നിയോഗം



നാം ഓരോരുത്തരും അവരവരുടേതായ കര്‍മ്മങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരാണ്. അതിനാല്‍ തന്നെ ആരും വലിയവനും ചെറിയവനും ആവുന്നില്ല. പലപ്പോഴും നമുക്ക് ചെയ്യാന്‍ കഴിയാതെ പോയി എന്ന് പലതിനെക്കുറിച്ചും നമ്മള്‍ വ്യാകുലപ്പെടാറുണ്ട്. എന്നാല്‍ ഒരുവനാല്‍ ചെയ്യപ്പെടേണ്ട ഒരു പ്രവര്‍ത്തി അവന്‍ ഏതൊക്കെ ദുര്‍ഘടമായ സാഹചര്യങ്ങളില്‍ കൂടി കടന്നു പോയിട്ടാണെങ്കിലും ചെയ്തേ തീരു. എല്ലാത്തിനും അതിനു കടന്നു പോകേണ്ട അവസ്ഥകളിലൂടെ സഞ
്ചരിച്ചേ മതിയാവൂ. എന്താണോ സംഭവിക്കേണ്ടത് അതിനുള്ള സാഹചര്യം പ്രകൃതി അനുകൂലമാക്കിത്തരും എന്നത് അനുഭവമാണ്. ആ സംഭവിക്കേണ്ട കാര്യത്തില്‍ നിയോഗിക്കപ്പെട്ടവരുടെ കര്‍മ്മമനുസരിച്ചു സുഖമോ ദുഖമോ നാം സ്വീകരിക്കുന്നു. പ്രവര്‍ത്തി ചെയ്യുന്നതിന് മുന്‍പ്‌ അതിനെക്കുറിച്ച് ഒരു ചിന്തയുടെ സ്ഫോടം മനസ്സില്‍ ഉണ്ടാവുന്നു. അതിന്റെ ഉറവിടം പ്രകൃതി തന്നെയാണ്. അത് വിശ്വബോധത്തില്‍ ഇച്ഛാശക്തിയുടെ പ്രകമ്പനമാകുന്നു. അറിവ് എന്ന ജ്ഞാനശക്തി അതിനോട് ചേര്‍ന്നിരിക്കുന്നു. അത് പ്രവര്‍ത്തിയായി ക്രിയാശക്തി പരിവര്‍ത്തനം ചെയ്യുന്നു. ഇച്ഛാജ്ഞാനക്രിയാശക്തിസ്വരൂപമായ ആ ചിത്സ്വരൂപിണി തന്നെ വിശ്വജനനി. ആ ദിവ്യമാതൃത്വം തരുന്ന സുരക്ഷിതത്വമാണ് നമ്മുടെ കര്‍മ്മപ്രാരബ്ധങ്ങളെ അനുഭവിച്ചു തീര്‍ത്ത്‌ ഉത്കൃഷ്ടമായ ഒരു ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. നമ്മുടെ ഒരു പ്രയത്നവും ആ വിശ്വബോധത്തിന്റെ പ്രേരണ കൂടാതെ ഉണ്ടാവില്ല. നമ്മുടെ കര്‍മ്മങ്ങളുടെ കാര്യകാരണബന്ധം നമുക്ക് നിയോഗങ്ങള്‍ കൊണ്ട് തരുന്നു. ആ നിയോഗങ്ങളില്‍ കര്‍ത്തൃത്വാഭിമാനം ഉണ്ടാകുന്നത് കര്‍മ്മബന്ധനത്തെ സഞ്ചയിക്കാന്‍ മാത്രമേ സഹായിക്കൂ. നമ്മുടെ കര്‍തൃത്വാഭിമാനം വെടിയുക എന്നതാണ് ഉത്കൃഷ്ടമായത് .നമ്മുടെ കര്‍മ്മങ്ങള്‍ക്ക് നാം സാക്ഷി മാത്രമാവുമ്പോള്‍ ആ വിശ്വചൈതന്യത്തിന്റെ പ്രഭാവം ഒരു കണികയോളമെങ്കിലും അറിയുവാന്‍ കഴിയും. ഒരമ്മ കുഞ്ഞിനെ താങ്ങുന്ന പോലെ പ്രകൃതി നമ്മെയും താങ്ങും. അതിനെത്തന്നെ മനീഷികള്‍ കൃപയെന്നും കാരുണ്യമെന്നും പരമപ്രേമമെന്നും വിളിക്കുന്നു

Comments