ഹിമവാന്‍റെ ദിവ്യധാമങ്ങളില്‍
ഹിമവാന്‍റെ ദിവ്യധാമങ്ങളില്‍
ഹരിദ്വാറിലൂടെയും ഋഷീകേശിലൂടെയും ഒഴുകിക്കൊണ്ടിരുന്ന ഗംഗയുടെ ഗതിയ്ക്ക് അഞ്ചുവര്‍ഷത്തിനിപ്പുറം മാറ്റങ്ങള്‍ വന്നതു പോലെ തോന്നുന്നു. 2012ല്‍ ആദ്യമായി ഭാഗീരഥിയുടെ തീരത്തിരുന്ന്‍ അങ്ങകലെ ശിരസ്സുയര്‍ത്തി വിലസുന്ന ഹിമശൃംഗങ്ങളെ നോക്കി ആ ദിവ്യസന്നിധിയില്‍ എത്താനാകുമോ എന്ന് സ്വയം ചോദിച്ചിരുന്നു. ആ ചോദ്യത്തിന് സമാധാനമായിരിക്കുന്നു. ഹിമഗിരിവിഹാരത്തിനു അപ്രതീക്ഷിതമായ വന്ന വിളി ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ കാരണമായി. ഹരി ഒരു 20 ദിവസം മാറ്റിവെച്ചോളൂ ചാര്‍ധാം യാത്രയ്ക്ക് പോകാം എന്ന് കൃഷ്ണകുമാറേട്ടന്‍ പറയുമ്പോള്‍ അത്ഭുതവും ആഹ്ലാദവും ഒരുപോലെ മനസ്സില്‍ ഉയര്‍ന്നുപൊങ്ങി. പരമപവിത്രമായ ഋഷിസന്നിധാനങ്ങളിലേക്ക്, ഭാരതത്തിന്റെ ആത്മീയവാടികയിലേക്ക്, ഉപനിഷത്ത്സൂക്തികളുടെ പ്രതിധ്വനി മുഴങ്ങുന്ന പര്‍വതനിരകളിലേക്ക് ഒരു യാത്ര. മണിമഹേഷ് കൈലാസയാത്രയ്ക്ക് ശേഷം ലഭ്യമായ മറ്റൊരു പുണ്യയാത്ര. കർണാടകയിൽ നിന്നും ശരത്ചന്ദ്രസ്വാമിയും, ഗുജറാത്തിൽ നിന്നും വിനോദ് പര്‍മാറും, ഹരിദ്വാറില്‍ നിന്നും ജ്ഞാനസ്വരൂപ്ജിയും ഞങ്ങള്‍ക്കൊപ്പം കൂടിയപ്പോള്‍ യാത്രയ്ക്ക് പൊലിമ കൂടി. ചെന്നൈ-ഡെഹ്റാഡൂണ്‍ എക്സ്പ്രസ്സില്‍ രണ്ടു ദിവസത്തെ യാത്രയാല്‍ ആന്ധ്രയിലെയും മധ്യപ്രദേശിലെയും ചൂടു കൊണ്ടുകൊണ്ട് ഹരിദ്വാറില്‍ എത്തി. മലയാളികള്‍ക്കിടയില്‍ പ്രസിദ്ധമായ ഹരിദ്വാര്‍ അയ്യപ്പസ്വാമിക്ഷേത്രത്തില്‍ ആണ് തങ്ങിയത്. സ്ഥലജ്ഞാനം ഇല്ലാതെ അഞ്ചു വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി ഹരിദ്വാര്‍ സന്ദര്‍ശിച്ചപ്പോള്‍ എത്തിയതും ഈ ക്ഷേത്രത്തില്‍ തന്നെ ആയിരുന്നു. ജ്ഞാനസ്വരൂപ്‌ജി ഞങ്ങളെക്കാത്ത് അവിടെത്തന്നെ ഉണ്ടായിരുന്നു. കുളിയും ഭക്ഷണവും കഴിച്ച് കുറച്ചു സമയം വിശ്രമിച്ച ശേഷം ഹരിദ്വാറിലെ പ്രസിദ്ധമായ മനസാദേവീ ക്ഷേത്രത്തില്‍ പോയി. ബില്വപര്‍വതത്തിന്‍റെ മുകളിലാണ് ശിവന്‍റെ മാനസശക്തിയെന്നും സര്‍പ്പരാജാവായ വാസുകിയുടെ സഹോദരിയെന്നും പ്രസിദ്ധയായ മനസാദേവിയുടെ പുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാല്‍നടയായി ഞങ്ങള്‍ മല കയറി. റോപ്വേ സൌകര്യവും അവിടെയുണ്ട്. ഹരിദ്വാറില്‍ മേയ് മാസം സാമാന്യം നല്ല ചൂടാണ്. കുന്നു കയറുമ്പോള്‍ ചിലയിടങ്ങളില്‍ മരത്തണല്‍ ഉണ്ട് കൂടാതെ ഷെഡ്‌ഡുകളും ഉണ്ട്. രണ്ടു മണിക്കൂര്‍ കൊണ്ട് ദര്‍ശനം നടത്തി താഴെയിറങ്ങി. ഉച്ചക്ക് ഭക്ഷണം കഴിച്ചു മുറിയില്‍ തന്നെ വിശ്രമിച്ചു. വൈകുന്നേരത്തോടെ ജ്ഞാനസ്വരൂപ്ജി എത്തി ഞങ്ങളെയും കൂട്ടി ഗംഗാതീരത്ത് പോയി. പാവനിയായ ഗംഗാനദിയില്‍ മുങ്ങിനിവരുമ്പോള്‍ ഉണ്ടായ അനുഭൂതി വിവരിക്കാനാകുന്നില്ല. കുറേ നേരം ജലത്തില്‍ തന്നെയായിരുന്നു. യാത്രയുടെ ക്ഷീണം ക്ഷണനേരത്തില്‍ മാറ്റാന്‍ ഗംഗയ്ക്ക് അതിശയകരമായ കഴിവുണ്ട്. ഊര്‍ജ്ജസ്വലതയോടെ ഞങ്ങള്‍ ഗംഗാആരതി കാണാന്‍ ഹര്‍ കി പൌഡിയിലേക്ക് പോയി. പൂജാരിമാര്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടും ഗംഗാമാതാവിനെ സ്തുതിച്ചുകൊണ്ടും ആരതി നടത്തുന്നു. എങ്ങും ജ്വലിക്കുന്ന ദീപങ്ങളും ‘ജയ് ഗംഗേ മയ്യാ’ സ്തുതികളും. അന്തരീക്ഷം ഗംഗാമാതാവിന്‍റെ ആരാധനയാല്‍ മുഖരിതമായി. ആരതിയില്‍ പങ്കുകൊണ്ട ശേഷം ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. അന്ന് രാത്രി അവിടെ ഉറങ്ങി. രാവിലെ യാത്ര തുടങ്ങും. ഹിമാലയത്തിന്റെ വിശുദ്ധ സ്ഥാനങ്ങളായ യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരിനാഥ് എന്നീ ദിവ്യസ്ഥാനങ്ങളിലേക്ക്. അപ്പോഴേക്കും മനസ്സ് ആ അലൌകികാനുഭൂതികളെ ഭാവന ചെയ്യാന്‍ ശ്രമം തുടങ്ങിയിരുന്നു.
