തീര്‍ത്ഥയാത്ര


തീര്‍ത്ഥയാത്ര 


ഭാരതീയര്‍ എക്കാലവും വളരെ പ്രാധാന്യത്തോടെ ചെയ്തു പോരുന്ന ഒന്നാണ് തീര്‍ത്ഥാടനം. ആധ്യാത്മിക വിശുദ്ധി പേറുന്ന നദീതടങ്ങളിലെ സ്നാനവും അവിടെയുള്ള മന്ത്രധ്വനികളും മനസ്സിനെ സാത്വികമാക്കുന്നു. ഭാരതത്തിലെ പല പുണ്യക്ഷേത്രങ്ങളും നദികളുമായി ബന്ധമുള്ളവയാണ്. അങ്ങ് വടക്ക് ഗംഗാ യമുനാ തുടങ്ങിയവയും തെക്ക് സൌപര്‍ണ്ണിക ഉള്‍പ്പടെ അനേകം നദീതടങ്ങള്‍ ഭാരതത്തിന്റെ ആധ്യാത്മികസംസ്കൃതിയുടെ പ്രത്യക്ഷ ചിഹ്നങ്ങളാണ്. ബദരിനാഥ്,കേദാര്‍നാഥ്,ഹരിദ്വാര്‍,ഋഷികേശ്,കൈലാസം,ഉജ്ജയിനി,കാശി,ദ്വാരക,പുരി,ശൃംഗേരി,മൂകാംബിക അങ്ങനെ ഈ നിര നീളുന്നു. ഈ വിശുദ്ധസ്ഥാനങ്ങളിലേക്കുള്ളയാത്രകള്‍ ഓരോ മനുഷ്യനും പ്രകൃതിയോടു ചേരുവാനും തന്റെ ആന്തരികസത്ത തന്നെയാണ് പ്രകൃതിക്ക് ചൈതന്യമേകുന്ന നിത്യ സത്തയെന്നും തിരിച്ചറിയുവാനുള്ള മാര്‍ഗ്ഗമാണ്.

തരതി പാപാദികം യസ്മാത്‌ ഇതി തീര്‍ത്ഥം എന്നാണ് പറയുക. അതായത് പാപാദികളെ തരണം ചെയ്യുവാന്‍ സഹായിക്കുന്നത് എന്നര്‍ത്ഥം. തീര്‍ത്ഥത്തിലേക്കുള്ള അടനം അഥവാ യാത്രയാണ് തീര്‍ത്ഥാടനം. തീര്‍ത്ഥാടനത്തിന്റെ മുഖ്യ ഉദ്ദേശ്യം ചിത്തശുദ്ധിയാണ്‌.ചിത്തശുദ്ധി ഉണ്ടെങ്കിലെ ആത്മതത്വം ശരിയായി ബോധിക്കാനാകൂ. തീര്‍ത്ഥാടനം ഒരു വിനോദസഞ്ചാരമല്ല. തന്റെ അഹന്തയുടെ മൂടുപടം പ്രകൃതിയുടെ മുന്നില്‍ അഴിച്ചു വച്ച് ആ പ്രകൃതിയുമായി സാമരസ്യം പ്രാപിക്കുക എന്നതാണ് തീര്‍ഥാടകര്‍ ചെയ്യേണ്ടത്. എന്നാല്‍ ഇന്ന് നാം കാണുന്ന തീര്‍ത്ഥാടനം വിനോദസഞ്ചാരം ആയിരിക്കുന്നു. അവിടെ പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ട് വിനോദോപാധിയാകുന്ന യാത്രകള്‍ ആണ് പലരും നടത്തി വരുന്നത്. അവര്‍ക്ക് താന്‍ വേറെ പ്രകൃതി വേറെ. തീര്‍ത്ഥയാത്ര എന്ന പേരില്‍ ധനലാഭത്തിനും ലൌകികസുഖത്തിനും വേണ്ടിയുള്ള ഇത്തരം യാത്രകള്‍ ഭാരതീയസംസ്കൃതിയുടെ മൂല്യശോഷണത്തിനെ കാരണമാകു.

നാമോരോരുത്തരും തീര്‍ത്ഥാടനത്തിന്റെ ആദ്ധ്യാത്മിക വശം അറിഞ്ഞിരിക്കേണ്ടതാണ് . തീര്‍ത്ഥ ശബ്ദം ശങ്കരന്റെ ദശനാമി സന്യാസസമ്പ്രദായത്തില്‍ ഒന്നാണ്.
തത്വമസി മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം ശ്രവണമനനനിദിദ്ധ്യാസനദ്വാരാ സാക്ഷാല്‍ക്കരിച്ചതിന്റെ ഒരു ബിരുദമുദ്രയാണ് തീര്‍ത്ഥോപാധി.
''ത്രിവേണീസംഗമേ തീര്‍ത്ഥേ- തത്വമസ്യാദി ലക്ഷണേ
സ്‌നായാത്തത്വാര്‍ത്ഥഭാവേന തീര്‍ത്ഥനാമാ സ ഉച്യതേ''
(തത്, ത്വം, അസി ഇവയാകുന്ന ഗംഗയുടേയും യമുനയുടേയും സരസ്വതിയുടേയും സംഗമസ്ഥാനമായ ത്രിവേണിയില്‍ അതിന്റെ തത്വാര്‍ത്ഥഭാവത്തോടുകൂടി ആരു സ്‌നാനം ചെയ്യുന്നുവോ അവന്‍ 'തീര്‍ത്ഥന്‍' എന്ന പേരിനാല്‍ അറിയപ്പെടുന്നു) എന്നുള്ള മഠാമ്‌നായ വാക്യം അതിനു പ്രമാണമാണ്.''

തീര്‍ത്ഥാടനം എന്നാല്‍ കേവലം യാത്രയല്ല മറിച്ചു തന്റെ ആന്തരികസത്തയുടെ നിര്‍ണ്ണയത്തിലേക്കുള്ള പ്രയാണമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കും. തത്ത്വമസി പദത്തിന്റെ സാക്ഷാത്കാരമാണ് യഥാര്‍ത്ഥ തീര്‍ത്ഥാടനം. ബാഹ്യമായ വിഷയങ്ങളില്‍ നിന്നും തന്റെ ഉള്ളിലേക്കുള്ള യാത്ര. മഹാവാക്യമാകുന്ന തീര്‍ത്ഥത്തില്‍ മുങ്ങി അജ്ഞാനമാകുന്ന മാലിന്യങ്ങളെ നീക്കം ചെയ്തു ലക്ഷ്യസ്ഥാനമായ ആത്മതത്ത്വത്തില്‍ എത്തുന്ന മഹായാത്രയാണ് തീര്‍ത്ഥാടനം.

Comments