ഏഴു വര്‍ണ്ണങ്ങളുടെ മായാജാലം ആകാശത്തു തീര്‍ക്കുന്ന മഴമേഘങ്ങളെ നിങ്ങളെ നോക്കി ഞാനിതാ ചുവടു വയ്ക്കുന്നു എന്റെ പീലികളുടെ വര്‍ണ്ണരാജികള്‍ ഒളിപ്പിച്ചു വച്ച ദിവ്യസ്നേഹത്തിന്റെ മഴമുകില്‍ എന്നെ വിട്ടു നിന്നിലേക്ക് വന്നിരിക്കുന്നു. എന്നിലേക്ക് തന്നെ പെയ്തിറങ്ങുവാന്‍. എന്റെ ചുവടുകള്‍ ആ മേഘമല്‍ഹാര്‍ മീട്ടിയ ഹൃദയരഞ്ജിനിയായ ശ്രുതികളെ ചുംബിച്ചു നിര്‍വൃതി പൂണ്ടിരിക്കുന്നു. ആ നിര്‍വൃതിയുടെ ആനന്ദലഹരിയില്‍ പെയ്തിറങ്ങിയ മഴയ്ക്ക്‌ എന്റെ വര്‍ണ്ണങ്ങളെ തുടച്ചു മാറ്റുവാന്‍ കഴിയില്ല. ആ മഴത്തുള്ളികള്‍ എന്റെ പീലിയുടെ നിറങ്ങളായി പരിണമിച്ചിരിക്കുന്നു. എന്റെ മാനസതന്ത്രികള്‍ അമൃതവര്‍ഷിണികള്‍ ആലപിക്കുന്നു. രാഗിണിമാര്‍ ആ ഗരിമയില്‍ സ്വയം മറന്നിരിക്കുന്നു. എന്റെ ചുണ്ടുകള്‍ ആലപിച്ച മധുരഗാനത്തിന്റെ മാസ്മരികതയില്‍ ഞാന്‍ ഇതാ മറന്നിരിക്കുന്നു. ഹൃദയങ്ങളുടെ ചോരനായ ഹരി എന്റെ പീലിയെ അവന്റെ ശിരസ്സില്‍ അലങ്കാരമാക്കിയിരിക്കുന്നു. എന്തിനധികം! ഹരിയുടെ തിരുമുടിപ്പീലിയായ് മാറിയത്‌ ഞാന്‍ തന്നെ. എന്റെ വര്‍ണ്ണങ്ങള്‍ അവന്റെ ശ്യാമവര്‍ണ്ണത്തില്‍ പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു. ആ അനന്തമായ ആകര്‍ഷണത്തില്‍ ഞാന്‍ മയൂരരാഗം ആലപിച്ച് സമാധിയെ പുല്കിയിരിക്കുന്നു. ആ സമാധിയില്‍ ഞാന്‍ അവനായി. ദിവ്യപ്രേമത്തിന്റെ മൌനാനുഭൂതിയില്‍ സ്വയം മറന്ന് ചിറകുകള്‍ ഉയര്‍ത്തി ഞാന്‍ പറന്നു. എന്റെ വര്‍ണ്ണങ്ങള്‍ എന്നെനോക്കി പുഞ്ചിരിക്കുന്നു. മയൂരനടനത്തിന്റെ വശ്യതയില്‍ മതിമറന്ന വനദേവതകള്‍ എനിക്കായ്‌ പുഷ്പദളങ്ങള്‍ ഒരുക്കി വച്ചിരുന്നു. ആ ദിവ്യസുഗന്ധത്തിന്റെ അനസ്വരതയില്‍ ഞാന്‍ അലിഞ്ഞിരിക്കുന്നു. ആ പൂക്കള്‍ എന്നെ ഹര്‍ഷപുളകിതനാക്കി. ആ ദിവ്യമായ മൌനത്തില്‍ എന്റെ അന്തരംഗം ആത്മാനുഭൂതിയില്‍ രമിച്ചു. അവിടെ ആ നിശബ്ദതതയില്‍ ഞാന്‍ എന്നെ അറിഞ്ഞു.ആ അറിവില്‍ ദ്വന്ദങ്ങള്‍ അസ്തമിക്കുന്നു. ഭേദാഭേദങ്ങള്‍ മാഞ്ഞിരിക്കുന്നു. അനുഭൂതിയുടെ ഉത്തുംഗശൃംഗത്തില്‍ ഞാന്‍ സ്വയം ആകാശമായി. ആ ആകാശത്തില്‍ മല്‍ഹാര്‍ പാടുന്ന മേഘങ്ങള്‍ എനിക്കായ് ആനന്ദനൃത്തം ചവിട്ടി. ഞാന്‍ അവ തന്നെ. അവ ഞാന്‍ തന്നെ.

Comments