നാദാന്തം


അവ്യക്തമായ  പ്രകൃതിയില്‍ നിന്നും ഉത്ഭവിച്ച് അജ്ഞാതമായൊരു  ലക്ഷ്യത്തെ പ്രാപിക്കാനായി ഒഴുകിക്കൊണ്ടേയിരിക്കുന്ന ഒരു നദിയുണ്ട്. ഹരിതാഭമായ കാനനസുന്ദരിയുടെ ലാസ്യമാസ്വദിച്ചും, മന്ദമാരുതന്റെ മൃദുസ്പര്‍ശമേറ്റും പകലിന്റെ ചൂടു കൊണ്ടും  രാത്രിയുടെ തണുപ്പേറ്റും ഭൂമിയോട് സല്ലപിച്ചും  പാറക്കൂട്ടങ്ങളുമായി മല്ലടിച്ചും അതിശയകരമായ വഴികളിലൂടെ ഭൂതകാലത്തിന്റെ നൊമ്പരവും വര്‍ത്തമാനത്തിന്റെ നൈരന്തര്യവും ഭാവിയുടെ ആശങ്കയും പേറി ഒഴുകുന്ന ജീവനദി. ആ നദി ഒഴുകിയെത്തുന്നത് അജ്ഞാതമായതും, ലവണരസമാര്‍ന്നതും, രത്നങ്ങളും മുത്തുച്ചിപ്പികളും നിറഞ്ഞതും,ജലകന്യകമാര്‍ മാനസാര്‍ച്ചന ചെയ്യുന്നതും ആഴമേറിയതുമായ മഹാസമുദ്രത്തിലാണ്. ആ മഹാസമുദ്രം തിരയിളക്കങ്ങളുടെ പ്രണവധ്വനി മുഴക്കുന്ന നാദസമുദ്രം തന്നെയാകുന്നു. ആദിഗായകന്റെ വേണുവൂതിയ  ശ്രുതിഭേദങ്ങള്‍  ആ തിരച്ചുഴികള്‍ ആവര്‍ത്തിക്കുന്നു. വീണാവാദനത്തിന്റെ തന്ത്രീകമ്പനങ്ങള്‍ തീര്‍ത്ത സാമഗാനമാധുരിയും   മൃദംഗധ്വനിയുടെ  ഗാംഭീര്യവും മണിക്കിലുക്കങ്ങളുടെ മൃദുലതയും സമ്മേളിക്കുന്ന സംഗീതാലാപനം ആ നാദസമുദ്രത്തില്‍ സദാ മുഴങ്ങിക്കൊണ്ടിരിക്കുന്നു    പ്രാണവായുവിന്റെ വിക്ഷേപങ്ങളായ തിരച്ചുഴികള്‍ക്കപ്പുറം നാദാന്തമാകുന്ന അഭയസ്ഥാനമാകുന്നു. തിരയടങ്ങിയ ആ നാദാന്തം ശാന്തിയുടെ കവാടമാകുന്നു.പൂര്‍ണ്ണതയിലേക്കുള്ള വാതിലാകുന്നു. നിത്യതയുടെ ആനന്ദം മാത്രം അവശേഷിക്കുന്ന എകതയുടെ സ്വരൂപമായ കൈവല്യപദം അതാകുന്നു.  ഏകവും നിത്യവും ശുദ്ധവും ബുദ്ധവും നിരതിശയവുമായ  അദ്വിതീയസൌന്ദര്യവും അതാകുന്നു. 

Comments