കേദാര്‍നാഥ് യാത്രയ്ക്ക് ഇപ്പോള്‍ രെജിസ്ട്രേഷന്‍ നിര്‍ബന്ധമായതിനാല്‍ ഹരിദ്വാറില്‍ നിന്ന് തന്നെ അതു ചെയ്ത് ഐഡി കാര്‍ഡ് വാങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്ത കാറില്‍ രാവിലെ തന്നെ ഞങ്ങള്‍ അഞ്ചു പേര്‍ യമുനോത്രിയിലേക്ക് തിരിച്ചു. വഴിയോരക്കാഴ്ചകള്‍ കണ്ടും ഇടയ്ക്ക് ചില മനോഹര സ്ഥാനങ്ങളില്‍ ഇറങ്ങിയും ഞങ്ങള്‍ യാത്ര ചെയ്തു. പോകുന്ന വഴിയില്‍ എല്ലാം മനോഹരങ്ങളായ ദൃശ്യങ്ങള്‍ കണ്ണിനും മനസ്സിനും ആനന്ദം നല്‍കും. വൈകുന്നേരത്തോടെ ഞങ്ങള്‍ ബാര്‍കോട്ടില്‍ എത്തി. യമുനാനദി ആ പ്രദേശത്തിന് സമീപം ഒഴുകുന്നുണ്ട്. അവിടെ ഒരു ഹോട്ടല്‍ മുറിയെടുത്ത് രാത്രി ഭക്ഷണം ഞങ്ങള്‍ സ്വയം പാകം ചെയ്തു കഴിച്ചുറങ്ങി. അതിരാവിലെതന്നെ യമുനോത്രിയിലേക്ക് തിരിച്ചു. ബാര്‍കോട്ടില്‍ നിന്നും അധികം ദൂരമില്ല. ഡ്രൈവര്‍ പക്ഷെ സാവധാനമാണ് വണ്ടി ഓടിച്ചിരുന്നത്. അപകടങ്ങള്‍ പതിഞ്ഞിരിക്കുന്ന ഉത്തരാഖണ്ടിലെ റോഡുകളെക്കുറിച്ച് അയാള്‍ക്ക് നല്ല നിശ്ചയമുണ്ടായിരിക്കും. കൂടാതെ സാവധാനമുള്ള യാത്ര അധികം ക്ഷീണത്തെയും ഉണ്ടാക്കിയില്ല. വൈകാതെ തന്നെ ഞങ്ങള്‍ ജാനകിചട്ടിയിലെത്തി. അവിടെ നിന്നും ആറു കിലോമീറ്റര്‍ മുകളിലേക്ക് മല കയറണം. സാവധാനം ചുവടുകള്‍ വച്ച് പര്‍വതനിരകളുടെ ഗാംഭീര്യം കണ്ടുകൊണ്ട് ചെറിയ നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നുകയറി. ചിലര്‍ കുതിരപ്പുറത്താണ് സഞ്ചാരം, ചിലര്‍ ഡോളിയിലും, കുട്ടകളിലും. ഇടയ്ക്ക് വിശ്രമസങ്കേതങ്ങളും, മഴ പെയ്താല്‍ കയറി നില്‍ക്കാനുള്ള ഷെഡ്ഡുകളും ഉണ്ട്. ഭക്ഷണം, ചായ, പലഹാരങ്ങള്‍ എന്നിവ വില്‍ക്കുന്ന ധാരാളം ചെറിയ കടകളും വഴിയില്‍ ഉണ്ട്. ഇടയ്ക്കിടെ വിശ്രമിച്ചു കൊണ്ടും കാഴ്ചകള്‍ കണ്ടും ഞങ്ങള്‍ മുകളില്‍ എത്തി. വളരെ തണുപ്പുള്ള ആ പ്രദേശത്ത് പ്രകൃതി ഒരുക്കിയ ചൂടുജലം നിറഞ്ഞ തപ്തകുണ്ടില്‍ ഇറങ്ങി മതിയാവോളം ഞങ്ങള്‍ കുളിച്ചു, യമുനാദേവിയുടെ പുണ്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തെളിഞ്ഞ യമുനാജലത്തിന്‍റെ ഉത്ഭവസ്ഥാനമായ യമുനോത്രി ഹിമാനി അതിലും ഉയരത്തിലാണ്. കുറേ നേരം യമുനോത്രിക്ഷേത്രത്തില്‍ ചിലവഴിച്ച ശേഷം ഞങ്ങള്‍ താഴേക്കിറങ്ങി. അപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. അവിടെ നിന്നും മഴയത്തിടുന്ന കവര്‍ വാങ്ങി ധരിച്ചുകൊണ്ട് ഞങ്ങള്‍ ഇറങ്ങി. മഴയത്ത് ഇറക്കം അല്പം പ്രയാസകരമാണ്. എന്നാല്‍ മഴ നനഞ്ഞ് ആസ്വദിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. പച്ചപ്പാര്‍ന്ന മലനിരകളില്‍ മഴ ആടിത്തിമിര്‍ത്തു. ഹിമാലയപര്‍വതത്തിന്‍റെ അനന്യസൌന്ദര്യം അമൃതവര്‍ഷിണി ആലപിച്ചത് ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ താഴെയെത്തി. യമുനോത്രിയുടെ പ്രകൃതം സ്ത്രൈണമാണ്. യമുനാദേവി പ്രകൃതിയില്‍ തന്‍റെ വിലാസനൃത്തം ചെയ്യുന്ന പുണ്യധാമം. ആ ദേവവഭൂമിയില്‍ മനസ്സും ശരീരവും ഈശ്വരാര്‍പ്പിതമാകുന്ന അനുഭൂതിയുണ്ടാകുന്നു. ഇനി യാത്ര ഗംഗോത്രിയിലേക്കാണ്. ഹിമാലയത്തിന്റെ സ്ത്രൈണസൌന്ദര്യത്തിന്റെ അത്യുജ്വലമായ ആവിഷ്കാരമാണ് ഗംഗോത്രിയില്‍ എന്ന് കേട്ടിരിക്കുന്നു. അവിടെ എത്തണമെങ്കില്‍ ഉത്തരകാശിയിലേക്ക് പോകണം. യമുനാനദിയുടെ ശീതളിമ മനസ്സിലേക്കും പകര്‍ന്നുകൊണ്ട് ഞങ്ങള്‍ യാത്രയാരംഭിച്ചു. തപോധനന്‍മാരായ മഹാത്മാക്കളുടെ സാന്നിധ്യത്താല്‍ പ്രസിദ്ധമായ ഉത്തരകാശിയിലേക്ക്..
