തത്ത്വമസി

 


നേരെന്നുചൊല്ലുന്നതെന്തെന്നറിഞ്ഞിടാന്‍
നേരുള്ള ശിഷ്യനൊരാശയുണ്ട്
നേരേപറഞ്ഞിടാം കേള്‍ക്കനീശ്രദ്ധയോ-
ടെന്നരുള്‍ ചെയ്‌തൊരാചാര്യനുണ്ട്

നീതന്നെനേരെന്നുകാട്ടിക്കൊടുക്കുന്ന
നേരുചൊല്ലുന്നൊരാ വേദമുണ്ട്
വേണംവിവേകമിന്നാദ്യം നിനക്കതു
നല്‍കുന്ന സ്വാരാജ്യധാമമുണ്ട്

കേളിന്നുനേരാകുമീശന്‍ചമച്ചൊരീ
തോന്നുന്നതായൊരു ലോകമുണ്ട്
ഇല്ലാത്തൊരീലോകമുണ്ടെന്നുതോന്നിയ-
തെന്തുകൊണ്ടെന്നറിയേണ്ടതുണ്ട്

തൂവെള്ളയുമൊത്തചോപ്പുംകറുപ്പുമാര്‍-
ന്നാടിത്തിമിര്‍ക്കുന്ന മായയുണ്ട്
കണ്ണില്‍പ്പെടാത്തൊരാ മായതന്നുണ്ണിപോല്‍
ഓടിക്കളിക്കുന്ന പ്രാണനുണ്ട്

വാനവും കാറ്റും ജ്വലിക്കുമൊരഗ്‌നിയും
നീരും മണമുള്ള മണ്ണുമുണ്ട്
അഞ്ചും കലര്‍ന്നുളവായിടുമുള്ളത്തില്‍
കള്ളം കളിക്കുന്ന ഞാനുമുണ്ട്

എന്നെപ്പൊതിഞ്ഞപോലഞ്ചിന്റെ കൂട്ടമായ്
നിത്യം ക്ഷയിക്കുന്ന ദേഹമുണ്ട്
ദേഹത്തിലൊട്ടലോടാര്‍ത്തനായ് വാഴുന്ന
നിത്യസഞ്ചാരിയാം ജീവനുണ്ട്

ഉണ്ടുറങ്ങിക്കിനാവാണ്ടുണര്‍ന്നീടുന്ന
ജീവനെക്കാണുന്ന സാക്ഷിയുണ്ട്
കാണ്മതെല്ലാംമറഞ്ഞീടിലും മായാത്ത
ബോധമായുള്ളിലൊരുണ്മയുണ്ട്

ഉണ്ടെന്നുചൊന്നതിന്നുള്ളൊന്നുനോക്കിയാല്‍
ഉള്ളതുമാത്രം സ്ഫുരിപ്പതുണ്ട്
നീതന്നെനേരെന്നതുള്ളില്‍ തെളിഞ്ഞിടില്‍
ജീവിച്ചിരിക്കെയാമുക്തിയുണ്ട്

(Published in Kesari Weekly 25 March 2022)

Comments