അരക്ക് കൊട്ടാരം



എന്നെയും കൂട്ടി അവള്‍ കുറെ ദൂരം നടന്നു. പോകുന്ന വഴികളിലെല്ലാം അവള്‍ എന്തോ തിരയുന്നുണ്ടായിരുന്നു. ഞാന്‍ അതിനെപ്പറ്റി വ്യാകുലപ്പെട്ടില്ല. ചില വഴികള്‍ മനോഹരങ്ങളായ പൂക്കള്‍ വീണു കിടന്നതിനാല്‍ ഭംഗിയുള്ളതായി തോന്നി. ചില വഴികള്‍ ദുര്‍ഘടമായിരുന്നു. ഒടുവില്‍ ഞങ്ങള്‍ അലങ്കരിച്ച ഒരു കൊട്ടാരത്തിലെത്തി . അവിടെ ഞാന്‍ ആരെയും കണ്ടില്ല . അവള്‍ എന്നെയും കൂട്ടി കൊട്ടാരത്തിന്റെ ഉള്ളിലേക്ക് കയറി. അകത്തു കേറിയപ്പോള്‍ മുതല്‍ എനിക്ക് അസ്വസ്തത തോന്നിയിരുന്നു. ചുറ്റും അരക്കിന്റെ ഗന്ധം. ഏതോ ആപത്തു വരുന്ന പോലെ. അവള്‍ എനിക്കുടുക്കാന്‍ വസ്ത്രം തന്നു. ഞാന്‍ ആ വസ്ത്രം ധരിച്ചു. വീണ്ടും അരക്കിന്റെ ഗന്ധം എനിക്ക് അനുഭവപ്പെട്ടു. എന്റെ വസ്ത്രവും ആ ഗൃഹവും അരക്ക് കൊണ്ടുണ്ടാക്കിയതാണോ? അവള്‍ തന്ന പാനീയം ഞാന്‍ മനസ്സില്ലാ മനസ്സോടെ കുടിച്ചു. അറിയില്ല പെട്ടെന്ന് തന്നെ ഞാന്‍ മയക്കത്തിലേക്കു വീണു.


എപ്പോളാണ്‌  ഉണര്ന്നതെന്നറിയില്ല . പക്ഷെ അരക്ക് കൊട്ടാരം കത്തി നശിച്ചിരുന്നു. അവിടമാകെ ഒരു ദുര്‍ഗന്ധം വ്യാപിച്ചിരുന്നു. എന്നെ അവിടെയെത്തിച്ച അവളെയും കാണ്മാനില്ല. എന്റെ അരക്ക് വസ്ത്രം കത്തിക്കരിഞ്ഞിരുന്നു. പക്ഷെ എനിക്കൊരു പോറല്‍ പോലുമില്ല. സ്തബ്ദനായി നിന്ന എനിക്ക് അടക്കിയ ചിരി കേള്‍ക്കാമായിരുന്നു. അവളുടെ ചിരി. പക്ഷെ ഞാന്‍ അവളെ കണ്ടില്ല. അഗ്നി ദഹിപ്പിച്ച ആ കൊട്ടാരം ശുദ്ധമാക്കാന്‍ മഴ പെയ്തു. ദുര്‍ഗന്ധത്തെ വായുവിന്റെ അനുചരന്മാര്‍ പറത്തിക്കളഞ്ഞു. ഞാന്‍ പതുക്കെ ആ മഴയും നനഞ്ഞു നടന്നു. . മൌനത്തിന്റെ കയ്യും പിടിച്ചു എങ്ങോട്ടെന്നറിയാതെ. 

Comments