ആത്മദീപം
അറിവാകുമൊരാത്മദീപമായ്
തെളിയുന്നൊരഖണ്ഡസത്തയെ
നിജരൂപമതായറിഞ്ഞിടാൻ
മറയും മറയോരുമോതിടും
അറിയില്ലതൊരിന്ദ്രിയത്തിനും
അറിയാത്തതുമല്ലൊരിക്കലും
അറിവായിവിളങ്ങിടുന്നൊരീ
പരമേശ്വരരൂപമോർക്കുകിൽ
അറിവൊന്നതനേകരൂപമായ്
തെളിയുന്നതുമായമൂലമെ-
ന്നറിയാത്തൊരു മൂഢനാം നരൻ
തിരയുന്നു സുഖം ജഡങ്ങളിൽ
കളവായി മനസ്സിലീവിധം
മറയായി മറച്ചു നിന്നിടും
ഇരുളാകുമവിദ്യമാറ്റിടാൻ
ഗുരുപാദസപര്യചെയ്യണം
ഗുരുസേവയഹന്ത മാറ്റിടും
അകമാകെ വെളിച്ചമേകിടും
ഗുരുവോതിയ മന്ത്രവും ജപി-
ച്ചതിലുള്ളമലിഞ്ഞതാകണം
ഇരുശ്വാസമടക്കിനിർത്തിയീ
പ്രണവപ്പൊരുളുള്ളിലോർത്തിടിൽ
കറയൊക്കെയകന്നു മാനസം
തെളിനീരുകണക്കെനിന്നിടും
മനമാകെയടങ്ങിനിന്നിടിൽ
പരനാദമുയർന്നുവന്നിടും
അതുമാഞ്ഞൊരുമൗനമാംനില
തെളിയും സുഖമാർന്നു നിശ്ചയം
അവിടെത്തെളിവാർന്നുമിന്നിടും
അറിവിൻവടിവാത്മരൂപമായ്
അറിയുന്നവനിന്നു നേടിടാം
അതിരറ്റസ്വരൂപസംസ്ഥിതി
മറതൻ വഴി സഞ്ചരിച്ചൊരു
പരനിഷ്ഠയുറച്ച സൂരിയെ
ശരണാഗതിയോടെ പൂകുകിൽ
വെളിവായിടുമാത്മനിർണ്ണയം
കൃപയേറിയ ദൃഷ്ടിയാൽ ഗുരു
കനിവോടെയടുത്തു ചേർത്തിടും
മറയോതിയ നാലുവാക്യവും
നിറവോടെ പുണർന്നു ചൊല്ലിടും
ഇരുവൃത്തികളെപ്പിരിക്കുമാ
ഇടയൻ പരമേശനെന്നതും
അതുതന്നെയിതൊക്കെയെന്നതും
മറനീക്കി വെളിപ്പെടുത്തിടും
കളവൊക്കെയകന്നു മാനസം
പരചിദ്ഘനരൂപമാർന്നിടും
ഉലകിമ്പമതൊന്നുമാത്രമായ്
തെളിയും മുറിവറ്റു നിർണ്ണയം
അണയാതെയകത്തു മിന്നിടും
പെരിയോരറിവാത്മദീപമായ്
തെളിയുന്നതു ഞാനറിഞ്ഞിടും
ഉളവായിടുമാത്മശാന്തിയും
(കാവ്യസാഹിതി പുരസ്കാരം 2019)
Comments