കുടജാദ്രി
കൊല്ലൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ മഴ പെയ്തു തുടങ്ങിയിരുന്നു. ആ മഴയില്‍ കോടമഞ്ഞു മൂടിയ കുടജാദ്രിയുടെ ഭംഗി പുറത്തു നിന്ന് തന്നെ സുന്ദരമായ കാഴ്ചയാണ്.. മേഘകൂട്ടങ്ങള്‍ വര്‍ഷിച്ച അമൃതജലത്തില്‍ സ്നാനം ചെയ്ത് മൂകാംബികാസന്നിധിയിലേക്ക് പ്രവേശിക്കുമ്പോള്‍ അമ്മയുടെ മടിയില്‍ കയറിയ കുഞ്ഞിന്റെ പ്രതീതിയായിരുന്നു ഉള്ളില്‍. വിശ്വജനനിയുടെ മടിത്തട്ടില് കയറി മാതൃസ്പര്‍ശം അനുഭവിക്കുന്ന കര്‍മ്മകാണ്ഡത്തിന്റെ മണികെട്ടിയ പൂച്ചക്കുട്ടിയെപ്പോലെ തിരുനടയിലേക്ക് പ്രവേശിച്
ചു. കാലവര്‍ഷത്തിന്റെ ആലസ്യം കാരണം ജനത്തിരക്ക് കുറവായിരുന്നു. അതിനാല്‍ ഏറെ നേരം അവിടെ ദേവീധ്യാനത്തില്‍ തന്നെയിരുന്നു.പുറത്തു മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു. ഓരോ മഴത്തുള്ളിയും അമ്മയുടെ പാദാരവിന്ദത്തില്‍ അര്‍ച്ചിക്കപ്പെടുന്ന സഹസ്രനാമങ്ങളായി നാമജപം ചെയ്യുകയാണോ എന്ന് തോന്നി . ആ അനുഭൂതിയില്‍ മനസ്സ് അമ്മയുടെ മടിത്തട്ടില്‍ നിശബ്ദമായ് കിടന്നു. എല്ലാ ആകുലതകളും അവസാനിക്കുന്നത് കരുണാമയിയായ ജഗദംബികയുടെ സന്നിധിയിലാണ്.അവിടെ ഭാഷണത്തിന്റെ ആവശ്യമേയില്ല. ജപവും ധ്യാനവും സ്വാധ്യായവുമെല്ലാം ജഗദീശ്വരിയുടെ സന്നിധിയില്‍ മൌനത്തിന്റെ ഭാഷയില്‍ ആവിഷ്കരിക്കപെടുന്നു. കുഞ്ഞു സുരക്ഷിതനാവുന്നത്. അമ്മയുടെ മടിത്തട്ടിലല്ലയോ. കാലത്തിന്റെ ഗതിവിഗതികള്‍ അസ്തമിക്കുന്നതും അവിടെയല്ലയോ.ജ്ഞാനാമൃതമാകുന്ന സ്തന്യവും പാനം ചെയ്ത് ആ മടിത്തട്ടില്‍ ഉറങ്ങിയുണര്‍ന്നു നിഷ്കാമനും നിരാകുലനുമായി സ്വസ്വരൂപാനന്ദലഹരിയില്‍ മുഴുകുവാന്‍ കഴിയുന്നതിലും ഭാഗ്യം മറ്റെന്തുണ്ട്. അവിടെ നീയും ഞാനും അമ്മ തന്നെ. അമ്മ തന്നെ സര്‍വ്വവും. അമ്മയല്ലാതെ രണ്ടാമതൊന്നുണ്ടോ ചൊല്ലിടുവാന്‍ _/\_

