തിരച്ചുഴിയ്ക്കപ്പുറം
പ്രകൃതിയില്‍ ഉള്ള എല്ലാം തന്നെ ചരടില്‍ കോര്‍ത്ത മാലപോലെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രാപഞ്ചികവസ്തുക്കളെല്ലാം പ്രാണനാകുന്ന നൂലിനാല്‍ ഈശ്വരന്‍ കോര്‍ത്ത പുഷപ്ങ്ങളാണ്. ഈ പാരസ്പര്യം അറിഞ്ഞാല്‍ എല്ലാ വസ്തുക്കളും മിത്രസമാനമായിത്തീരും. എങ്കിലും രണ്ടു സംഗതികള്‍ക്ക് മനുഷ്യമനസ്സിനെ പ്രയത്നംകൂടാതെ സുഖപ്പെടുത്താനും ശാന്തമാക്കാനും ശേഷിയുണ്ട്. കടലും മലയുമാണവ. പ്രകൃതിയില്‍ പ്രാണന്‍ പ്രവര്‍ത്തിക്കുന്നത് വായുവിലൂടെയാണ്. വായുവിന്റെ പ്രവാഹം ശക്തമായി അനുഭവപ്പെടുന്ന രണ്ടു പ്രദേശങ്ങളാണ് കടല്‍ത്തീരവും മലമുകളും. താഴെ നിന്നു നോക്കിയാല്‍ മല വളരെ വലുതും ഇളകാതെ ഉറച്ചതും കഠിനകഠോരമായും അനുഭവപ്പെടും. എന്നാല്‍ മലയുടെ ഏറ്റവും മുകളിലോ വായുപ്രവാഹത്തിന്റെ ശീതളിമയും മേഘം മറയ്ക്കാത്ത വിശാലമായ ആകാശവും കാണാം. എല്ലാ കാഠിന്യങ്ങളെയും കടന്ന് ആകാശത്തിന്റെ അനന്തമായ വിശാലതയില്‍ മനസ്സും ചിതറിപ്പോകാതെ ശാന്തമാകും. കടലാകട്ടെ അനന്തവും അഗാധവുമായി നീണ്ടുനിവര്‍ന്നു കിടക്കുന്നു. അതിന്റെ തീരത്തോ ശക്തമായി പ്രവഹിക്കുന്ന തിരമാലകള്‍. പ്രക്ഷുബ്ധമായ മനസ്സിനെ ഓര്‍മ്മിപ്പിക്കുന്ന ഈ തിരമാലകള്‍ മനസ്സ്പോലെ വിഷയതീരങ്ങളില്‍ ആടിത്തിമിര്‍ക്കുന്നു. തീരത്തുള്ള മണ്ണു മാത്രമല്ല മനുഷ്യനെ വരെ അത് ആഴത്തിലേക്ക് കൊണ്ടുപോയി മുക്കിക്കൊല്ലും. എന്നാല്‍ അങ്ങകലെ തിരച്ചുഴിക്കപ്പുറമോ? ശാന്തഗംഭീരമായ ആഴക്കടല്‍. തിരകളടങ്ങിയ അഗാധത! വിക്ഷേപങ്ങള്‍ ഇല്ലാത്ത മനസ്സുപോലെ ശാന്തം. ബ്രഹ്മാദ്വയം പരമനന്തമഗാധബോധം എന്ന വ്യാസവചനംപോലെ കടലിന്റെ അഗാധവിദൂരതയില്‍ ധ്യാനിച്ചാല്‍ മനസ്സും അടങ്ങും. തിരച്ചുഴിയ്ക്കപ്പുറം നോക്കണം എന്ന് സ്വാമിതിരുവടികള്‍ പറഞ്ഞിട്ടുണ്ട്. തിരച്ചുഴിയ്ക്കപ്പുറമുള്ള കടലും മലയ്ക്ക് മുകളില്‍ ഉള്ള ആകാശവും മനസ്സിന്റെ പ്രക്ഷുബ്ധതയെ അടക്കും.
Comments