ഈ പ്രപഞ്ചത്തിനു ഗണിതപരമായ ഒരു സൌന്ദര്യമുണ്ട്.

ഈ പ്രപഞ്ചത്തിനു ഗണിതപരമായ ഒരു സൌന്ദര്യമുണ്ട്. അതിസൂക്ഷ്മമായ കണികകളാവട്ടെ ഭീമാകാരമായ നക്ഷത്രസമൂഹങ്ങളാവട്ടെ,അവയെല്ലാം ആ സൌന്ദര്യത്താല്‍ പ്രകാശിതമാണ്. ആ സൌന്ദര്യമാണ് സത്യത്തെ സാക്ഷാത്കരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്.മനുഷ്യയുക്തിക്ക് വിഷയമാകുന്നതും ഈ ഗണിതം തന്നെ. ഈ പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തിനും ഭൌതികശാസ്ത്രജ്ഞര്‍ ഗണിതസമവാക്യങ്ങളാല്‍ യുക്തി കണ്ടെത്തുന്നു. ഈ യുക്തി സത്യത്തെ അറിയുവാന്‍ എങ്ങനെ തടസ്സം നില്‍ക്കും? പ്രകൃതിക്ക് ഗണിതപരമായ ഒരു ക്രമമുണ്ട്. പ്രജ്ഞാനത്തിന്റെ ഉപാധിശക്തിയാല്‍ ആരോപിക്കപെട്ട ഒരു ക്രമമാണിത് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. 1+1=2 എന്ന് നാമെല്ലാം പറയും, പ്രകൃതിയും ഇതേ നിയമത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നും പറയും. എന്നാല്‍ 1+1=2 എന്നാല്‍ ഒന്നിനോട് ഒന്ന് കൂട്ടുക അല്ലെങ്കില്‍ അധികരിക്കുക എന്നായാല്‍ അത് പരമാര്‍ത്ഥത്തില്‍ സാധ്യമല്ല എന്ന് കാണാം. എന്തെന്നാല്‍ ഒന്നിനോട് ഒന്ന് ചേര്‍ക്കണമെങ്കില്‍ മറ്റൊരു ഒന്നുണ്ടാകണം. ഒന്ന് എന്നത് എപ്പോഴും ഒന്നാണ്. മറ്റൊരു ഒന്ന് എന്നത് അബദ്ധമാണ്.അതിനാല്‍ 1+1=2 എന്നത് കല്പിതമാണ് (supposition). എണ്ണത്തെ ഒരു പ്രത്യേക രീതിയില്‍ വിഭാവനം ചെയ്തിരിക്കുന്നു. ഒരു മഹാപ്രജ്ഞയുടെ വിഭാവനമാണ് ഈ പ്രപഞ്ചം.എപ്പോഴൊക്കെ ഒന്നിനെ അധികരിച്ച് എണ്ണാന്‍ തുടങ്ങുന്നോ അപ്പോഴെല്ലാം ആ കല്പനയുടെ ഉള്ളിലാണ് നാം.എണ്ണുക കൂട്ടുക കുറയ്ക്കുക ഇതെല്ലാം വ്യവഹാരങ്ങളാണ് . അതിനാല്‍ പ്രപഞ്ചത്തിനു വ്യാവഹാരിക സത്ത മാത്രമേ ഉള്ളൂ. അപ്പോള്‍ പരമാര്‍ത്ഥം എന്ത്. മഹാപ്രജ്ഞയുടെ വിഭാവനയാണ് പ്രപഞ്ചമെങ്കില്‍ ആ പ്രജ്ഞാനം തന്നെ സത്യം. ഭാരതീയ ദാര്‍ശനികന്മാരായ ഋഷിമാര്‍ അതിനെ പൂര്‍ണ്ണം എന്ന് വിളിച്ചു. അവിടെ എണ്ണലില്ല,കൂട്ടലില്ല.കുറയ്ക്കലില്ല. പൂര്‍ണ്ണമദ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ എന്നവര്‍ പറഞ്ഞു. അവിടെ കല്പനകള്‍ക്ക് സ്ഥാനമില്ല, അവിടെ വ്യവഹാരം എന്നതേ ഇല്ല. അത് പ്രജ്ഞാനം മാത്രമാണ്. അവിടെ ആരോപമില്ല. അത് ശുദ്ധബുദ്ധമുക്തമാണ്. നിരതിശയമായതിനാല്‍ അവര്‍ അതിനെ ബ്രഹ്മമെന്നു വിളിച്ചു. അത് തന്നെയാണ് 'ഞാന്‍' എന്ന ചിത്സ്വരൂപമായ് വിളങ്ങുന്നതെന്നും അവര്‍ അപരോക്ഷാനുഭൂതിയുടെ പ്രമാണത്താല്‍ സാക്ഷാത്കരിച്ചു.

Comments