ക്ഷേത്രദര്‍ശനത്തിനൊപ്പം കുടജാദ്രിയില്‍ പോയി ശങ്കരഗുഹയില്‍ ഒരു രാത്രി തങ്ങണം എന്ന ഉദ്ധ്യേശത്തോടെയാണ് ഞങ്ങള്‍ മൂകാംബികയില്‍ എത്തിയിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ അവിടെ തങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. എങ്കിലും ഒരു ജോഡി വസ്ത്രവും ബിസ്ക്കറ്റും വെള്ളവുമായി ഞങ്ങള്‍ ജീപ്പ് മാര്‍ഗം കുടജാദ്രിയിലേക്ക് തിരിച്ചു. തലേ ദിവസം പെയ്ത കനത്ത മഴ മൂലം റോഡ്‌ വളരെ മോശമായിരുന്നു. മണ്ണ്‍ ഒലിച്ചിറങ്ങിയ കാരണം പണിപ്പെട്ടാണ് ഡ്രൈവര്‍ പ്രധാന കവാടത്തില്‍ എത്തിച്ചത്. അവരുടെ പ്രയത്നം കാണുമ്പോള്‍ ജീപ്പുകൂലി ഒട്ടും കുറവല്ല എന്ന് തോന്നി. മുഴുവന്‍ കൂലിയും കൊടുത്തിട്ട കാലാവസ്ഥ അനുകൂലമാണെങ്കില്‍ മടക്കയാത്രക്ക്‌ കാണില്ല എന്ന് പറഞ്ഞു ഞങ്ങള്‍ മലയിലേക്കു കയറി. മാനം അല്പം തെളിഞ്ഞു നിന്നിരുന്നു എങ്കിലും മുകളിലെത്തും മുന്പ് മഴ തുടങ്ങി. വഴി മറച്ചുകൊണ്ട് കോടമഞ്ഞും. മഴ നനഞ്ഞു ഞങ്ങള്‍ ഓടി ശങ്കര ക്ഷേത്രത്തിലെത്തി. അവിടെയാകട്ടെ വെള്ളം കയറാത്ത ഭാഗം ഒട്ടുമില്ല. ക്ഷേത്രത്തിന്റെ ഉള്ളിലും പുറത്തുമെല്ലാം മഴ പെയ്തു നനഞ്ഞിരുന്നു. മഴക്കാലം ആയതിനാലും സീസണ്‍ തുടങ്ങാത്തതിനാലും അവിടെ പൂജാരിയെ കണ്ടില്ല. ബാഗ്‌ അവിടെ വെച്ച് എന്ത് ചെയ്യണം എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ക്കാരനായ ഒരാള്‍ അവിടെ നിന്നും താഴേക്കു ചിത്രമൂലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് ചോദിച്ചു. ഇവിടെ വരെ എത്തിയ സ്ഥിതിക്ക് ഇറങ്ങാതെ പോകുന്നതെങ്ങനെ എന്ന് പറഞ്ഞു ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. ഭയത്തോടു കൂടി ആണെങ്കില്‍ അയാളും ഞങ്ങള്‍ക്കൊപ്പം കൂടി. കോട മൂടിയതിനാല്‍ വഴി അവ്യക്തമായിരുന്നു. എങ്കിലും നടന്നു ഞങ്ങള്‍ ശങ്കര ഗുഹയുടെ മുന്നിലെതില്‍. അവിടെ വെച്ചിരുന്ന ഏണിയിലൂടെ മുകളിലെത്തി ശിവലിംഗത്തെ നമസ്കരിച്ചു
മൂന്നു പേരും അവിടെയിരുന്നു. ആകെ രണ്ടു പേര്‍ക്ക് നനയാതെ ഇരിക്കാനുള്ള ഇടമേ അവിടെയുള്ളു. ബാക്കി ഭാഗം നിറയെ വെള്ളം കെട്ടി കിടക്കുന്നു. മഴ പെയ്തുകൊണ്ടിരുന്നതിനാല്‍ അകത്തേക്ക് വെള്ളം കയറിക്കൊണ്ടിരുന്നു. ഞങ്ങള്‍ തിരിച്ചില്ല ഇന്ന് ഇവിടെ തങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ ഭയപ്പെട്ടെന്നോണം കൂടെ വന്ന ആള്‍ തിരിച്ചിറങ്ങി. അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു.
