വൃന്ദാവനസാരംഗീ ലയം

വൃന്ദാവനസാരംഗീ രാഗത്തിന്റെ ഭാവതരംഗങ്ങള്‍ എങ്ങും അലയടിക്കുന്നു. ആ നാദവീചികളുടെ പ്രഭാവത്താല്‍ മിഴികള്‍ അശ്രുപൂജ ചെയ്യുന്നതും രോമകൂപങ്ങള്‍ കൈകൂപ്പുന്നതും ഒരു തുടര്‍ക്കഥയാകുന്നു. മഹാസാഗരത്തിന്റെ അപാരതയില്‍ വീശിയടിക്കുന്ന കാറ്റിനു ശരീരത്തെ തണുപ്പിക്കാന്‍ എപ്രകാരം കഴിയുന്നുവോ അതുപോലെ തന്നെ വൃന്ദാവനത്തിലെ സാരംഗീനാദം ഉരുകുന്ന അന്തരംഗത്തിനെ കാരുണ്യത്തിന്റെ തെന്നല്‍ കൊണ്ട് തലോടുന്നു. ഗോപികാഹൃദയങ്ങള്‍ വൃന്ദാവനരാജകുമാരന്റെ മുരളീഗാനത്താല്‍ ശാന്തമായതു പോലെ മാനസയമുന നിശബ്ദസൌന്ദര്യത്തെ പ്രാപിക്കുന്നു. നാദമണിമുത്തുകള്‍ കൊണ്ടുണ്ടാക്കിയ ഹാരമണിഞ്ഞു കൊണ്ട് മനസ്സ് അപൂര്‍വതയുടെ മലമുകളില്‍ നൃത്തമാടുന്നു. കണ്ണുനീര്‍ത്തുള്ളികള്‍ക്ക് കാര്‍വര്‍ണ്ണമായോ? കണ്ഠത്തില്‍ നിന്നും വേണുഗാനം ഒഴുകുന്നുവോ? വൃന്ദാവനത്തിലെ മന്ദമാരുതന്റെ ഗാനാലാപനം അനശ്വരതയുടെ വര്‍ണ്ണപൂക്കള്‍ കൊണ്ട് എന്നെ അലങ്കരിച്ചുവോ?