ഉത്തരഭാരതത്തിലെ കാശി എന്നും സൌമ്യകാശിയെന്നും പ്രസിദ്ധമായ പ്രദേശമാണ് ഉത്തരകാശി. തപോധനന്മാരാല്‍ എക്കാലത്തും അനുഗ്രഹിക്കപ്പെടുന്ന ഈ പുണ്യഭൂമിയെക്കുറിച്ച് കൂടുതലായി ഞാന്‍ വായിച്ചത് ശ്രീ തപോവനസ്വാമികളുടെ ചരിത്രത്തിലൂടെയാണ്. ജീവന്മുക്തനായി ഹിമഗിരിവിഹാരം നടത്തിയ ആ മഹാത്മാവ് ഏറെക്കാലം ചിലവഴിച്ച ഉത്തരകാശിയിലെ തപോവനകുടീരം കാണണം എന്നത് ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു. ഗുരുപാദസപര്യയുടെ രചനാവേളയില്‍ ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ തപോവനസന്ദര്‍ശനത്തെ വിവരിക്കുമ്പോള്‍ ആ പ്രദേശമാകെ മനസ്സില്‍ ഭാവന ചെയ്തിരുന്നു. ഗ്രന്ഥത്തില്‍ പരാമര്‍ശിച്ച കേരളത്തിലെ പ്രധാന ആചാര്യന്മാരുടെയെല്ലാം ആശ്രമങ്ങളും സമാധിസ്ഥലങ്ങളും നേരില്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായെങ്കിലും തപോവനസ്വാമികളുടെ സന്നിധിയില്‍ ശ്രീവിദ്യാനന്ദസ്വാമിജി ഒരാഴ്ച ചിലവഴിച്ചു വേദാന്തചര്‍ച്ചകള്‍ നടത്തിയ പുണ്യാശ്രമം കാണുവാന്‍ അന്ന് സാധിച്ചില്ല. ഇപ്പോഴിതാ ഒരു നിയോഗമെന്ന പോലെ ആ തപോഭൂമിയിലും എത്തിപ്പെട്ടിരിക്കുന്നു. യമുനോത്രിയില്‍ നിന്നും നേരെ ഞങ്ങള്‍ ഉത്തരകാശിയിലാണ് എത്തിയത്. ജ്ഞാനസ്വരൂപ്ജി അവിടെ ഞങ്ങള്‍ക്ക് തങ്ങാനുള്ള സൗകര്യം സോമാശ്രമാത്തിലെ നാരായണ്‍ജി വഴി ഏര്‍പ്പാടാക്കിയിരുന്നു.
താമസസ്ഥലത്തിനു സമീപം ഗംഗാനദി ഗംഭീരനാദത്തോടെ ഒഴുകിക്കൊണ്ടിരിക്കുന്നു. പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ ഗംഗാനദിയുടെ സുന്ദരമായ ദൃശ്യം കണ്ണുകളെ കുളിര്‍പ്പിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് ജ്ഞാനസ്വരൂപ്ജി ഞങ്ങള്‍ക്ക് കാട്ടിത്തന്നു. നിരവധി ആശ്രമങ്ങളും ക്ഷേത്രങ്ങളും ഉത്തരകാശിയില്‍ ഉണ്ട്. സോമാശ്രമത്തിലെ മലയാളികളായ ഹരിഹരബ്രഹ്മേന്ദ്രസ്വാമിജിയെയും നാരായണ്‍ജിയെയും ചില ബ്രഹ്മചാരികളെയും പരിചയപ്പെട്ടു. തപോവനസ്വാമികളുടെ ആശ്രമത്തില്‍ ചെന്നു അദ്ദേഹത്തിന്‍റെ ഛായാചിത്രത്തിനുമുന്നില്‍ നമസ്കരിച്ചു. ചിന്മയാമിഷന്‍റെ കീഴിലാണ് ഇപ്പോള്‍ ആശ്രമം. ഏകദേശം അറുപതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദ്യാനന്ദസ്വാമിജി അവിടം സന്ദര്‍ശിച്ചതിന്റെ വിവരണം മനസ്സിലൂടെ കടന്നു പോയി. അന്നത്തെ ആ ചെറിയ കുടിലും പരിസരപ്രദേശങ്ങളും വളരെയധികം മാറിയിരിക്കുന്നു. ഉത്തരകാശി ഇന്നൊരു വലിയ ടൌണ്‍ ആണ്. എങ്കിലും ആ പരിപാവനമായ ആശ്രമത്തിന്‍റെ ദിവ്യത്വം ശാന്തമായ് അവിടെ അനുഭവപ്പെടുന്നു.