ശങ്കര ഗുഹയില്‍ നിന്നും കുറച്ചു ദൂരം കാട്ടിലൂടെ സഞ്ചരിച്ചാല്‍ മറ്റു
ഗുഹയിലെത്താം. എന്നാല്‍ രക്തമൂറ്റുന്ന അട്ടകളുടെ ശല്യം രൂക്ഷമാണെന്നു കുറച്ചു ദിവസം മുന്‍പ് വന്നു മടങ്ങിയ സുഹൃത്ത് മുന്നറിയിപ്പ് തന്നിരുന്നതിനാല്‍ ഞങ്ങള്‍ അങ്ങോട്ടേക്ക് ഇറങ്ങിയില്ല. അട്ടകളെ കൂടാതെ ആ കാട്ടില്‍ പുലി, കരടി, രാജവെമ്പാല,മൂര്‍ഖന്‍ തുടങ്ങിയവ ഉണ്ട് എന്നാണു കേട്ടിരിക്കുന്നത്. ഏതായാലും ശക്തമായ മഴ കാരണം ഞങ്ങള്‍ അന്ന് ശങ്കരഗുഹയില്‍ തന്നെ തങ്ങുവാന്‍ തീരുമാനിച്ചു പ്രകൃതിയെ നോക്കി വെള്ളം വീഴാത്ത ഭാഗത്ത്‌ ഇരുന്നു.
ഗുഹാമുഖത്തിനു സമീപമായി ജലം വീണുകൊണ്ടേയിരിക്കുന്നു. മുന്‍പില്‍ വിശ്വേശ്വരിയുടെ ലീലാപ്രപഞ്ചമായ പ്രകൃതി സര്‍വസൌന്ദര്യസ്വരൂപിണിയായി നൃത്തമാടിക്കൊണ്ടിരുന്നു. കോടമഞ്ഞും മഴയും ആടിയുലയുന്ന മരങ്ങളും താളവാദ്യമെന്നവണ്ണം ആനന്ദനടനത്തിനു അകമ്പടിയായി. അപ്പോഴാണ്‌ ഗുഹയ്ക്കുള്ളില്‍
കെട്ടിക്കിടന്ന വെള്ളത്തില്‍ ഒരു ഭീമന്‍ ഞണ്ട് കണ്ണില്‍പെട്ടത്. അവന്റെ സാമ്രാജ്യത്തിലെ അപരിചിതരായ അതിഥികളെ കണ്ടിട്ടെന്ന പോലെ അവന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു . വഴിമാറികൊടുത്തപ്പോള്‍ അവന്‍ കല്ലിടുക്കിലൂടെ താഴേക്കിറങ്ങി. മനുഷ്യനും മൃഗങ്ങളും പൂക്കളും പുഴകളും മരങ്ങളും ഇഴജന്തുക്കളും എല്ലാം പ്രകൃതിസ്വരൂപിണിയായ ദേവിയുടെ മക്കള്‍ തന്നെ. ഈ ദിവ്യസന്നിധിയില്‍ നാനാത്വബോധമോ ഭേദഭാവനയോ ഉണ്ടാകുന്നില്ല. സര്‍വവും ബ്രഹ്മസ്വരൂപിണിയായ ദേവി തന്നെ. ഭേദങ്ങളെല്ലാം അമ്മയുടെ ലീലാവിലാസങ്ങള്‍ മാത്രം. കോടമഞ്ഞു മൂടിയതിനാല്‍ മുന്‍പിലുള്ള ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നു. എങ്കിലും ശാന്തമായ പ്രകൃതി. പ്രകൃതിയുമായുള്ള സത്സംഗം ഒരുവനെ നിശ്ചലതത്വത്തിലെത്തിക്കും എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ദിവ്യജനനിയുടെ ഈ പരിപാവന സന്നിധി. മനസ്സ് സ്വയം ധ്യാനനിഷ്ടമാകുന്ന അപൂര്‍വമായ അനുഭവം ഏതൊരുവനെയും
ആനന്ദപുളകിതനാക്കും.