മുരളീഗാനത്തിന്റെ അലകള്‍ തീര്‍ത്ത ഹൃദയനൈര്‍മല്യത്തെ  മയില്‍പ്പീലിയുടെ നാനാവര്‍ണ്ണങ്ങള്‍ അലങ്കരിച്ചുവോ ? ഞാന്‍ പെറുക്കിയെടുത്ത ആലിലകളില്‍ നന്ദനന്ദനന്റെ പുഞ്ചിരിയെ കാണുവാന്‍ കഴിയാത്തതെന്തേ? യമുനയുടെ നനവുള്ള തീരങ്ങളില്‍ പതിഞ്ഞ കുഞ്ഞു പാദങ്ങളുടെ കഥ പറയുന്ന കല്ലുകള്‍ പെറുക്കിയെടുത്താല്‍ ആ പുഞ്ചിരി കാണുമോ? ജീവിതാകുലതകളുടെ കുത്തൊഴുക്കില്‍ ആശ്വാസമാകുന്ന  ആ പുഞ്ചിരി എവിടെ മറഞ്ഞു? ഒരിക്കല്‍ മായാതെ നിന്ന ആ പുഞ്ചിരി കാലത്തിന്റെ കുത്തൊഴുക്കില്‍ ദിശ മാറി ഒഴുകിയതാവാം. വീണ്ടുമെന്റെ തൃക്കണ്ണില്‍ മോഹനരൂപത്തോടെ വൃന്ദാവനസാരംഗി വേണുവൂതുന്നുവോ? ആ ഗാനത്തിന് കാതോര്‍ക്കവേ പ്രാരബ്ധത്തിന്റെ കാളിയവിഷത്തെ ചടുലമായ നിന്റെ മൃദുപദനടനത്താല്‍ അകറ്റുന്നത് ഞാന്‍ അറിയുന്നു.  അവിടെ രചിക്കപെടുന്ന പുതിയ ഗാഥകള്‍, പുതിയ പാനകള്‍ ഇവയെല്ലാം നിന്നിലേക്കുള്ള എന്റെ ദൂരം കുറയ്ക്കുമല്ലോ. നിന്റെ സങ്കീര്‍ത്തനങ്ങള്‍ വൃന്ദാവനത്തില്‍ നിന്നും പവനന്‍ ഈ ഹൃദയത്തില്‍ പ്രാണനായി പാടുന്നുവല്ലോ. ധന്യതയ്ക്കിനി എന്തു വേണം. എന്നിലൂടെ നീ രചിക്കുന്ന നാടകത്തിന്റെ തിരശ്ശീല, അതും നിന്റെ കയ്യിലല്ലോ!
ഗോക്കളേ നിങ്ങള്‍ എത്ര പുണ്യം ചെയ്തവര്‍. മോഹനരൂപന്റെ കരസ്പര്‍ശത്താല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടുവല്ലോ. നാനാവിധ ഫലങ്ങള്‍ തരുന്ന വൃക്ഷക്കൂട്ടങ്ങളേ നിങ്ങള്‍ എത്ര ധന്യര്‍. ആമ്പാടിയുടെ പുത്രന്‍ ലീലകളാടിയത്‌ നിങ്ങളുടെ കൂടെയല്ലോ. പുഴകളേ, പൂക്കളേ, നൃത്തമാടും മയിലുകളേ ജീവേശന്റെ മധുരമന്ദഹാസം ആവോളം നിങ്ങള്‍ ആസ്വദിച്ചുവല്ലോ. വൃന്ദാവനത്തിലെ ജീവജാലങ്ങളേ നിങ്ങള്‍ സദാ മുരളീഗാനത്തിന്റെ മനോഹാരിതയില്‍ മതിമറന്നിരിക്കുകയല്ലോ . ജീവകാരുണ്യത്തിന്റെ ലേപനം ആനന്ദസ്വരൂപന്റെ വിരലുകളില്‍ മറഞ്ഞിരുന്നുവോ? ആ ചെറുവിരല്‍ കൊണ്ടല്ലോ ഗോവര്‍ദ്ധനമേ നിന്നെയവന്‍ എടുത്തുയര്‍ത്തിയത്. നീയും എത്ര ഭാഗ്യം ചെയ്തവന്‍! അന്ന് മുരളികയില്‍ നിന്നും പൊഴിഞ്ഞ അമൃതവര്‍ഷിണി നിങ്ങളെയെല്ലാം കുളിര്‍പ്പിച്ചുവല്ലോ പുല്‍ക്കൊടികളേ, എന്ത് പുണ്യമാണ് നിങ്ങളെ അവിടെ കിളിര്‍പ്പിച്ചത്. എന്റെ മാനസസരസ്സിലെ ആത്മസമര്‍പ്പണമാകുന്ന ആലിലയില്‍ ലീലാവിരല്‍ കുടിച്ചു കൊണ്ട് പുഞ്ചിരിക്കുവാന്‍ നീ എന്തെ മറന്നു? ആ പാദസ്മരണയില്‍ ജീവഭാവമറ്റ് ആത്മനിര്‍വൃതിയുടെ കൊടുമുടിയില്‍ ഇരിക്കുവാന്‍ അനുവദിക്കാത്തതെന്തേ ? മാനസയമുനയുടെ ചിത്തവൃത്തികളാകുന്ന ഓളങ്ങളെ അടക്കി നിന്റെ പുഞ്ചിരി കാണുവാന്‍ അനുവദിക്കാത്തതെന്തേ ? വൃന്ദാവനത്തിലെ ആ ചെറിയ പശുകുട്ടിയെപ്പോലെ നിന്റെ സംരക്ഷണയില്‍ വേണുഗീതവും കേട്ടിരിക്കാന്‍ കഴിയാത്തതെന്തേ? ആ ഗാനം കേള്‍ക്കുവാന്‍ അന്തരംഗത്തിന്റെ കര്‍ണ്ണങ്ങള്‍ ഞാന്‍ കൂര്‍പ്പിച്ചു വച്ചിരിക്കുന്നു. ആ ഗാനം നീ തന്നെയല്ലയോ . നീ തന്നെയല്ലോ ഗായകനും നീ തന്നെ സര്‍വവും.

Comments

Popular Posts