനെ എത്തിക്കുന്നു. ദ്വൈത ഭാവനകളുടെ നിറക്കൂട്ടുകള്‍ മനസ്സില്‍ കൊരിയിട്ടുകൊണ്ട് ആ നാദവീചികള്‍ മനസ്സിന്റെ തീരത്തെ പുല്കിക്കൊണ്ടിരുന്നു . ആ നനവ്‌ ഏതൊരു വേദനക്കും സംഹാരിയായ്‌ കനവുകളുടെ പുല്‍ത്തകിടിയിലെ മഞ്ഞുകണങ്ങളായി വിരാജിച്ചു. കണ്ണുകള്‍ ആ ധ്വനികളുടെ മാസ്മരികതയില്‍ നിറഞ്ഞു തുളുമ്പി. ചിന്താതരംഗങ്ങള്‍ പരസ്പരം ബന്ധിക്കപെട്ട പ്രകാശ രശ്മികളെപോലെ ദേശകാലങ്ങളില്‍ സഞ്ചരിച്ചു. ശാന്തമായ കാറ്റിന്റെ മൃദുസ്പര്‍ശം പോലെ വിലംബിത താളം അദ്വൈത സാക്ഷാത്കാരത്തില്‍ പര്യവസാനിച്ചു.


Comments