ആരണ്യകാണ്ഡം
വളരെ ആകാംഷയോടെയാണ് അവള്‍ ആ വാര്‍ത്ത ശ്രവിച്ചത് . രണ്ടു യുവാക്കള്‍ ഒരു സ്ത്രീയോടൊപ്പം വനത്തില്‍ പര്‍ണ്ണശാല നിര്‍മ്മിച്ചുവത്രേ. തോഴിമാര്‍ നല്‍കിയ വര്‍ണ്ണന കേട്ടപ്പോള്‍ ആകാംഷയോടൊപ്പം മോഹവും ജനിച്ചു . പ്രത്യേകിച്ചും ആ യുവാക്കളില്‍ ഒരാള്‍ തേജസ്വിയും വീരനും സുന്ദരനും ആണെന്നുള്ള വിവരം അവളെ കൂടുതല്‍ മോഹിപ്പിച്ചു. പക്ഷെ ആരാണ് കൂടെയുള്ള ആ സ്ത്രീ? അവളുടെ മനസ്സിനെ വേദനിപ്പിക്കുന്ന മറുപടിയും ലഭിച്ചു. 'ആ തേജസ്വിയുടെ പത്നി തന്നെ'. എങ്കിലും അദ്ധേഹത്തെ ഒന്ന് കാണണം എന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ഒരു ഇണയെ മോഹിച്ചു നടന്നിരുന്ന യൌവ്വനയുക്തയായ അവളില്‍ മോഹം ഉദിച്ചതില്‍ അത്ഭുതമില്ല. രാക്ഷസകുലത്തിന്റെ ഒമാനപ്പുത്രിയായ അവള്‍ക്കു ആഗ്രഹിച്ചതെല്ലാം നേടണം എന്ന ജന്മസഹജമായ വാശിയും ഉണ്ടായിരുന്നു .അവള്‍ തോഴിമാരെയും കൂട്ടി പര്‍ണ്ണശാലയിലേക്ക് പോയി . അല്പം അകലെ ഒരു മരത്തിന്റെ മറവില്‍ അവര്‍ നിന്നു. ഒരു സ്ത്രീരത്നം ചെടികളില്‍ നിന്നും പുഷ്പങ്ങള്‍ പറിച്ചുകൊണ്ടിരുന്നു. അതായിരിക്കണം താന്‍ കാണാന്‍ കൊതിക്കുന്ന പുരുഷന്റെ പത്നി. രാക്ഷസപുത്രി ആത്മഗതം ചെയ്തു . കുറച്ചു മാറി കുടിലിന്റെ അറ്റകുറ്റപണികള്‍ ചെയ്തുകൊണ്ടിരുന്ന ഒരു യുവാവിനെ അവള്‍ കണ്ടു. സംശയത്തോടെ അവള്‍ തന്റെ സഖിമാരെ നോക്കി. അവള്‍ കാണാന്‍ കൊതിച്ച ആള്‍ അതല്ല എന്ന അര്‍ത്ഥത്തില്‍ അവര്‍ തലയാട്ടി . അക്ഷമയായി അവള്‍ ആ വൃക്ഷത്തിന്റെ മറവില്‍ കാത്തു നിന്നു.
അല്‍പനേരം കഴിഞ്ഞപ്പോള്‍ ആ തേജസ്വിയായ പുരുഷോത്തമന്‍ കുടിലിന്റെ വെളിയിലേക്കിറങ്ങി വന്നു. കാമദേവന്‍ ഭൂമിയിലേക്കിറങ്ങി വന്നോ എന്നവള്‍ സംശയിച്ചു. വീരനായ ആ പുരുഷനെ അവള്‍ ഇമവെട്ടാതെ നോക്കി നിന്നു. താന്‍ ആരാണെന്നോ എവിടെയാണെന്നോ അവള്‍ ഓര്‍ത്തില്ല. അയാളുടെ മുഖത്ത് നിന്നും കണ്ണെടുക്കാന്‍ അവള്‍ക്കായില്ല. സൂര്യതേജസ് ഭൂമിയില്‍ പ്രകാശകിരണങ്ങള്‍ വര്ഷിക്കുംപോലെ ആ മഹാനുഭാവന്‍ തന്റെ ചുറ്റുമൊരു പ്രഭാവലയം സൃഷ്ടിച്ചതായി അവള്‍ക്കു തോന്നി. പൂക്കള്‍ ഇറുത്തു കഴിഞ്ഞ തന്റെ പത്നിയോടൊപ്പം അദ്ദേഹം കുടിലിനുള്ളിലേക്ക് പ്രവേശിച്ചു . നേരം സന്ധ്യയായിരിക്കുന്നു.തോഴിമാരെയും കൂട്ടി മനസ്സില്ലാമനസ്സോടെ രാക്ഷസ്സാംഗന മടങ്ങി.