രാവിലെ അധികം വൈകാതെ തന്നെ ഞങ്ങള്‍ ഗംഗോത്രിയിലേക്ക് തിരിച്ചു.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം പതിനായിരം അടി മുകളില്‍ ആണ് ഗംഗോത്രി. ഉത്തരാഖണ്ട് പ്രകൃതിദുരന്തത്തിന്റെ തീവ്രമായ ആഘാതം ഏറ്റ പ്രദേശങ്ങളില്‍ ഒന്നാണ് ഗംഗോത്രി. മാര്‍ഗ്ഗമദ്ധ്യേ അതു കാണാന്‍ കഴിയും. പ്രളയം കടപുഴക്കിയ നൂറുകണക്കിനു വൃക്ഷങ്ങളുടെ അവശിഷ്ടങ്ങള്‍ വശങ്ങളില്‍ കാണാം. ആ വൃക്ഷശരീരങ്ങളെ ഗൌനിക്കാതെ ഭാഗീരഥി ശാന്തമായ് ഒഴുകിക്കൊണ്ടിരുന്നു. ഗംഗാനദിയുടെ ഉത്ഭവസ്ഥാനം ഗംഗോത്രിയില്‍ നിന്നും 18 കിലോമീറ്റര്‍ ഉയരത്തിലുള്ള ഗോമുഖിലാണ്. ഗംഗോത്രിഹിമാനിയില്‍ നിന്നും വരുന്ന ജലം അവിടം മുതല്‍ ദേവപ്രയാഗ് വരെ ഭാഗീരഥി എന്നറിയപ്പെടുന്നു. ദേവപ്രയാഗില്‍ അളകനന്ദാനദിയുമായി കൂടിച്ചേര്‍ന്നു ഗംഗ എന്ന പേരോടുകൂടി ആ മഹാനദി ഒഴുകുന്നു. ഗംഗോത്രിയിലേക്കുള്ള വഴിയില്‍ അപകടങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഡ്രൈവര്‍ സാവധാനമാണ് വണ്ടിയോടിച്ചത്. ഞങ്ങള്‍ യാത്ര ചെയ്തു മടങ്ങിയ ശേഷം അവിടെ 25 പേരടങ്ങുന്ന സംഘം അപകടത്തില്‍പ്പെട്ടു മരണമടഞ്ഞു എന്ന വാര്‍ത്ത പിന്നീടു കേട്ടിരുന്നു. പ്രളയത്തിനു ശേഷമുള്ള ഗംഗോത്രിയുടെ മാറ്റങ്ങളും ഭൂപ്രകൃതിയും ജ്ഞാനസ്വരൂപ്ജി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും ആ പ്രകൃതിയുടെ സൌന്ദര്യത്തിനു യാതൊരു മാറ്റവുമില്ല. ഏതു കഠിനഹൃദയത്തെയും ആ പ്രകൃതിസൌന്ദര്യം ആകര്‍ഷിക്കും. വഴിയുടെ വശങ്ങളില്‍ ഉയരമുള്ള വൃക്ഷങ്ങള്‍ കാണാം. ദേവദാരുവും മറ്റും കാണാം. ഗംഗോത്രിയില്‍ ഗംഗാദേവിയുടെ ഒരു ചെറിയ ക്ഷേത്രമുണ്ട്. തണുപ്പുകാലത്ത് അവിടുത്തെ വിഗ്രഹം ഗംഗോത്രിക്കു താഴെയുള്ള ഹര്‍സില്‍ ടൌണിനടുത്തു മുഖ്ബയിലെ ക്ഷേത്രത്തിലാണ് പൂജിക്കുക. അതിനടുത്തുള്ള മലയാളിയായ കൃഷ്ണാനന്ദസ്വാമിജിയുടെ കുടീരത്തില്‍ ഞങ്ങള്‍ കയറി. അദ്ദേഹം ചായയും ചിപ്സും നല്‍കി ഞങ്ങളെ സല്‍ക്കരിച്ചു. മുന്‍പ് അദ്ദേഹത്തിന്‍റെ കുടീരം ഗംഗോത്രിയില്‍ ആയിരുന്നെന്നും വെള്ളപ്പൊക്കത്തില്‍ അതു തകര്‍ന്നപ്പോഴാണ് ഇങ്ങോട്ടേക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു. അവിടെ നിന്നും യാത്ര പറഞ്ഞ് ഗംഗോത്രിയിലെത്തി. അത്യന്തം സുന്ദരവും ശാന്തവുമായ ഭൂപ്രകൃതി. വണ്ടി പാര്‍ക്ക് ചെയ്തിടത്തു നിന്നും ഒരു കിലോമീറ്റര്‍ നടന്നു ക്ഷേത്രത്തിലെത്തി തൊഴുതു. ഭാഗീരഥി സമീപത്ത് ലാസ്യനൃത്തത്തോടെ ചലിച്ചുകൊണ്ടിരിക്കുന്നു. വലിയ പാറക്കെട്ടുകളില്‍ ചിന്നിച്ചിതറുന്ന ആ ജലകണങ്ങളില്‍ സൂര്യരശ്മികള്‍ നവരത്നശോഭ തീര്‍ക്കുന്നു. വിശാലമായ ആകാശത്ത് വെളുത്ത മേഘങ്ങള്‍ കൂട്ടമായ് പര്‍വതങ്ങള്‍ക്ക് മുകളിലായ് നിരന്നു നില്‍ക്കുന്നു. ഗംഗാതരംഗം പ്രണവധ്വനിമുഴക്കി ഒഴുകുമ്പോള്‍ അതിനു സമീപമുള്ള വലിയ പാറപ്പുറത്ത് ഞങ്ങള്‍ കണ്ണുകള്‍ അടച്ച് നിശ്ശബ്ദരായി ഇരുന്നു. വിഷയലിപ്തമായ പ്രപഞ്ചഭാവങ്ങള്‍ സ്പര്‍ശിക്കാത്ത ഹിമാലയസാനുക്കളുടെ തപശക്തി എത്രമാത്രം ഉദാത്തമെന്നു ഭാഗീരഥിയുടെ സമീപമിരിക്കുമ്പോള്‍ ബോധ്യമാകുന്നു. മനസ്സു തികച്ചും ശാന്തം. ഗംഗാമാതാവിനെ നമസ്ക്കരിച്ചുകൊണ്ട് ഏറെ നേരം ഞങ്ങള്‍ ആ പരിപാവനഭൂമിയില്‍ ചിലവഴിച്ചു. യാത്രയുടെ ഭാഗം അല്ലാത്തതിനാലും കുറച്ച് ഏറെ സമയം ആവശ്യം ഉള്ളതിനാലും ഗോമുഖ് യാത്ര ഒഴിവാക്കിയിരുന്നു. എങ്കിലും ഗംഗോത്രി നല്‍കിയ ആത്മീയാനുഭൂതി ചെറുതല്ല. നമസ്കാരപൂര്‍വ്വം ആ ദിവ്യധാമത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ്സ് ഒരു അലൌകികശാന്തിയെ പ്രാപിച്ചിരുന്നു. ആ ശാന്തതയുടെ നിശ്ശബ്ദത ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ വീണ്ടും ഉത്തരകാശിയിലേക്ക് മടങ്ങി. അവിടെ നിന്നും കേദാരനാഥനെ കാണുവാന്‍ പുറപ്പെടണം. വിശ്വൈകരക്ഷകനും മഹാവൈരാഗിയുമായ ശ്രീമഹാദേവന്റെ തിരുസന്നിധിയിലേക്ക്. സൌന്ദര്യധാമമായ പ്രകൃതിയില്‍ നിന്നും നിത്യശുദ്ധബുദ്ധമുക്തമായ പുരുഷനിലേക്ക്...
നചികേത തടാകം
സന്ധ്യയോടെയാണ് ഗംഗോത്രിയില്‍ നിന്നും ഞങ്ങള്‍ ഉത്തരകാശിയില്‍ മടങ്ങിയെത്തിയത്. കുറച്ചു നേരം നാരായണ്‍ജിയോടു കുശലപ്രശ്നങ്ങള്‍ നടത്തി. യാത്രയുടെ ക്ഷീണം കാരണം ഭക്ഷണം നേരത്തേ കഴിച്ചു ഞങ്ങള്‍ കിടന്നു. വലിയ യാത്രകള്‍ആരംഭിക്കുന്നതേ ഉള്ളൂ. അതിരാവിലെ ഉണര്‍ന്നു കുളിയെല്ലാം കഴിഞ്ഞു ഞങ്ങള്‍ കേദാര്‍നാഥിലേക്ക് തിരിച്ചു. ഉത്തരകാശിയില്‍ നിന്നും കേദാറിലേക്കുള്ള വഴി 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നചികേത് താള്‍ അഥവാ നചികേതതടാകം കാണാന്‍ സാധിക്കും എന്നറിഞ്ഞതിനാല്‍ ഞങ്ങള്‍ ആദ്യം അവിടേക്ക് തിരിച്ചു. 30 കി.മീ സഞ്ചരിക്കുമ്പോള്‍ ചൌരാംഗിഖല്‍ എന്ന ഒരു ചെറുഗ്രാമത്തിലെത്താം. അവിടെ നിന്നും മൂന്നു കിലോമീറ്റര്‍ മുകളിലേക്ക് മല കയറണം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം എണ്ണായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആ മലയുടെ മുകളില്‍ നിന്നാല്‍ സിവാലിക് മലനിരകളിലെ ഹിമാനികള്‍ പലതും കാണാം. ഏകദേശം പതിനെട്ടു കിലോമീറ്റര്‍ ആകാശദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന ചാര്‍ധാം പര്‍വതനിരകളെയും കാണാന്‍ കഴിയും. ഓരോരോ മലകളും ജ്ഞാനസ്വരൂപ്ജി ഞങ്ങള്‍ക്ക് കാട്ടിത്തന്നു.
നചികേത തടാകത്തിലേക്കുള്ള വഴി ഒരു ചെറു കാടാണ്. മരങ്ങളാല്‍ നിബിഡമായ ആ പ്രദേശത്ത് കാല്‍നടയായി മുകളിലെത്താന്‍ ചെറുപാതയുണ്ട്. അത്യാവശ്യം കയറ്റമുണ്ട്. എന്നാല്‍ ഒരു ഇല പോലും അനങ്ങാത്തത്ര പരിപൂര്‍ണ്ണ നിശ്ശബ്ദത ആ പ്രദേശമാകെ വ്യാപിച്ചിരുന്നു. ആ സമയത്ത് ഞങ്ങള്‍ മാത്രമായിരുന്നു ആ മലയിലേക്ക് പ്രവേശിച്ചിരുന്നത്. അതിന്റെ പ്രാധാന്യം അറിയാഞ്ഞിട്ടാണോ അതോ മറ്റെന്തെങ്കിലുമോ എന്നറിയില്ല ചൌരാംഗിഖല്ലില്‍ ഭക്ഷണം കഴിക്കാന്‍ അനേകം തീര്‍ത്ഥാടനവാഹനങ്ങള്‍ നിര്‍ത്തുന്നുണ്ടെങ്കിലും നചികേതതടാകത്തിലേക്ക് അധികമാരും കയറുന്നത് കണ്ടില്ല. പേര് സൂചിപ്പിക്കുന്നതു പോലെ നചികേതസ്സുമായി ആ സ്ഥലത്തിനു ബന്ധമുണ്ട്. മഹാഗുരുവായ യമദേവന്‍ മരണത്തിന്റെ രഹസ്യമന്വേഷിച്ചു ചെന്ന നചികേതസ്സ് എന്ന ബാലകന് ബ്രഹ്മവിദ്യ ഉപദേശിച്ച സ്ഥലമാണ് നചികേതാ താള്‍ എന്നാണു വിശ്വാസം. ദശോപനിഷത്തുക്കളില്‍ ഒന്നായ കഠോപനിഷത്ത് പിറവിയെടുത്ത പുണ്യസ്ഥലം.
