ചതുരഗിരി - സിദ്ധഭൂമിയിലേക്കൊരു തീര്‍ത്ഥാടനം
അപ്രതീക്ഷിതമായാണ് അരുണിന്‍റെ കോള്‍ വന്നത്. “ഹരീ ഇന്ന് ഞാന്‍ ഒരു സ്ഥലത്ത് എത്തിപ്പെട്ടു. വീട്ടില്‍ നിന്നും തമിഴ്നാട്ടിലേക്ക് ട്രവെല്ലെര്‍ ബസില്‍ തീര്‍ത്ഥാടനത്തിന് പോയതാ. ഒരു മല അന്വേഷിച്ചു ഞങ്ങള്‍ കറങ്ങിത്തിരിഞ്ഞ് ഒരിടത്തെത്തി. പക്ഷെ അവിടെ കയറാന്‍ കഴിഞ്ഞില്ല. പൌര്‍ണമിക്കും അമാവാസിക്കും മാത്രമേ അവിടെ പ്രവേശനമുള്ളൂ.”
വിശദീകരണം ഏതാണ്ട് കഴിയാറായപ്പോള്‍ ഞാന്‍
അങ്ങോട്ടു ചോദിച്ചു. “ചതുരഗിരിയിലാണോ പോയത്?”
“അതു തന്നെ ആ പേര് ഞാന്‍
ആലോചിക്കുകയായിരുന്നു” അരുണ്‍ ഉത്സാഹത്തോടെ പറഞ്ഞു.
ആ സംസാരത്തിന്റെ ഫലമെന്നവണ്ണം അടുത്ത
പൌര്‍ണ്ണമിക്ക് ചതുരഗിരിയിലേക്ക് പോകുവാന്‍ ഞങ്ങള്‍ ആലോചിച്ചു.
കുറേ നാളുകള്‍ക്ക്
മുന്‍പ് ചതുരഗിരിയെക്കുറിച്ചും അവിടുത്തെ പ്രത്യേകതയെക്കുറിച്ചും കേട്ടിരുന്നു.
പോകാന്‍ പല തവണ ആഗ്രഹിച്ചെങ്കിലും സാധിച്ചിരുന്നില്ല. എന്നാല്‍ ഈശ്വരനിശ്ചയമെന്നവണ്ണം
ഇപ്പോള്‍ അതിനൊരു അവസരം വന്നു. 2019 ഫെബ്രുവരി 19 ആയിരുന്നു പൌര്‍ണ്ണമി. 18നു
ആറ്റുകാല്‍ ക്ഷേത്രത്തില്‍ എനിക്ക് കച്ചേരി ഉണ്ടായിരുന്നതിനാല്‍ അന്ന് രാത്രി
തിരുവനന്തപുരത്ത് നിന്നും ചതുരഗിരിയിലേക്ക് പോകാന്‍ പദ്ധതിയിട്ടു. അതിനായി രാത്രി
എട്ടരയ്ക്കുള്ള പുനലൂര്‍ മധുരൈ പാസ്സെന്‍ന്ജര്‍ ട്രെയിനില്‍ ടിക്കറ്റ് ബുക്ക്
ചെയ്തു.
ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു
തപോഭൂമിയാണ് ചതുരഗിരിമല. 18 സിദ്ധന്മാര്‍ ഇവിടെ തപസ്സ് ചെയ്തതായി
വിശ്വസിക്കപ്പെടുന്നു. നാലു വേദങ്ങള്‍ കൂടിച്ചേര്‍ന്നു ചതുരമലയായെന്നും
ചതുരത്തിലിരിക്കുന്നതിനാല്‍ ചതുരഗിരി ആയെന്നും പറയപ്പെടുന്നു. മഹാലിംഗമലയെന്നും
സിദ്ധര്‍ഭൂമിയെന്നും ഈ മല അറിയപ്പെടുന്നുണ്ട്. മലയുടെ മുകളില്‍ രണ്ടു
ശിവക്ഷേത്രങ്ങളുണ്ട്. സുന്ദരമഹാലിംഗക്ഷേത്രവും ചന്ദനമഹാലിംഗക്ഷേത്രവും. സുന്ദരമഹാലിംഗക്ഷേത്രത്തിലെ
ശിവലിംഗം ഒരു വശത്തേക്ക് ചെരിഞ്ഞാണ് ഇരിക്കുന്നത് എന്നത് ഇവിടുത്തെ
പ്രത്യേകതയാണ്.
രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് ഞങ്ങള്‍
ട്രെയിനില്‍ കയറിയത്. രാവിലെ 4 മണി ആയപ്പോള്‍ ട്രെയിന്‍ മധുരയ്ക്ക് മുന്‍പുള്ള
വിരുദുനഗര്‍ ജങ്ക്ഷനില്‍ എത്തി. അവിടെയിറങ്ങി വെയിറ്റിംഗ് റൂമില്‍ അല്‍പനേരം
വിശ്രമിച്ച് കുളിയെല്ലാം കഴിഞ്ഞ് കൊണ്ടുവന്നിരുന്ന ഭക്ഷണം കഴിച്ചു. അവിടെ നിന്നും
ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ്സ്‌സ്റ്റാന്‍ഡില്‍ ചെന്നു. 6 മണിക്ക് അവിടെ നിന്നും
വാത്രാപ് (Watrap. വാതിരായിരുപ്പ്) എന്ന
സ്ഥലത്തേക്കുള്ള ബസ്സില്‍ ആണ് കേറേണ്ടത്. ചതുരഗിരിയുടെ അടിവാരം താണിപ്പാറ
എന്നറിയപ്പെടുന്നു. വാത്രാപ്പില്‍ നിന്നും താണിപ്പാറയിലേക്ക് 10 കിലോമീറ്റെര്‍
ദൂരമുണ്ട്. വിരുദ്നഗരറില്‍ നിന്നും പോകുമ്പോള്‍ വാത്രാപ്പിന് മുന്‍പേ
താണിപ്പാറയില്‍ പോകാനുള്ള വഴിയില്‍ ബസ്സ് നിര്‍ത്തും. അവിടെ നിന്നും ഷെയര്‍
ഓട്ടോയില്‍ താണിപ്പാറയില്‍ എത്താം. ശ്രീവില്ലിപുത്തൂർ വഴി വരുന്നവര്‍
വാത്രാപ്പില്‍ ഇറങ്ങി അവിടെ നിന്നും ബസ്സിലോ ഓട്ടോക്കൊ ചതുരഗിരിയിലേക്ക് പോകണം. ഞങ്ങള്‍
കയറിയ ഓട്ടോയില്‍ ചതുരഗിരിയില്‍ ഭിക്ഷാടനം ഇരിക്കാന്‍ വന്ന രണ്ടു വൃദ്ധന്‍മാര്‍
ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ അമര്‍നാഥ് യാത്രയും കൈലാസയാത്രയും ഒക്കെ ചെയ്തതാണെന്ന്
പറഞ്ഞു. കുംഭമേളക്ക് പോയിട്ട് തിരികെ വരുന്ന വഴിയാണെന്നും പറഞ്ഞു.
ചതുരഗിരിയെക്കുറിച്ച് അവര്‍ വലിയ ഭക്തിയോടെ പറഞ്ഞുകൊണ്ടിരുന്നു.
പതിനഞ്ച് മിനിറ്റ് കൊണ്ട് വണ്ടി
താണിപ്പാറയില്‍ എത്തി. അവിടെ അടിവാരത്ത് നിന്നും മല കയറുമ്പോള്‍ ആവശ്യമായ വടി
ലഭിക്കും. അഞ്ചുരൂപ പ്രവേശനഫീസ് ഉണ്ട്. അതും കൊടുത്ത് ഞങ്ങള്‍ യാത്ര തുടങ്ങി..