പ്രകൃതിയുടെ നിശബ്ദ സൌന്ദര്യം ആസ്വദിച്ചു ഞങ്ങള്‍ അവിടെയിരുന്നു. അവശ്യസാധങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന തീപ്പെട്ടി ഹോട്ടല്‍ മുറിയില്‍ വച്ച് മറന്ന കാര്യം അപ്പോഴാണ്‌ ഓര്മ വന്നത്. രാത്രി തങ്ങാന്‍ അല്പമെങ്കിലും പ്രകാശം ആവശ്യമാണ്‌. പ്രത്യേകിച്ചും പുലിയുടെ ഉപദ്രവം അടുത്തിടെ ഉണ്ടായി എന്നറിഞ്ഞിരുന്നു. അതോടൊപ്പം പാമ്പുകളും ധാരാളമുണ്ട്. ശിവലിംഗത്തിനു സമീപം തിരിയും എണ്ണയും ഉണ്ട്. നനഞ്ഞ ഒരു തീപ്പെട്ടിക്കൂട് കണ്ടു. നനഞ്ഞിരുന്നതിനാല്‍ കത്തിയില്ല. ഉടന്‍ തന്നെ അതെടുത്ത് ഞങ്ങളുടെ കയ്യിലുള്ള കശ്മീരി പശ്മിന കമ്പിളിയില്‍ പൊതിഞ്ഞു ബാഗില്‍ വച്ചു. ആരോ ഒരു നീളന്‍ തുണി അവിടെ വച്ചിരുന്നു. ഞങ്ങള്‍ അതില്‍ കമ്പും കല്ലും കെട്ടി ടെന്റ് പോലെയാക്കി. തണുത്ത കാറ്റില്‍ നിന്നും രക്ഷ നേടാന്‍ അത് ധാരാളമായിരുന്നു. ഏകദേശം ആറു മണി ആയപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി. ബാഗില്‍ നിന്നും തീപ്പെട്ടിക്കൊള്ളികള്‍ ഓരോന്നായി എടുത്ത് ഉരച്ചു നോക്കി. അതില്‍ മൂന്നെണ്ണം മാത്രം കത്തി. എങ്കിലും കാറ്റ് ശക്തമായതിനാല്‍ കെട്ട് പോയി. കയ്യില്‍ ചാര്‍ജ് തീരാറായ മൊബൈല്‍ മാത്രമേ വെളിച്ചത്തിന് ഉള്ളൂ എന്നതിനാല്‍ വേഗം തന്നെ ഞങ്ങള്‍ തുണി വിരിച്ചു കിടക്ക തയ്യാറാക്കി വച്ചു. ഏകദേശം എട്ടു മണിയോടെ ഞങ്ങള്‍ ബിസ്ക്കറ്റും വെള്ളവും കഴിച്ചു കിടന്നു. കാനനസുന്ദരിയുടെ രാത്രികാല സൌന്ദര്യം പ്രകൃതി അണിയിച്ചൊരുക്കിയിരുന്നു. രാപ്പക്ഷികളുടെ കളകൂജനവും രാത്രിയുടെ ഗീതാലാപനവും തണുത്ത കാറ്റിന്റെ അകമ്പടിയില്‍ ഭയത്തിനു പകരം ആനന്ദത്തെയാണ്‌ ഉളവാക്കിയത്. രാത്രിയില്‍ കാടിന് ഇത്രയും മനോഹാരിത ഉണ്ടെന്നു അപ്പോഴാണ്‌ ബോധ്യമായത്. അതും ആസ്വദിച്ചു ഞങ്ങള്‍ ദേവീധ്യാനത്താല്‍ മൂടിപ്പുതച്ചു കിടന്നു.