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത .
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുർഗം പഥസ്തത്കവയോ വദന്തി
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുർഗം പഥസ്തത്കവയോ വദന്തി
എന്ന കഠോപനിഷത്ത് മന്ത്രത്തെക്കുറിച്ച് ജ്ഞാനസ്വരൂപ്ജിയോട് സംസാരിച്ചുകൊണ്ടാണു നടന്നത്. ഇരുതലമൂര്‍ച്ചയുള്ള വാളുപോലുള്ള ദുര്‍ഗ്ഗമായ ആദ്ധ്യാത്മികമാര്‍ഗ്ഗത്തില്‍ ജാഗ്രതയോടെ, അവബോധത്തോടെ സഞ്ചരിക്കുവാന്‍ നചികേതതടാകത്തിലേക്കുള്ള യാത്ര ഓര്‍മ്മപ്പെടുത്തുന്നു. നടന്നു നടന്നു ഞങ്ങള്‍ മുകളിലെത്തുമ്പോള്‍ അതിമനോഹരമായ ഒരു തടാകം ഞങ്ങളെ വരവേറ്റു. ശുദ്ധമായ മാനസത്തില്‍ ആത്മപ്രതിബിംബം സലക്ഷണമായി പ്രതിബിംബിക്കുന്നു എന്ന തത്വത്തെ ഓര്‍മ്മപ്പെടുത്തുംവിധം തെളിഞ്ഞ ജലത്തില്‍ വൃക്ഷങ്ങളുടെ പ്രതിബിംബം വ്യക്തമായി കാണാം. ജലത്തില്‍ ചെറുതും വലുതുമായ മീനുകളും ഉണ്ട്. പരിപൂര്‍ണ്ണ നിശ്ശബ്ദത ആ പ്രദേശത്താകെ കളിയാടുന്നു. അവിടെ നിശ്ശബ്ദതയുടെ സൌന്ദര്യം ഒരു ലഹരി പോലെ മനസ്സില്‍ തെളിയുന്നു. അവിടെ നിശ്ശബ്ദതയിലെ പ്രണവധ്വനി കാതില്‍ മുഴങ്ങുന്നു. ശാന്തമായ പ്രകൃതി. കുറച്ചു നേരം ആ തടാകത്തിന്റെ തീരത്തുതന്നെ മൌനവും ആസ്വദിച്ചു ഞങ്ങള്‍ ഇരുന്നു. അവിടെ ഒരു വൈഷ്ണവക്ഷേത്രവും വൃദ്ധനായ ഒരു സാധുവും ഉണ്ടായിരുന്നു. ശാന്തപ്രകൃതനായ അദ്ദേഹം ഞങ്ങളെ അതിഥികളെന്ന വണ്ണം സ്വീകരിച്ചു കുശലാന്വേഷണം നടത്തി. ആ പ്രദേശത്തിന്റെ ചരിത്രപരവും ആദ്ധ്യാത്മികപരവുമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞുതന്നു. മാത്രമല്ല വളരെ രുചികരമായ ഒരു കട്ടന്‍ചായ നാരങ്ങാനീര് ചേര്‍ത്ത് ഉണ്ടാക്കിത്തരികയും ചെയ്തു. അതു കുടിച്ച ശേഷം ഞങ്ങള്‍ അദ്ദേഹത്തെ നമസ്ക്കരിച്ച് ദക്ഷിണ നല്‍കി താഴേക്ക് ഇറങ്ങി. അധികംവൈകാതെ തന്നെ താഴെ ഇറങ്ങാനായി. താഴെ എത്തിയ ശേഷം അവിടുള്ള ഒരു കടയില്‍ നിന്നും ദക്ഷിണേന്ത്യന്‍ രുചിയുള്ള ഇഡ്ഡലി തന്നെ കഴിക്കാന്‍ കിട്ടി. ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. കേദാര്‍നാഥില്‍ പോകണമെങ്കില്‍ വൈകുന്നെരമെങ്കിലും സോനപ്രയാഗില്‍ എത്തണം. അവിടെ തങ്ങി രാവിലെ യാത്ര തുടങ്ങേണ്ടതുണ്ട്. പോകുന്ന വഴി അഗസ്ത്യമുനി എന്ന സ്ഥലത്ത് ഇറങ്ങി അഗസ്ത്യക്ഷേത്രവും സന്ദര്‍ശിച്ചു. അഗസ്ത്യമുനി തപസ്സ് ചെയ്ത സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പഴയ ഒരു ക്ഷേത്രമാണത്. അഗസ്ത്യശിഷ്യനായ ഭോഗനാഥരുടെയും പ്രതിഷ്ഠ അവിടെയുണ്ട് മൊരാരിബാപ്പുവിന്റെ സത്സംഗം ഉള്ളതിനാല്‍ കേദാറില്‍ നല്ല തിരക്കുണ്ടെന്നും താമസസൗകര്യം ലഭിക്കുക പ്രയാസമാണെന്നും അറിഞ്ഞു. എന്നാല്‍ ജ്ഞാനസ്വരൂപ്ജി ഞങ്ങള്‍ക്കുള്ള താമസം തയ്യാറാക്കുവാന്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശ്രമഫലമായി അവിടെ രാത്രി താമസം ശരിയായി. രാത്രി 8 മണിയോടെ ഞങ്ങള്‍ സോനപ്രയാഗിനു 2 കിലോമീറ്റര്‍ മുന്‍പുള്ള സീതാപൂരില്‍ ഏര്‍പ്പാടാക്കിയിരുന്ന മുറിയില്‍ എത്തി. ഇടയ്ക്കു ഇടത്തേകാല്‍ ഒന്ന് ഇടറിയിരുന്നതിനാല്‍ ചെറിയ വേദന തുടങ്ങിയിരുന്നു. നീരുമുണ്ട്. വെളുപ്പിനെ തന്നെ 20 കിലോമീറ്റര്‍ പര്‍വതം കയറേണ്ടതുണ്ട്. രാവിലെ കയറിയാല്‍ വൈകുന്നേരത്തോടെ അവിടെ എത്താം. വേദനയ്ക്കുള്ള മരുന്നു കാലില്‍പുരട്ടി, ദീര്‍ഘകാലമായ ഒരാഗ്രഹം സഫലമാകാനുള്ള യാത്രയും സ്വപ്നം കണ്ടുകൊണ്ട് കേദാരത്തിന്‍റെ അടിവാരത്തില്‍ അന്ന് അന്തിയുറങ്ങി.