തുടക്കത്തില്‍ ചില ഭാഗങ്ങള്‍ കോണ്ക്രീറ്റ് പടികള്‍ ആയി പണിതിട്ടുണ്ട്. വനപ്രദേശമാണ്.
കയറ്റം തുടങ്ങുമ്പോള്‍ തന്നെ രണ്ടുമൂന്നു ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെ
ദേവതമാരെ നമസ്ക്കരിച്ച് വേണം യാത്ര ആരംഭിക്കുവാന്‍. അവിടെയെല്ലാം നമസ്കരിച്ച്
ഞങ്ങള്‍ പതിയെ മല കയറി. രാവിലെ തന്നെ കയറിയതിനാല്‍ ചൂട് കുറവായിരുന്നു. അത് കൂടാതെ
ധാരാളം മരങ്ങള്‍ ഉള്ള വനപ്രദേശമായതിനാല്‍ സ്വാഭാവികമായ ഒരു തണുപ്പും ശുദ്ധമായ
വായുവും അവിടെ ലഭ്യമാണ്. അതോടൊപ്പം അവിടെ ധാരാളം ഔഷധചെടികള്‍ ഉള്ളതും യാത്രയുടെ
ആയാസത്തെ സ്വല്പമെങ്കിലും ശമിപ്പിക്കും.
പ്രകൃതിമാതാവ് തന്‍റെ സൌന്ദര്യം ഭൂമിയുടെ
ഓരോ ഭാഗത്തും എത്ര ഭംഗിയാംവണ്ണം ഒരുക്കിയിരിക്കുന്നു എന്ന് യാത്രാവേളയില്‍
മനസ്സിലാകും. ചെറിയ അരുവികള്‍ ഒഴുകുന്ന വഴികള്‍ വേനലായതിനാല്‍
വരണ്ടുകിടന്നിരുന്നു. പാറക്കെട്ടുകള്‍, കുത്തനെ ഉള്ള കയറ്റങ്ങള്‍, കാലിടറുന്ന
പാതകള്‍ ആയാസരഹിതമായ നേര്‍വഴികള്‍ എല്ലാം ചേര്‍ന്നതാണ് ചതുരഗിരിയിലേക്കുള്ള
യാത്രാമാര്‍ഗ്ഗം. ശിവനാമം ജപിച്ചുകൊണ്ട് മെല്ലെ ശാന്തമായി ഞങ്ങള്‍ കയറി. ഇടയ്ക്ക്
ചില ദേവതാക്ഷേത്രങ്ങള്‍ കാണാം. അതില്‍ പ്രധാനമായ ഒന്ന് വനദേവതയുടെ
ക്ഷേത്രമായിരുന്നു. യാത്രികരില്‍ ചിലര്‍ അവിടെ പൂജകഴിച്ചിട്ടാണ് കയറുക. യാത്രയുടെ
ഇടവേളകളില്‍ വിശ്രമിക്കുവാന്‍ തണല്‍മരങ്ങളും പാറക്കെട്ടുകളും ധാരാളമുണ്ട്.
ഇടയ്ക്കിടെ വിശ്രമിച്ച് പോകുന്നത് യാത്രാക്ഷീണം ഉണ്ടാകാതെ ഇരിക്കുവാനും
പ്രകൃതിയുമായി സാമരസ്യം ഉണ്ടാകുവാനും സഹായിച്ചു. ഇടവേളകളില്‍ കഴിക്കുവാന്‍
നെല്ലിക്ക, ഓറഞ്ച്, ആവശ്യത്തിനു വെള്ളം എന്നിവ ഞങ്ങള്‍ കരുതിയിരുന്നു. ചില
ഭാഗങ്ങളില്‍ കയറ്റം കഠിനം തന്നെയാണ്. അവിടെയെല്ലാം താഴെനിന്നും വാങ്ങിയ വടി നമ്മെ
ഒരുപാട് സഹായിക്കും.
