നാചികേതം



ധര്‍മ്മിഷ്ഠനും നിഷ്കളങ്കനുമായ ഒരു ബാലകനുണ്ടായിരുന്നു. തന്റെ പിതാവിന്റെ അധാര്‍മ്മികതയില്‍ അസ്വസ്ഥനായി തന്നെ ആര്‍ക്ക് ദാനം ചെയ്യും എന്നു ചോദിച്ച നചികേതസ്. പിതാവ് ദാനം ചെയ്തതോ മഹാഗുരുവായ യമനും. കാലത്തിന്റെ ദേവതയെ തേടി ആ പിഞ്ചു ബാലകന്‍ യാത്ര ചെയ്തു. മൂന്നു ദിവസം ആ കുട്ടി ആഹാരമില്ലാതെ യമനെ കാത്തു നിന്നു. ഒന്നാമത്തെ പരീക്ഷ അവിടെ വിജയിച്ചു. ശരീരത്തിന്റെ ഏറ്റവും പ്രധാന ആവശ്യമായ അന്നത്തെ, വിശപ്പിനെ വിജയിക്
കുക.അതിന്റെ ഫലമായി യമന്‍ മൂന്നു വരങ്ങള്‍ നല്‍കുവാന്‍ തയ്യാറായി. കാലം കാത്തിരിക്കുന്നവര്‍ക്കായി വരങ്ങള്‍ നല്‍കിടും. നചികേതസ് ആദ്യം ആവശ്യപെട്ടത്‌ തിരിച്ചു തന്റെ പിതാവിന്റെ അടുക്കല്‍ എത്തുവാനും അദ്ധേഹത്തിന്റെ ക്രോധം ഇല്ലാതെയാകുവാനും ആണ്. ഏതൊരു കൊച്ചു കുട്ടിയും തന്റെ മാതാപിതാക്കളുടെ അടുക്കലേക്കു മടങ്ങുവാന്‍ തന്നെ താല്പര്യപ്പെടും. അവര്‍ തിരിച്ചു ചെല്ലുമ്പോള്‍ സ്നേഹത്തോടെയുള്ള പെരുമാറ്റവും ആഗ്രഹിക്കും. രണ്ടാമത്തെ വരം സ്വര്ഗ്ഗപ്രാപ്തിക്കായുള്ള വൈദിക യജ്ഞത്തെക്കുറിച്ചുള്ള അറിവായിരുന്നു. ഭൌതികമായ ഐശ്വര്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം എന്ന് കരുതുന്ന സ്വര്ഗ്ഗപ്രാപ്തിയാണ് അവന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഒരു ബാലകനില്‍ നിന്നും പ്രതീക്ഷിക്കാത്ത മൂന്നാമത്തെ വരം കാലത്തെ ഞെട്ടിച്ചു. സത്യത്തെ തന്നെ വരമായി ചോദിച്ചാല്‍ കാലം കുഴങ്ങുമല്ലോ. കാലമാകട്ടെ അവന്റെ മുന്നില്‍ അനേകം വാഗ്ദാനങ്ങള്‍ നിരത്തി. അവനു രാജ്യവും, കുതിരകളും, ധനവും, സുഖങ്ങളും എല്ലാം വാഗ്ദാനം ചെയ്തു. എങ്കിലും അവന്‍ കുലുങ്ങിയില്ല. കാലമേ ഇതെല്ലാം നീ തന്നെ വെച്ച് കൊള്ളൂ. സത്യമല്ലാതെ മറ്റൊന്നും എനിക്കറിയണ്ട. ഇപ്രകാരം ധീരനായി അവന്‍ പറയുന്നു. ആത്മാവിനെ അറിയുവാന്‍ ചെന്ന കുട്ടിയോട് കാലം അനേകം ഭൌതിക സമ്പത്തുകള്‍ നല്‍കാമെന്നു പറയുന്നു. സ്വാഭാവികമായും സാധാരണ ഒരാള്‍ അത് സ്വീകരിച്ചു മടങ്ങി പോകാം. എന്നാല്‍ അവയുടെ നിരര്‍ത്ഥകത മനസിലാക്കിയ ബാലന്‍ അവയെല്ലാം തിരസ്കരിക്കുന്നു. ത്യാഗമാണ് ജ്ഞാനത്തിന്റെ സഹചാരി. ത്യാഗിയായ നചികേതസ്സിന്റെ മുമുക്ഷുത്വം ബോധ്യമായ കാലം അവനു അമൃതമാകുന്ന ആത്മജ്ഞാനം നല്‍കുന്നു.ആത്മാന്വേഷണത്തിന്റെ പാത ദുര്‍ഘടമാണ്. വാസനകളാകുന്ന ഹിംസ്രജന്തുക്കള്‍ നിറഞ്ഞ ആ കാനനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കെണ്ടിയിരിക്കുന്നു. നാമും നചികേതസ്സിനെ പോലെ ജാഗരൂകരാകേണ്ടിയിരിക്കുന്നു. കേവലം ഭൌതികമായ ഭ്രമങ്ങള്‍ക്ക് വശംവദരാകുന്നവര്‍ ഇടറി വീഴുന്നു. സ്വര്‍ഗ്ഗരാജ്യം കുട്ടികളെ പോലെ ഉള്ളവര്‍ക്കാണ് എന്ന് ക്രിസ്തു പറയുന്നു. വെറും കുട്ടികള്‍ക്കുള്ളതല്ല . നചികേതസ്സിനെ പോലുള്ള ചുണക്കുട്ടികള്‍ക്കുള്ളതാണ്.

Comments

kishanjishna said…
കാലനും നചികേതസും ചിത്രം മനോഹരം.
kishanjishna said…
ജ്ഞാനേശ്വരന്റെ ഗീതാവ്യാഖ്യാനം വായിക്കുവാന്‍ http://sreyas.in/atmasashatkaratinte-paramanandham-jnaneswari-10-16-17-18