വെളുപ്പിനെ തന്നെ ഞങ്ങള്‍ സീതാപൂരില്‍ നിന്നും സോനപ്രയാഗിലെത്തി. നല്ല തണുപ്പുണ്ടായിരുന്നു. അവിടെ നിന്നും 19 km കേദാര്‍നാഥിലേക്ക് ഉണ്ടെന്ന ബോര്‍ഡ് കണ്ടു. ഉത്തരാഖണ്ട് പ്രളയത്തിനു ശേഷം വഴിയാകെ മാറിയെന്നും ദൂരം കൂടുതലാണെന്നും കേട്ടു. സോനപ്രയാഗില്‍ നിന്നും ഗൌരികുണ്ഡ് വരെ അഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്. അവിടേക്ക് ജീപ്പ് സര്‍വീസ് ഉണ്ട്. എന്നാല്‍ അതിനുള്ള ക്യൂ നീണ്ടു നിവര്‍ന്നു കിടന്നിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പോയി വരുന്ന ജീപ്പ് കിട്ടാന്‍ രണ്ടു മണിക്കൂറെങ്കിലും എടുക്കുമെന്ന് തോന്നിയതിനാല്‍ സോനപ്രയാഗില്‍ നിന്നുതന്നെ നടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നടക്കാന്‍ താല്പര്യമില്ലാതിരുന്ന ശരത്ചന്ദ്രസ്വാമി കുതിരപ്പുറത്താണ് കേദാറിലേക്ക് പോയത്. ഞങ്ങള്‍ നാലു പേര്‍ മെല്ലെ നടന്നു.
ഗൌരികുണ്ഡ് വരെ ടാര്‍ ചെയ്ത റോഡുണ്ട്. അതുവഴി അഞ്ചു കിലോമീറ്റര്‍ നടന്നു ഞങ്ങള്‍ ഗൌരികുണ്ഡ് കവാടത്തിലെത്തി. അവിടെ കുറേ കടകളും ഭക്ഷണശാലകളും ഉണ്ട്. മുകളിലേക്കുള്ള വഴികളില്‍ എല്ലാം തന്നെ ചെറിയ കടകള്‍ ഉണ്ട്. ഗൌരികുണ്ഡ് നിന്നും വെള്ളം കുടിച്ചുകൊണ്ടു ഞങ്ങള്‍ മുകളിലേക്ക് കയറിത്തുടങ്ങി. കയറുംതോറും തലേദിവസം തുടങ്ങിയ എന്റെ കാലുവേദന കൂടിക്കൂടി വന്നു. നീരു വര്‍ദ്ധിച്ചിരുന്നു. അതിനാല്‍ യാത്ര കഠിനമായി അനുഭവപ്പെട്ടു. കുറച്ച് ദൂരം മുന്നോട്ട് ചെന്നപ്പോള്‍ തണുപ്പു മാറി നല്ല വെയിലും ചൂടും അനുഭവപ്പെട്ടു. സ്വറ്റര്‍ ഊരി മാറ്റിയെങ്കിലും ചൂടിനു കുറവില്ല. കടുത്ത ചൂടും കാലിലെ വേദനയും കാരണം എന്റെ നടത്തം മെല്ലെയായി. വിനോദ് വേഗം നടന്നു കയറുന്നുണ്ടായിരുന്നു. ഏകദേശം എട്ടു കിലോമീറ്റര്‍ സോനപ്രയാഗില്‍ നിന്നും ഞങ്ങള്‍ നടന്നെത്തിയിരുന്നു. ചൂട് അധികമായതോടെ ശരീരത്തിനു ക്ഷീണവും നിര്‍ജലീകരണവും ഉണ്ടായി. ക്ഷീണം വര്‍ദ്ധിക്കുകയും ചര്‍ദ്ദി ഉണ്ടാകുകയും ചെയ്തു. മുന്‍പോട്ടു കയറാന്‍ ആവാത്ത അവസ്ഥ. ജ്ഞാനസ്വരൂപ്‌ജിയും കൃഷ്ണകുമാറെട്ടനും എന്നോടൊപ്പം തന്നെ പതുക്കെ നടന്നു. ചായയും ഭക്ഷണവും ഒന്നും ശരീരം സ്വീകരിക്കുന്നില്ല. എന്റെ ബുദ്ധിമുട്ട് കണ്ട് താഴേക്കിറങ്ങാമെന്നു അവര്‍ പറഞ്ഞെങ്കിലും അത് നിരസിച്ചു. കുതിരയെ ഇടയ്ക്ക് വച്ചു കിട്ടുകയില്ല താനും. കൂടാതെ കുതിരപ്പുറത്ത് കയറാന്‍ മനസ്സ് ഒട്ടും അനുവദിക്കുന്നുമില്ല. അവയ്ക്ക് തന്നെ ശ്വാസം മുട്ടിയാണ് കയറാന്‍ കഴിയുന്നത്. മനുഷ്യനെകൂടി ചുമന്നാല്‍ അവയുടെ അവസ്ഥ എത്ര കഷ്ടമാണ്.