ചെറിയ ഞണ്ടുകളും അവയുടെ കുഞ്ഞുങ്ങളും യാതൊരു ഉപദ്രവവും ഉണ്ടാക്കാതെ ഞങ്ങളുടെ ഇടയിലൂടെ അവയുടെ മാളങ്ങളിലേക്ക് ഇതിനിടയില്‍ പോയിരുന്നു. ഗുഹയ്ക്കുള്ളില്‍ ചെറുതും വലുതുമായ കുറെ മാളങ്ങള്‍ കാണാം. കൂടുതലും വലുതും ചെറുതുമായ ഞണ്ടുകളുടെ
വാസസ്ഥലങ്ങള്‍. ഞണ്ടുകളെ കൂടാതെ എലി, അണ്ണാന്‍, ചാട്ടക്കാരന്‍ എന്ന് വിളിക്കപെടുന്ന ഒരിനം പ്രാണി തുടങ്ങിയവയും ഞങ്ങളുടെ സമീപം ഓടി നടന്നിരുന്നു.രാത്രിയില്‍ കാടിനു വന്യത മാത്രമല്ല വശ്യതയും ഉണ്ടെന്നു പുറത്തേക്ക് നോക്കിയാല്‍ മനസ്സിലാകുമായിരുന്നു. പുറത്തു തണുത്ത കാറ്റ് വലുതായ ശബ്ദത്തോട് കൂടി വീശിക്കൊണ്ടിരുന്നു. പ്രകൃതിയുടെ പ്രണവജപം പോലെ വായു മൂളിക്കൊണ്ടിരുന്നു. കാറ്റിന്റെ തണുപ്പില്‍ നിന്നും താല്‍കാലികമായി ഉണ്ടാക്കിയ ടെന്റ് ഞങ്ങളെ സംരക്ഷിച്ചു.ഗുഹയ്ക്കുള്ളിലെ ജീവികള്‍ ഞങ്ങളുടെ സുഖനിദ്രയ്ക്ക് യാതൊരു തടസ്സവും ഉണ്ടാക്കിയില്ല.

പുലര്‍ച്ചെ ഉണര്‍ന്നു കണ്ണ് തുറന്നു നോക്കിയപ്പോള്‍ അതിശയകരമായ ദൃശ്യമാണ് കണ്ണില്‍പ്പെട്ടത്. പ്രകൃതി അവളുടെ സൌന്ദര്യത്തിന്റെ മൂര്‍ത്തിമത്ഭാവമായി സ്വയം ആവിഷ്കരിച്ചിരിക്കുന്ന മനോഹരമായ കാഴ്ച. മേഘജാലങ്ങള്‍ താഴെയിറങ്ങി വന്നു വെഞ്ചാമരം വീശിയപോലെ പ്രകടമായി. കോട മാറിയിരുന്നതിനാല്‍ ദൂരെ മറ്റു മലകളും നാട്ടിന്‍ പ്രദേശവും കാണാം. പച്ചപരവതാനി വിരിച്ചു വെള്ള മേഘങ്ങളുടെ പുതപ്പണിഞ്ഞ കുടജാദ്രിയുടെ സൌന്ദര്യം ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ അപര്യാപ്തമാണ് കണ്ണുകള്‍ക്കൊപ്പം ഹൃദയവും ശ്രേഷ്ഠമായ അനുഭൂതിയുടെ തലത്തിലേക്ക് ഉയരുന്ന കാഴ്ചകള്‍.
