മഹാസാഗരമേ മനസ്സേ
മനസ്സൊരു മഹാസാഗരം പോലെ ഇരമ്പിക്കൊണ്ടിരുന്നു. ആ ഇരമ്പലിന് നൊമ്പരം ശ്രുതി മീട്ടി. ഭാവമാറ്റങ്ങളുടെ രാഗമാലിക ആലപിച്ചുകൊണ്ട് ആ കടല്‍ ഏതോ സാങ്കല്പിക തീരത്തെ പുല്കിക്കൊണ്ടിരുന്നു. വാസനകളുടെ തിരമാലകള്‍ക്ക് ശക്തി കുറവായിരുന്നെങ്കിലും അവ കുതിച്ചു പൊങ്ങാന്‍ ശ്രമിച്ചു. പക്ഷേ വിവേചനബുദ്ധിയുടെ കരിങ്കല്‍ഭിത്തികളെ തച്ചുടക്കാന്‍ അവക്കായില്ല. ആ സാങ്കല്‍പ്പിക മണല്‍തീരത്ത് ഒരുപാട് പേര്‍ വന്നിരുന്നു. ചിലര്‍ മണ്ണില്‍ കൊട്ടാരമുണ്ടാക്കി. മറ്റുചിലര്‍ അക്ഷരമെഴുതി കളിച്ചു. ചിലര്‍ വെല്ലുവിളിച്ചു. ചിലര്‍ തിരയിലിറങ്ങി കുളിച്ചു. വേറെ ചിലര്‍ ചെറിയ വള്ളങ്ങള്‍ ഉണ്ടാക്കി മീന്‍ പിടിച്ചു. ചിലരെ വന്‍ സ്രാവുകള്‍ കൊന്നു കളഞ്ഞു. ചിലര്‍ നൌകകള്‍ ഉണ്ടാക്കി സഞ്ചരിച്ചു. പകലുകളും മധ്യാഹ്നങ്ങളും സായാഹ്നങ്ങളും രാത്രികളും കഴിഞ്ഞു. കുറെ പേര്‍ പോയി. കുറച്ചു പേര്‍ തീരത്ത് ഉലാത്തുന്നു. ഇനിയും ആളുകള്‍ വരും. എങ്കിലും ആരും അവിടെ സ്ഥിരമായിരുന്നില്ല; ഇരിക്കുകയുമില്ല. ശക്തി സംഭരിച്ചു സംഹാരമൂര്‍ത്തിയായ് ഈ മഹാസാഗരം ആഞ്ഞടിച്ചേക്കാം. തീരം മാത്രം ബാക്കിയാക്കി എല്ലാത്തിനെയും കടപുഴക്കുംബോളും നൊമ്പരത്തിന്റെ ശ്രുതി മീട്ടല്‍ നില്‍ക്കുകയില്ല. അത് അനന്തമായ് തുടരുക തന്നെ ചെയ്യം.
Comments