വിരാടപര്‍വ്വം





കര്‍മ്മചക്രം അവരെ കറക്കിക്കൊണ്ടേയിരുന്നു. അല്ലെങ്കില്‍ രാജ്ഞിയായി ജീവിച്ചവള്‍ ദാസിയാകേണ്ടി വരില്ലല്ലോ. വര്‍ണ്ണശബളമായ കൊട്ടാരത്തിന്റെ ഉറച്ചഭിത്തികളില്‍ പറ്റിപ്പിടിച്ച പൊടി തുടക്കുമ്പോഴും, വിഴുപ്പുകള്‍ അലക്കുമ്പോഴും അവളുടെ ഉള്ളം നീറിയിരുന്നു. കര്‍മ്മത്തിന്റെ വിക്രുതിയാല്‍ തന്റെ പ്രിയതമന്‍ ഭക്ഷണപ്പുരയില്‍ പുകയും കരിയും ഏറ്റു  കാലം കഴിക്കുന്നു. ഈ വിധി ആര്‍ക്കുമുണ്ടാവരുതെ എന്നവള്‍  പ്രാര്‍ത്ഥിച്ചിരുന്നു.

സുന്ദരിയായ ദാസിയില്‍ യുവരാജാവ് അനുരക്തനായി. പരസ്ത്രീയെ കാമിക്കാന്‍ തമോഗുണത്താല്‍ കീഴടക്കപെട്ട അവനു യാതൊരു മടിയുമുണ്ടായില്ല. അന്നവള്‍ കുളി കഴിഞ്ഞു തന്റെ നീണ്ട കാര്‍ക്കൂന്തല്‍ ഉണക്കിക്കൊണ്ടിരുന്നു. ലോഭവും മോഹവും അവന്റെ കൈകള്‍ക്ക് ബലമേകി. അവന്‍ അവളെ കടന്നു പിടിച്ചു. നിലവിളിക്കാന്‍ പോലും അവകാശമില്ലാത്ത ദാസി കുതറിയോടി . കരഞ്ഞു തീര്‍ക്കാന്‍  കണ്ണുനീര്‍ ബാക്കിയില്ലാത്ത വല ഭക്ഷണശാലയില്‍ വിറകിനു തീ കൊളുത്തി നിന്ന തന്റെ പ്രിയതമന്റെ സമീപത്തേക്ക് ഓടി. അവന്റെ കാലുകളില്‍ അവള്‍ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോള്‍ അതിനു തിളക്കമേകാന്‍ പുരുഷരോഷം വെമ്പല്‍ കൊണ്ടു.

ആ രാത്രി അവള്‍ക്കുറങ്ങാന്‍ ആയില്ല. പതിവ്രതയായ ആ സ്ത്രീരത്നം ആ ദുഷ്ടന് കീഴടങ്ങാന്‍ തയ്യാറല്ല. സമയം അര്‍ദ്ധരാത്രിയോട്‌ അടുത്തു. ഭയവും ദുഖവും തളര്‍ത്തിയ ഏതോ ഒരു നിമിഷത്തില്‍ അവള്‍ ഉറങ്ങി 

നിശീഥിനിക്ക്  കൂട്ടായി അന്ന് ചന്ദ്രബിംബം തെളിഞ്ഞിരുന്നില്ല . നിലാവ് പോലും ആ ഭീകരനെ ഭയപ്പെട്ടിരുന്നു.  ദാസിയെ പ്രാപിച്ചേ തീരു എന്ന വാശിയോടെ ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ യുവരാജാവുണര്‍ന്നു.അവളുടെ മുറിയുടെ തുറന്നിട്ട  വാതിലിലൂടെ അവന്‍ അകത്തേക്ക് പ്രവേശിച്ചു. അവളെ കണ്ടമാത്രയില്‍ അവള്‍ക്കൊരു പട്ടുമെത്ത സമ്മാനിക്കണം എന്നവന്‍ നിശ്ചയിച്ചു. ആ സൗന്ദര്യധാമം ഇന്നെന്റെ  സ്വന്തം എന്ന ചിന്തയാല്‍ അവന്‍ കട്ടിലില്‍ ഇരുന്നു .അവന്‍ അവളുടെ മുടിയില്‍ പതിയെ തലോടി. ശബ്ദമുണ്ടാക്കാതെ അവളുടെ ചാരത്തു കിടന്നു . ബലിഷ്ഠമായ തന്റെ കരങ്ങളാല്‍ അവന്‍ അവളെ വാരിപ്പുണര്‍ന്നു. അവളുടെ നിസ്സഹകരണം പ്രതീക്ഷിച്ച അവനെ സ്ഥബ്ധനാക്കിക്കൊണ്ട് അവള്‍ അവനെ കെട്ടിപിടിച്ചു.ആ സമാഗമം ആരും കാണാതിരിക്കുവാന്‍ രാത്രി സ്വയം കറുത്ത വസ്ത്രം ധരിച്ചു. ആ കറുത്ത രാത്രി പതുക്കെ അവസാനിച്ചു.

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ തന്നെ അവളുണര്‍ന്നു. താന്‍ എവിടെയാണുറങ്ങിയത്? ഭക്ഷണശാലയിലോ? സ്ഥലജലഭ്രമം സംഭവിച്ചപോലെ ആശ്ച്ചര്യപെട്ടുന്നിന്ന അവളുടെ കൈകളില്‍ ഭര്‍തൃകരം പിടിച്ചത് അവള്‍ അറിഞ്ഞു. ഭാണ്ടക്കെട്ടുകളുമായി രണ്ടുപേരും കൊട്ടാരം വിടുമ്പോള്‍ അവന്റെ വസ്ത്രത്തില്‍ പുരണ്ടിരുന്ന രക്തക്കറയുടെ ഉറവിടം അവള്‍ മനസ്സില്‍ അന്വേഷിച്ചുകൊണ്ടിരുന്നു.

Comments

Sakhi said…
Beautiful!! I liked this better than "bheemante Vlilaapam"...brief and complete....and encompassing everything.... :)
suggestion....do write about Rukmini...u can do it well...
sammadichu hariyettaa samadichu keep on writing