ആത്മവിലാസം



അലകളൊഴിഞ്ഞൊരഖണ്ഡസത്തയാം
അറിവിലുണർന്നുതെളിഞ്ഞുമാഞ്ഞുപോം
തിരനുരപോലൊരു തോന്നൽ മാത്രമീ
വിധിവിരിയിച്ചൊരുവിശ്വമോർത്തിടിൽ

ഗുരുചരണാംബുജതീർത്ഥസേവയാൽ
മതിയെമറച്ചൊരു മായ നീങ്ങിടും
ഗുരുവരുളുള്ളിൽ നിനച്ചിടൂ സദാ
പരവെളിവായിടുമിന്നു നിശ്ചയം

അഹമുടലെന്നുധരിച്ചുറങ്ങുമീ
ചെറിയൊരഹന്തയകത്തടത്തിലെ
പരയുടെ നിഴലെന്നോർത്തറിഞ്ഞിടിൽ
ദുരിതമൊഴിഞ്ഞു മനം കുളിർന്നിടും

മൊഴികളടങ്ങിയചിത്തഭൂവതിൽ
പരവെളിവാകുമനന്തശബ്ദമായ്
ചിണിചിഞ്ചിണിവേണുമൃദംഗവീണാ
ദ്യനേകരവതരംഗമുണർന്നിടും

അതിലൊരുനാദമതിങ്കലീമനം
ഇടമുറിയാതെലയിച്ചു ചേരണം
പുനരവിടെത്തെളിയുമൊരേകമാം
ധ്വനിയുമടങ്ങി നിശബ്ദമാകണം

അവിടെയുണർന്നുതെളിഞ്ഞുനിന്നിടും
ഒലികളടങ്ങിയ ചിന്നഭസിനെ
അവനവനായറിയുന്ന പുണ്യവാൻ
അമരപദത്തിലമർന്നു വാണിടും

അവനിലുണര്‍ന്നൊരു ദൃശ്യാജാലകം
അവനുടെ രൂപമതോപരംസുഖം
അവനിതിവനെന്നോതിടുന്നതെല്ലാം
അവനറിവാൽ ചമച്ച ലീലയല്ലോ

അതറിവതിനായഹന്തയൊഴിഞ്ഞാ-
മനമതുപരനുടെ രൂപമാക്കിൽ
അഖിലവുമഹമെന്നബോധമുദി-
ച്ചവനിയിലാത്മസുഖം ഭുജിച്ചിടാം.

Comments

Unknown said…
കൊള്ളാല്ലോ,

Popular Posts