അവള്‍ ആകെ അസ്വസ്ഥയായിരുന്നു. മോഹത്തിന്റെ പുഷ്പങ്ങള്‍ അവളുടെ മനസ്സില്‍ കൂമ്പാരം കൂട്ടിയിരുന്നു. എങ്ങനെയും ആ വീരനെ സ്വന്തമാക്കണം എന്ന ചിന്ത അവളെ വേട്ടയാടി. അസ്വസ്ഥത മാറ്റുവാനായി അവള്‍ പൂജാഗൃഹത്തില്‍ ചെന്നിരുന്നു. വെണ്ണക്കല്ലില്‍ തീര്‍ത്ത ശിവവിഗ്രഹത്തിനു മുന്‍പില്‍ അവള്‍ നമസ്ക്കരിച്ചു . അവള്‍ തന്റെ ആഗ്രഹം പരമേശ്വര സന്നിധിയില്‍ സമര്‍പ്പിച്ചു. പൊടുന്നനെ അവളില്‍ വിപരീത ചിന്ത ഉണര്‍ന്നു. താന്‍ മോഹിച്ച പുരുഷന്‍ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവാണ്. ഒരു ഘോര പാപം തന്നെയല്ലോ താന്‍ ചെയ്യുന്നത്. അന്യപുരുഷനെ കാമിക്കുന്നത് ഒരു സ്ത്രീക്ക് ഭൂഷണമോ? താന്‍ ഇത് ചെയ്യാന്‍ പാടുള്ളതല്ല. ലോകം എന്നെ പരിഹസിക്കും. ആ സ്ത്രീ എന്നെ ശപിക്കും. ഇത്തരം ചിന്തകള്‍ അവളെ ധര്‍മ്മസങ്കടത്തിലാക്കി. പക്ഷെ അവളുടെ രാക്ഷസബുധിയെ അതിജീവിക്കാന്‍ അവളില്‍ ക്ഷണികമായി ഉണ്ടായ സാത്വികവിചാരത്തിന് സാധിച്ചില്ല. വികാരം വിചാരത്തെ അതിജീവിച്ചു. താന്‍ മോഹിച്ചത് തനിക്കു തന്നെ. എന്ത് സാഹസതാലും താന്‍ അത് നേടും എന്നിങ്ങനെ അവള്‍ ചിന്തിച്ചുകൊണ്ടിരുന്നു. അങ്ങനെ ആ രാത്രി വികാരവിചാരങ്ങളുടെ വേലിയേറ്റത്തോടെ കടന്നുപോയി .
അവള്‍ ഒരു തീരുമാനമെടുത്തു. ആ മഹാനുഭാവനോട് പ്രണയാഭ്യര്‍ത്ഥന നടത്തുക തന്നെ. അതിനായി അവള്‍ തയ്യാറെടുത്തു. തന്റെ കറുത്ത ശരീരത്തില്‍ അവള്‍ മഞ്ഞളും ചന്ദനവും പൂശി. സുഗന്ധദ്രവ്യങ്ങളാല്‍ അവള്‍ മേനിയെ ഒരുക്കി. നെറ്റിയില്‍ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന ഭസ്മക്കുറി ചാര്‍ത്തി. കര്‍ണ്ണങ്ങളില്‍ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന കുണ്ടലവും കാലുകളില്‍ പാദസരങ്ങളും അണിഞ്ഞു.രത്നം പതിപ്പിച്ച മാലകള്‍ മാറിലണിഞ്ഞും, മുത്ത് പതിപ്പിച്ച വളകലണിഞ്ഞും അവള്‍ ശോഭിച്ചു. രാജകീയമായ പട്ടുവസ്ത്രമുടുത്ത അവളെകണ്ട് തോഴിമാര്‍ അസൂയാലുക്കളായി. പൂക്കളും മാല്യങ്ങളും താലത്തിലൊരുക്കി അവള്‍ പര്‍ണ്ണശാലയിലേക്ക് ചെന്നു.
കുടിലിന്റെ വാതില്‍ക്കല്‍ തന്റെ പ്രിയതമന്‍ പത്നിയോടൊപ്പം ഇരിക്കുന്നത് അവള്‍ കണ്ടു. അനുജനാകട്ടെ പുറകില്‍ തണലായ് നിന്നു വിശറി വീശുന്നു. രാക്ഷസപുത്രി അവരുടെ അടുത്തേക്ക് ചെന്നു. അപരിചിതയായ അവളോട് തേജസ്വിയായ ആ പുരുഷന്‍ ചോദിച്ചു " പര്‍ണ്ണശാലയിലേക്ക് സ്വാഗതം. ഭവതി ആരാണ് ?"
"മഹാസാഗരത്തിന് തിലകം ചാര്‍ത്തി ശോഭിക്കുന്ന സ്വര്‍ണ്ണനഗരിയുടെ ചക്രവര്‍ത്തീസോദരി ആണ് ഞാന്‍" അവള്‍ പറഞ്ഞു
ആശ്ചര്യത്തോടെ അദ്ദേഹം ചോദിച്ചു "ചക്രവര്‍ത്തീ സോദരി പര്‍ണ്ണശാലയിലോ ?
