ആലിൻചുവട്

വേനലിൻ്റെ കനത്ത ചൂട് അസഹനീയമായി കൂടി വരുമ്പോൾ തടാകമോ, കുളക്കരയോ, കടൽത്തീരമോ വൈകുന്നേരങ്ങളിൽ കുളിർപ്പിക്കുന്ന കാറ്റു നല്കും. തളിയമ്പലത്തിൻ്റെ അടുത്തുള്ള കുളക്കരയിലെ ആലിൻചുവട്ടിൽ ദലമർമ്മരവും ജലമർമ്മരവും കേട്ടിരിക്കാം. ദീർഘനാൾ സാമൂഹികവിരുദ്ധരുടെ താവളമായി വൃത്തിഹീനമായിരുന്ന ഈ സ്ഥലം ഇന്നു വൃത്തിയുള്ളതും ധാരാളം പേർക്ക് സ്വസ്ഥമായി ഇരിക്കാവുന്നതുമായ ഇടമായി മാറിയിട്ടുണ്ട്. വരുന്നവരിൽ കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരുമുണ്ടാകും. ചിലർ നിത്യസന്ദർശകർ, ചിലർ നിത്യസല്ലാപകർ, ചിലർ നേരമ്പോക്കുകാർ, ചിലർ ചർച്ചക്കാർ ചിലരോ വഴിപോക്കർ. അവിടെ ആലിൻ ചുവടാണ് എനിക്കിരിക്കാൻ ഏറെയിഷ്ടം. പണ്ട് അവിടെ ഒരു സന്ന്യാസി ഇരിന്നിരുന്നത്രേ! ആക്രി പെറുക്കി വില്ക്കുന്ന എഴുപതു വയസ്സുകാരൻ നടരാജൻ ഒരു ദിവസം എൻ്റെയടുത്തിരുന്നു പറഞ്ഞതാണ്. പഴയ തളിയെക്കുറിച്ചും അയാൾ പറഞ്ഞു. മദ്യപാനികളും, ലഹരിസേവകരും, വേശ്യകളും സ്വച്ഛന്ദം വിഹരിച്ച തളി. കുളത്തിൽ കുറേ പേർ മരിച്ചിട്ടുണ്ടത്രേ! കുളത്തിനു സമീപം പണ്ട് ഒരു ചായക്കട ഉണ്ടായിരുന്നുവെന്നും അവിടെ ഒരു സ്ത്രീയെ ഒരാൾ കുത്തിക്കൊന്നുവെന്നും നടരാജൻ പറഞ്ഞു. ഇപ്പോൾ ഇതൊന്നും അവിടെയില്ല. ആലിൻചുവട്ടിൽ ഇരിക്കുമ്പോൾ പല ചർച്ചകളും കേൾക്കാം. ഇലക്ഷൻ ചൂടായതിനാൽ ചിലർക്ക് അതിലാണ് കമ്പം. എന്നാൽ ഇന്നു രണ്ടു പേരുടെ സംഭാഷണം എങ്ങനെ കുടവയർ കുറയ്ക്കാം എന്നായിരുന്നു. അതിൽ മുമ്പൻ ഓട്ടത്തെയും ചാട്ടത്തെയും കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് ഏതൊക്കെയോ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളും കേട്ടു. ഒടുവിൽ കാര്യം സിദ്ധവൈദ്യത്തിലും അഗസ്ത്യനിലും വരെ എത്തി. കൂടുതൽ സഹിക്കാൻ വയ്യാതെ ഞാൻ എൻ്റെ വയറിലേക്ക് നോക്കി. സിദ്ധവൈദ്യം പരീക്ഷിക്കാൻ നില്ക്കാതെ ശ്വാസം പിടിച്ചു മെല്ലെ എഴുന്നേറ്റു നടന്നു.

Comments