യാത്രയ്ക്കിടയില്‍ പൊള്ളാച്ചിയില്‍
നിന്നുള്ള മാരിയപ്പന്‍സ്വാമി എന്നയാളെ പരിചയപ്പെട്ടു. അദ്ദേഹം ചതുരഗിരിയില്‍ നിന്നും
മണ്ണുകൊണ്ടുപോയി പൊള്ളാച്ചിയില്‍ ഒരു ശിവക്ഷേത്രം നിര്‍മ്മിച്ച് അവിടെ പൂജയും
മറ്റുമായ് കഴിയുന്ന ആളാണ്. കേരളത്തില്‍ നിന്നാണ് എന്നറിഞ്ഞപ്പോള്‍ ഞങ്ങളോട്
ശബരിമലവിഷയത്തെക്കുറിച്ചും മറ്റും സംസാരിച്ചു. സ്വാമിയുടെ കൂടെ വന്ന ഒരാള്‍ 24 വര്‍ഷമായി
ശബരിമലയില്‍ പോയിരുന്നതാണ്. സ്ത്രീപ്രവേശനവിവാദം ഉണ്ടായതിനാല്‍ ഇത്തവണ
പോയില്ലെന്നു പറഞ്ഞു. വളരെ വിഷമത്തോടെയാണ് അവര്‍ അക്കാര്യം സംസാരിച്ചത്.
മാരിയപ്പന്‍ സ്വാമി ഞങ്ങളെ രണ്ടുപേരെയും ഭസ്മം അണിയിച്ച് അനുഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ
ഒരു ഭക്തയായ മിട്ടുവമ്മയും അരുണും സംസാരിച്ചു മുന്നേക്ക് നടന്നു. ഞാന്‍ മെല്ലെ
കാടിന്‍റെ സൌന്ദര്യം ആസ്വദിച്ചു പുറകെ നടന്നു. അത്രയും ശുദ്ധമായ വായു ശ്വസിക്കുമ്പോള്‍
ഉള്ള സുഖം ഒന്നു വേറെയാണു. ഏതായാലും ശിവമന്ത്രം മനസ്സില്‍ ഉരുവിട്ടുകൊണ്ട് ഞങ്ങള്‍
മെല്ലെ നടന്നു.
ഏതാണ്ട് നാലു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍
മുകളിലെത്തി. ആദ്യം സുന്ദരമഹാലിംഗക്ഷേത്രമാണ് ദര്‍ശിച്ചത്. ഒരു വശത്തേക്ക് ചെരിഞ്ഞ
ശിവലിംഗത്തെ നമസ്കരിച്ച് പുറത്തിറങ്ങി. മുകളില്‍ ആ സമയത്തും ചെറിയ തണുപ്പുണ്ട്.
ധാരാളം മരങ്ങള്‍ ക്ഷേത്രത്തിനു ചുറ്റുമായുണ്ട്. അവിടെ തൊഴുത ശേഷം ക്ഷേത്രസമീപം
തന്നെ അന്നപ്രസാദം നല്കുന്നിടത്തു ചെന്നു. ചോറ്, സാമ്പാര്‍, രസം, തോരന്‍, മോര്,
പായസം എന്നിവയടങ്ങിയ ഊണ് സൌജന്യമായി അവിടെ കൊടുക്കുന്നുണ്ട്. ഭക്തജനങ്ങള്‍
എല്ലാവരും അവിടെനിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഞങ്ങള്‍ അവിടെ നിന്നും ഭക്ഷണം
കഴിച്ച ശേഷം മുകളിലേക്ക് നടന്നു.