മറുപടി പറയാതെ അവള്‍ ലജ്ജയോടെ നിന്നു. അവളുടെ തോഴിമാര്‍ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അല്പസമയത്തിനു ശേഷം അവള്‍ തന്റെ ഉദ്ദേശം വ്യക്തമാക്കി.
"ഞാന്‍ അങ്ങയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. വിശിഷ്ടമായ പൂക്കള്‍ കൊണ്ടുണ്ടാക്കിയ ഈ വര്‍ണ്ണമാല്യം അങ്ങയെ അണിയിക്കാന്‍ ആണ് ഞാനെത്തിയത്" അവള്‍ പറഞ്ഞു.
ഈ മറുപടി കേട്ടതും ആ മഹാനുഭാവന്റെ പത്നി ചാടിയെഴുന്നേറ്റു പറഞ്ഞു
"ഹേ മൂഡെ!! എന്റെ പതി വിശ്വനായകനും പുരുഷോത്തമനും ആണ്. അദ്ധേഹത്തിന്റെ ധര്‍മപത്നിയെ കണ്ടിട്ട് തന്നെയാണോ നീ ഈ പുലമ്പുന്നത്? അപമാനിതയാകേണ്ട എങ്കില്‍ വേഗം മടങ്ങുക "
രാക്ഷസപുത്രി കോപം കൊണ്ട് ജ്വലിച്ചു. അവള്‍ ആ മഹതിയെ ക്രോധത്തോടെ നോക്കി. ഇവളാണ് തന്റെ ശത്രു. ഇവള്‍ ഇല്ലാതായാല്‍ എന്റെ ആഗ്രഹം സഫലമാകും.ഇത്തരം ചിന്തയാല്‍ ആ സ്ത്രീയെ ആക്രമിക്കാനായി അവള്‍ തുനിഞ്ഞു.
അത്രയും സമയം നിശ്ശബ്ദനായി നിന്ന അനുജന്‍ മുന്നോട്ടാഞ്ഞു. തന്റെ മാതാവിന് സമയായ ജ്യേഷ്ഠപത്നിയെ ആക്രമിക്കാന്‍ തുനിയുന്ന രാക്ഷസിയുടെ മുന്നിലേക്ക് അയാള്‍ കുതിച്ചു ചെന്നപ്പോള്‍ അനന്തനാഗം സീല്‍ക്കാരം മുഴക്കിയപോലെ തോന്നി. ഭയത്തോടെ അവള്‍ പിന്നോട്ട് മാറി. പക്ഷെ രാക്ഷസിയായ അവള്‍ കീഴടങ്ങിയില്ല. ധൈര്യം കൈവിടാതെ അവള്‍ അവനെ ആക്രമിക്കാന്‍ തുടങ്ങി. ആ യോദ്ധാവ് തന്റെ അരയില്‍ കരുതിയിരുന്ന കഠാര ഊരിയെടുത്തു. സുഗന്ധലേപനം പുരട്ടിയ അവളുടെ നാസികയും മാതൃത്വം കൊതിച്ച അവളുടെ സ്തനങ്ങളും അവന്‍ വെട്ടി മാറ്റി. വേദന കൊണ്ട് വിറപൂണ്ട അവള്‍ നിലവിളിച്ചു. അവളുടെ കണ്ണുകള്‍ക്ക് കാഴ്ച മങ്ങി. മുന്നില്‍ ഇറ്റുവീഴുന്ന രക്തത്തില്‍ നോക്കാനാവാതെ അവള്‍ താഴെ വീണു.
തോഴിമാര്‍ അവളെ ഗൃഹത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ കാമവും മോഹവും സംഗമിച്ചു ജന്മം നല്‍കിയ ക്രോധത്തിന്റെ കരച്ചില്‍ അവളുടെ വിറയ്ക്കുന്ന നാവില്‍ നിന്നും പുറത്തേക്കു വന്നുകൊണ്ടിരുന്നു. അപമാനിതയായ അവള്‍ തന്റെ അന്ത:പുരത്തില്‍ വിങ്ങലടിച്ചപ്പോള്‍ തന്റെ ജ്യേഷ്ഠനായ സ്വര്‍ണനഗരിയുടെ അധിപനെ വിവരമറിയിക്കാന്‍ ആരോ പോയി എന്ന് തോഴിമാര്‍ പറയുന്നുണ്ടായിരുന്നു. അതിനകം തന്നെ, അംഗഭംഗം വന്ന ആ രാക്ഷസകന്യക കോപാഗ്നിയില്‍ ചുട്ടുപഴുപ്പിച്ച പ്രതികാരത്തിന്റെ വാള്‍ മനസ്സില്‍ മൂര്‍ച്ച കൂടിയിരുന്നു. ഒരു മഹായുദ്ധത്തിന്റെ മുന്നോടിയായുള്ള വിളംബരം പോലെ.
Comments