എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നത് അവനവനില്‍ തന്നെയാണ്
എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നത് അവനവനില്‍ തന്നെയാണ്. മനുഷ്യന്‍ തന്റെ ചുറ്റുമുള്ളതിനെയെല്ലാം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നുവെങ്കിലും അവന്‍ തൃപ്തനാവുന്നില്ല. തന്നെ അറിയാതിരിക്കലാണ് അതൃപ്തി. തന്നെ അറിയുവാനുള്ള അഗ്രഹത്തിനു ഏറ്റവും പ്രചോദനമാകുന്നത് ജനനവും മരണവും തന്നെ. എന്താണ് ജനനം? എന്താണ് മരണം? ഈ ചോദ്യങ്ങളില്‍ നിന്നുമാണ് എല്ലാ ദര്‍ശനങ്ങളും അന്വേഷണം ആരംഭിക്കുന്നത്. അതിനാലാണ് നചികേതസ്സ് യമനെ തേടിയത്. സിദ്ധാര്‍ത്ഥനെ ബുദ്ധനാക്കിയതും ഈ രഹസ്യത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. എല്ലാ ഉപനിഷത്തുകളും അന്വേഷിക്കുന്നത് ജനനമരണങ്ങളുടെ രഹസ്യം തന്നെ. ആരാണ് ജനിക്കുന്നത്? ആരാണ് മരിക്കുന്നത്? ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ജീവസത്തയെ കാട്ടിത്തരുന്നവയാണ്. തന്റെ മുന്നിലെ ഭീമാകാരമായ പ്രപഞ്ചം.തന്നെക്കാള്‍ ചെറുതായ സൂക്ഷ്മ പ്രപഞ്ചം. ഇതിനെല്ലാം വെളിച്ചമേകുന്ന അറിവ്. ഈ മഹാവിസ്മയങ്ങള്‍ മനുഷ്യബുദ്ധിയുടെ അന്വേഷണാത്മകതയെ ഉത്തേജിപ്പിക്കുന്നു. ഈ സമസ്യകളുടെ ഉത്തരങ്ങള്‍ പുസ്തകത്താളിലോ വാചകകസര്‍ത്തുകളിലോ ലഭ്യമല്ല. അത് ലഭ്യമായത് അവനവനില്‍ തന്നെയാണ്. എല്ലാ ചോദ്യങ്ങളും അവസാനിക്കുന്നത് അവനവനില്‍ തന്നെയാണ്. ഒന്നും അവശേഷിക്കാത്തിടത്തിനെയും പ്രകാശിപ്പിക്കുന്ന ആ ആത്മചൈതന്യത്തില്‍. അവിടെ ചോദ്യങ്ങളും ഇല്ല ഉത്തരങ്ങളുമില്ല.
Comments