ഈശാവാസ്യമിദം സര്‍വ്വം

(ഈശാവാസ്യോപനിഷത്തിനു ഒരു മലയാളപദ്യഭാഷാന്തരം- ഹരികൃഷ്ണന്‍ ഹരിദാസ്)
ജഗത്തുസര്‍വ്വംപരമേശനാണഹോ
ത്യജിച്ചുവാഴേണമതിങ്കലൂന്നിയും
ഭുജിച്ചിടേണം കളയേണമാശയും
ധനത്തിനാരിന്നവകാശിയായിടും?

അതിന്നുപോരാതെ വലഞ്ഞുപോയിടില്‍
മരിക്കുവോളം ശുഭവേല ചെയ്തിടാം
മറയ്ക്കുചേര്‍ന്നാ മുറപോലെ ചെയ്തിടില്‍
അസംഗനാകാം വഴിവേറെയില്ലഹോ

അസുക്കളോടൊത്തു രമിച്ചു വാണിടും
നരന്റെ ലോകം ഇരുളാലണഞ്ഞിടും
സ്വയം ഹനിക്കുന്ന പുമാനനന്തരം
ഗമിച്ചിടുന്നൊരസുരന്റെ ലോകവും

മനസ്സിനെക്കാളതുവേഗമുള്ളതാം
ചലിച്ചിടാതേകമതായിരിപ്പതാം
ഗ്രഹിപ്പതല്ലകരണത്തിനൊട്ടുമേ
ധരിച്ചിതില്‍ മാരുതനിന്നു കര്‍മ്മവും

ചലിച്ചിടും നിശ്ചലമായിരുന്നിടും
അടുത്തുമുണ്ടതകലേയുമുണ്ടഹോ
അകത്തിരിക്കുന്നു ചരാചരത്തിലും
പുറത്തുമുണ്ടതു മഹാനഭസ്സുപോല്‍

സമസ്തഭൂതങ്ങളെനിക്കനന്യവും
അവയ്ക്കുസത്തായതു താനുമെന്നതും
അറിഞ്ഞിടുന്നൊരു പുമാനൊരിക്കലും
ജുഗുപ്‌സയില്ലിന്നൊരുവസ്തുവിങ്കലും

സമസ്തഭൂതങ്ങളിലേകരൂപമായ്
വിളങ്ങിവാഴുന്ന ചിദാത്മസത്തയായ്
സ്വയംതെളിഞ്ഞോരു വിവേകദൃക്കിനോ
വരില്ല ശോകം വരികില്ല മോഹവും

അതോ ഗമിക്കുന്നു നിറഞ്ഞു ശുദ്ധമായ്
അതല്ല ദേഹം അതിലില്ല പാപവും
മനീഷിയാം സാക്ഷിയതീശനാമവന്‍
പകുത്തിടുന്നൂ സമകള്‍ക്കിതര്‍ത്ഥവും

ചിലര്‍ക്കുകര്‍മ്മം പ്രിയമായിടുന്നിതാ
പതിച്ചുപോകുന്നൊരിരുട്ടിലിന്നവര്‍
ചിലര്‍ക്കുദേവാദിവിജ്ഞാനമേ പ്രിയം
പതിച്ചുപോകുന്നു മഹാതമസ്സിലും

അവിദ്യതന്നുടെഫലങ്ങള്‍ വേറെയാം
തരുന്നതോ വിദ്യയതിന്നു ഭിന്നമായ്
പറഞ്ഞിടുന്നതു വരിഷ്ഠസൂരികള്‍
ശ്രവിച്ചിതാചാര്യ വചസ്സിലൂടെയും

അവിദ്യയോടൊത്തൊരു വിദ്യയും ചിരം
സമുച്ചയിച്ചൊന്നു നടത്തിവന്നിടില്‍
കടന്നിടും മൃത്യുയവിദ്യയാലവന്‍
വരിച്ചിടും ദേവനെ വിദ്യയാലുടന്‍

ചിലര്‍ക്കസംഭൂതി പ്രിയങ്ങളായിടും
പതിച്ചുപോകുന്നൊരിരുട്ടിലിന്നവര്‍
ഹിരണ്യഗര്‍ഭന്റെയുപാസകര്‍ ചിലര്‍
പതിച്ചുപോകുന്നു മഹാതമസ്സിലും

ഫലങ്ങള്‍ സംഭൂതി തരുന്നു ഭിന്നമായ്
തരുന്നസംഭൂതിയതൊന്നുവേറെയായ്
പറഞ്ഞിടുന്നതു പുരാണസൂരികള്‍
ശ്രവിച്ചിതാചാര്യ വചസ്സിലൂടെയും

വിനാശമോടൊത്തു സമുച്ചയിച്ചൊരാ
അസംഭവത്തെ ശരിയായറിഞ്ഞിടില്‍
കടന്നിടുംമൃത്യു വിനാശമാലവന്‍
അസംഭവം നല്കുമഗാധമാം ലയം

തിളങ്ങിടും സത്യകവാടമിന്നിതാ
മറഞ്ഞിടുന്നോരു സുവര്‍ണ്ണമൂടിയാല്‍
അതൊന്നു നീക്കി വെളിവാക്കുസത്യവും
ദിവാകരാ നിന്റെയുപാസകന്നു നീ

അകറ്റു പൂഷാ കിരണങ്ങളൊക്കെയും
യമിക്കുമേകാന്ത നഭസ്ഥ സൂര്യ നീ
തെളിഞ്ഞുകാണട്ടെ ശുഭസ്വരൂപവും
അതാണഹം നിന്റെ യഥാര്‍ത്ഥരൂപവും

ഗമിക്ക സൂത്രാത്മപദം സമീര നീ
എരിഞ്ഞിടട്ടീയുടലൊന്നനന്തരം
സ്മരിക്കയോങ്കാരസ്വരൂപനാം ക്രതോ
സ്മരിക്ക കര്‍മ്മങ്ങള്‍ സ്മരിക്ക നീ ക്രതോ

നയിക്ക നല്ലോരു പഥത്തിലെന്നെയും
ഫലത്തിനായിട്ടറിവാര്‍ന്നൊരഗ്‌നി നീ
അകറ്റുകേനസ്സുചതിച്ചതെന്നുമേ
വിനീതമായ് നിന്നെ നമിച്ചിടുന്നു ഞാന്‍

( പ്രബുദ്ധകേരളം മാസികയുടെ ജനുവരി 2025 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് )

Comments