20 കൊല്ലം മുൻപ് .



ഒരിരുപതു കൊല്ലം പിന്നിലേക്ക് പോയി.... അന്ന് ഇത്രയും ജനങ്ങളുണ്ടായിരുന്നില്ല; മനുഷ്യരുണ്ടായിരുന്നു. ഇത്രയും വാഹനങ്ങളുണ്ടായിരുന്നില്ല ; യാത്രകളുണ്ടായിരുന്നു. ഇത്രയും ബഹളമുണ്ടായിരുന്നില്ല; ശബ്ദമുണ്ടായിരുന്നു. ടി.വി.യും ചാനലും ചായക്കടയും ഉണ്ടായിരുന്നു ചാനൽ ചർച്ചയോ ഷവർമ്മയോ ഉണ്ടായിരുന്നില്ല. ഫോണും  കമ്പ്യൂട്ടറുമുണ്ടായിരുന്നു ; ഫേസ്ബുക്കില്ലായിരുന്നു. മനുഷ്യൻ മനുഷ്യനെ കണ്ടിരുന്നു , മിണ്ടിയിരുന്നു , മരച്ചുവടുകൾ മലയാളം കേട്ടിരുന്നു.

അന്നത്തെ വൈകുന്നേരങ്ങളിലെ ഇടവഴികൾ തനിയെ നടക്കാൻ വഴി തന്നിരുന്നു. വഴിയുടെ ഓരം ചേർന്ന്, കാൽചുവടുകളുടെ ശബ്ദം കേട്ട് , വീടുകളിൽ പൂത്ത പൂക്കൾ കണ്ട് മെല്ലെ നടക്കും. നടന്നു നടന്ന് കോവിലിൽ എത്തും. അവിടെ  കാളിയായി വിലസുന്ന മാരണത്തുകാവിലമ്മയെ തൊഴും.  ചുവന്ന കുറിയും തൊട്ട് കണ്ണടച്ച് ദേവീശ്ലോകവും ചൊല്ലി മെല്ലെ അവിടെ നിന്നിറങ്ങും. 

ടാറിട്ട ആ റോഡ് പണ്ടേതോ കാലത്ത് തോടായിരുന്നു. അതു വഴി നടന്ന് മെയിൻ റോഡ് മുറിച്ചു കടന്ന് കണ്ണന്റെ തിരുനടയിലേക്ക് നടക്കും. തൃക്കണ്ണപുരം ചെറിയ ഒരു അമ്പലമാണ്. അവിടെയുള്ള ഹൃദയങ്ങളുടെ ചോരൻ എന്റെയും ഹൃദയം മോഷ്ടിച്ചിരുന്നു. അവിടെ ദീപാരാധന തൊഴും. കുറച്ചു സമയം അവിടെയിരിക്കും. ആളുകൾ കുറവായിരിക്കും. അയ്യപ്പന്റെ നടയിലെ ഭസ്മത്തിനു നല്ല മണമാണ്. അതും ആസ്വദിക്കും.

പിന്നെ അവിടെ നിന്നിറങ്ങി വീട്ടിലേക്ക് നടക്കും. ഇതിനിടയിൽ ചൂടു തട്ടുദോശയോ ചപ്പാത്തിയോ കഴിക്കാൻ മറക്കില്ല. ഇങ്ങനെയായിരുന്നു എന്റെ മിക്ക ദിവസങ്ങളും കടന്നുപോയിരുന്നത് .


Comments