അവിടെ നിന്നും ആറു മണിയോടെ ഞങ്ങള്‍ തിരിച്ചു കയറി. പ്രധാന കവാടത്തില്‍ ഒരു ജീപ്പ് കിടന്നിരുന്നു. കൊല്ലൂര്‍ക്ക് പോകുവാന്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം ഉള്ളതിനാല്‍ ജീപ്പ്കൂലി അധികമായിരുന്നു. പിന്നെയുള്ളത് നടപ്പാതയായ കാട്ടുവഴിയാണ്. മഴക്കാലമായതിനാല്‍ നിറയെ അട്ടകള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എങ്കിലും ദേവീനിശ്ചയമെന്ന വണ്ണം ഞങ്ങള്‍ രണ്ടും നടക്കുവാന്‍ തീരുമാനിച്ചു. മഴ പെയ്തു വഴുക്കല്‍ ഉണ്ടായിരുന്നുവെങ്കിലും സാമാന്യം വേഗം തന്നെ നടക്കുവാന്‍ കഴിഞ്ഞു. ഉള്‍ക്കാട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ നിറയെ അട്ടകള്‍. രക്തമൂറ്റാനായി അവ കാലിലേക്ക് ചാടിക്കൊണ്ടിരുന്നു. അവിടെ നിന്നും തുറസായ സ്ഥലത്തെത്തി കാലില്‍ പിടിച്ച അട്ടകളെ എടുത്തു കളഞ്ഞു. ഇനിയങ്ങോട്ട് കുറച്ചുകൂടി ദൂരമേറിയതും കരിയിലകള്‍ മഴയില്‍ കുതിര്‍ന്നു അട്ടകള്‍ സ്വസാമ്രാജ്യമാക്കി കാടിനു കാവലെന്നപോലെ വസിക്കുന്ന കാട്ടുപ്രദേശമാണ്. അപ്പോഴാണ്‌ അമൃതാഞ്ജന്‍ കയ്യിലുള്ള കാര്യമോര്‍ത്തത്. ഞങ്ങള്‍ രണ്ടു പേരും കാലില്‍ നിറയെ അത് പുരട്ടി. അതിനാല്‍ അട്ടകളില്‍ നിന്നും രക്ഷ നേടാനായി.പരമാവധി വേഗത്തിലാണ് പിന്നീട് കാട്ടിലൂടെ ഇറങ്ങിയത്. അഞ്ച് കിലോമീറ്ററോളം നടന്നു ഒടുവില്‍ തീര്‍ഥാടകര്‍ക്ക്‌ ആശ്വാസമായുള്ള അവിടെയുള്ള ഒരേ ഒരു ഹോട്ടലിന്റെ മുന്നിലെത്തി. അവിടെ നിന്നും ഭക്ഷണം കഴിച്ചു വിശ്രമിക്കുമ്പോള്‍ ഞങ്ങള്‍ക്കെന്ന പോലെ രണ്ടു ബൈക്കുകള്‍ അവിടെയെത്തി. മെയിന്‍ റോഡില്‍ ഇറക്കാമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ അവിടെ നിന്നും വീണ്ടും അഞ്ച് കിലോമീറ്റര്‍ ബൈക്കില്‍ ഞങ്ങള്‍ മെയിന്‍ റോഡിലെത്തി. ബസ്‌ സ്റ്റോപ്പില്‍ എത്തിയതും കൊല്ലുര്‍ക്കുള്ള ബസ് വന്നതും ഒരുമിച്ചു തന്നെ. ഞങ്ങള്‍ പരസ്പരം ആശ്ചര്യത്തോടെ നോക്കി ചിരിച്ചു കൊണ്ട് കൊല്ലൂരിലേക്ക് മടങ്ങി. പത്തു മണിയോട് കൂടി റൂമിലെത്തുമ്പോള്‍ ദേവിയുടെ ലീലാവിലാസങ്ങളുടെ ആശ്ചര്യവും ആനന്ദവും നുകര്‍ന്ന് മനസ്സ് ശാന്തമായിരുന്നു.ചിദ്രൂപിണിയായ അമ്മയായും, ലീലാവിനോദിനിയായ ബാലയായും ആത്മാവില്‍ സ്വസ്വരൂപമായ് ലീലാവിലാസങ്ങള്‍ തീര്‍ക്കുന്ന നിരതിശയാനന്ദസൌന്ദര്യപാരാവാരമായ ജഗദംബികയ്ക്ക് സഹസ്രകോടി നമസ്ക്കാരം.

Comments