അവിടെയാണ് ചന്ദനമഹാലിംഗക്ഷേത്രം. അതിനോട് ചേര്‍ന്നു
തന്നെ 18 സിദ്ധന്മാരുടെ പ്രതിഷ്ഠയും അതില്‍പ്പെട്ട സട്ടൈമുനി തപസ്സ് ചെയ്ത ഗുഹയും
ഉണ്ട്. ശിവപ്രതിഷ്ഠയ്ക്ക് സമീപമായി ഗണപതി, മുരുകന്‍, ദേവി എന്നീ പ്രതിഷ്ഠകളും
ഉണ്ട്. അവിടെ മണ്ഡപത്തില്‍ കുറച്ചുപേര്‍ മാണിക്യവാചകരുടെ ‘തിരുവാസകം’ (തിരുവാചകം)
വായിച്ചുകൊണ്ടിരുന്നു. കുറച്ച് നേരം ഞങ്ങള്‍ അവിടെയിരുന്നു. ഉച്ചക്ക് ശേഷം
മാരിയപ്പസ്വാമിയും സംഘവുമാണ് ‘തിരുവാചകം’ വായിക്കുന്നത്. അതു കേള്‍ക്കുവാന്‍
ഇരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങള്‍ അവിടെ ആ ദേവസന്നിധിയില്‍ തന്നെ
കുറേ നേരം ഇരുന്നു. തമിഴ്ഭാഷയിലുള്ള ശിവമഹിമ കുറേ നേരം കേട്ടിരുന്നു. ഇടയ്ക്ക്
ചിലര്‍ കല്‍ക്കണ്ടപ്രസാദം കൊണ്ടുത്തന്നു.
നാലുമണിയോടെ ഞങ്ങള്‍ മാരിയപ്പസ്വാമിയോട്
യാത്രപറഞ്ഞ് അവിടെ നിന്നും ഇറങ്ങി. കയറിയതിനെക്കാള്‍ വേഗം ഇറങ്ങാനായി.
തിരിച്ചിറങ്ങിയപ്പോള്‍ ആണ് വലിയ കുത്തനെ ഉള്ള കയറ്റങ്ങള്‍ ആണല്ലോ ഞങ്ങള്‍ കയറിയത്
എന്ന് ബോധ്യമായത്. വഴിയില്‍ ഉഴിഞ്ഞ കൊണ്ടുണ്ടാക്കിയ സൂപ്പ് കുടിക്കാന്‍ കിട്ടി.
ശരീരത്തിന്റെ ക്ഷീണവും വേദനയുമെല്ലാം അകറ്റുന്ന ഒരു ഔഷധമാണ് അത്. അതും കുടിച്ച് 2
മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ അടിവാരത്തെത്തി. അപ്പോഴേക്കും ഇരുട്ടിയിരുന്നു. അവിടെ
നിന്നും കരിക്ക് വെള്ളം കുടിച്ചശേഷം ഷെയര്‍ഓട്ടോയില്‍ വാത്രാപ്പിലേക്ക് പോയി.
വാത്രാപ്പില്‍ നിന്നും ശ്രീവില്ലിപുത്തൂര്‍ ബസ്സില്‍ കയറി. അവിടെ തങ്ങിയിട്ടു പിറ്റേന്നു ശങ്കരന്‍കോവിലില്‍ പോകേണ്ടതുണ്ട്. വണ്ടിയില്‍ ഇരുന്നപ്പോള്‍ മനസ്സ്
വളരെ ശാന്തമായിരുന്നു. സിദ്ധന്മാരുടെ തപോഭൂമിയില്‍ പൌര്‍ണമിയുടെ ദിവ്യസ്പന്ദനങ്ങള്‍
അനുഭവിച്ചുകൊണ്ട് തീര്‍ത്ഥാടനം ചെയ്യുവാന്‍ കഴിഞ്ഞ പുണ്യത്തെയോര്‍ത്ത് ഈശ്വരനോട്
നന്ദി പറഞ്ഞു. ശ്രീവില്ലിപുത്തൂര്‍ എത്തുമ്പോള്‍ ആകാശത്ത് പൂര്‍ണ്ണചന്ദ്രന്‍
ഞങ്ങളെ നോക്കി സ്നേഹത്തോടെ മന്ദഹസിക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദമായ അനുഗ്രഹാശ്ശിസ് ഞങ്ങളില്‍ ചൊരിഞ്ഞുകൊണ്ട് ആ പ്രഭ ശോഭിച്ചു നിന്നിരുന്നു..
Comments