അടുത്ത പ്രധാന പോയിന്റ് രാംവാഡാ എന്ന സ്ഥലമാണ്. അവിടെ വരെ എങ്കിലും എത്തുമോ എന്ന് നോക്കാം. ആത്മനാ വിന്ദതേ വീര്യം എന്നു ഞാന്‍ ജ്ഞാനസ്വരൂപ്ജിയെ നോക്കി പറഞ്ഞുകൊണ്ട് വളരെ മെല്ലെ നടന്നു. ഇടയ്ക്കിടെ വിശ്രമിച്ചും വെള്ളം കുടിച്ചും സമയം എത്ര വൈകിയാലും ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന മനോഭാവത്തോടെ ഞങ്ങള്‍ നടന്നു. വെയില്‍ യാതൊരു ദാക്ഷിണ്യവും കാട്ടിയില്ല. പക്ഷേ അല്പം മുന്നോട്ടു നടന്നപ്പോള്‍ ഈശ്വരാനുഗ്രഹമെന്ന വണ്ണം ആകാശത്ത് കാര്‍മേഘങ്ങള്‍ തടിച്ചുകൂടി. ഹിമാലയത്തിലെ പ്രവചനാതീതമായ കാലാവസ്ഥ അപ്പോള്‍ എനിക്ക് അനുകൂലമാകുകയായിരുന്നു. ആ കാര്‍മേഘങ്ങള്‍ ശക്തമായ മഴ ചൊരിഞ്ഞു. ആ മഴയില്‍ ശരീരത്തിന്റെ അസ്വസ്ഥത മാറി. എവിടെ നിന്നോ ഊര്‍ജ്ജം ലഭ്യമായ പോലെ. ശരീരം മുകളിലേക്ക് കയറുവാന്‍ പ്രാപ്തമായി. ലക്ഷ്യസ്ഥാനത്തെത്തും എന്ന് മനസ്സില്‍ ഉറപ്പിച്ചു. സുന്ദരമായ ഭൂപ്രകൃതി. അകലെ മഞ്ഞുവീണു ധവളവര്‍ണ്ണമായ മലനിരകള്‍. ഒരു വശത്തു സൂര്യരശ്മികള്‍ തട്ടി പീതവര്‍ണ്ണമായ കൂറ്റന്‍മലകള്‍. ചില ഭാഗങ്ങളില്‍ പാറക്കെട്ടുകള്‍. മന്ദാകിനീനദിയുടെ കളാരവം. പ്രകൃതീശ്വരി സൌന്ദര്യപാരവാരമായി മാറിയിരിക്കുന്നു. ആരെയും വിസ്മയിപ്പിക്കുന്ന സുന്ദരദൃശ്യങ്ങള്‍ കണ്ടുകൊണ്ട് ഞങ്ങള്‍ കയറ്റം കയറി രാംവാഡയിലെത്തി. കേദാര്‍നാഥ് പ്രളയത്തില്‍ തകര്‍ന്ന പഴയ രാംവാഡ യാത്രയില്‍ കണ്ടു. അവിടെ നിന്നും യാത്രാവഴി വ്യത്യാസം വന്നിരിക്കുന്നു. ഏകദേശം പത്തു കിലോമീറ്ററോളം ബാക്കിയുണ്ട്. കുത്തനെയുള്ള ചില കയറ്റങ്ങള്‍. മഞ്ഞു വീണ ഭാഗങ്ങള്‍ വെട്ടിമാറ്റി വഴിയുണ്ടാക്കിയ ഭാഗങ്ങള്‍. ചളിയും കുതിരച്ചാണകവും കൂടിക്കുഴഞ്ഞ തെന്നലുള്ള വഴികള്‍ ഒക്കെ താണ്ടണം. കുതിരകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാല്‍നടയാത്രക്കാരുടെ നടപ്പ് മന്ദഗതിയിലാക്കി. ശിവമന്ത്രവും ജപിച്ച് ആളുകള്‍ പര്‍വതം കയറുന്നു. മുകളിലേക്ക് കയറുമ്പോള്‍ ചില ഭാഗങ്ങളില്‍ ഒക്സിജെന്‍ കുറവുണ്ട്. തണുപ്പു കൂടിക്കൂടി വന്നു. ഇടയ്ക്കിടെ വിശ്രമിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. വൈകുന്നേരത്തോടെ കേദാര്‍നാഥ് ബേസ് ക്യാമ്പിലെത്തി. അവിടെ നിന്നും 2 കിലോമീറ്റര്‍ മുകളിലേക്ക് കയറണം. ഓരോ ചായ കുടിച്ച് ഞങ്ങള്‍ മൂന്നു പേരും മുകളിലേക്ക് കയറി. അപ്പോഴേക്കും ചുറ്റും കോടമഞ്ഞു വന്നു മൂടി. തണുപ്പു അധികമായി. കയ്യില്‍ കുരുമുളകും കല്‍ക്കണ്ടവും കരുതിയിരുന്നു. തണുപ്പ് ചെറുതായി ശമിക്കുമെന്നതിനാല്‍ അതെടുത്തു തിന്നു. കേദാര്‍നാഥന്‍റെ സന്നിധിയിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു. ഞങ്ങള്‍ മെല്ലെ മുകളിലെത്തി. അവിടെ ഞങ്ങളെക്കാത്ത് സ്വാമിയും വിനോദും നില്പുണ്ടായിരുന്നു. അവര്‍ അന്ന് ഞങ്ങള്‍ക്ക് തങ്ങാനുള്ള ടെന്റും സ്ലീപിംഗ് ബാഗുമെല്ലാം തയ്യാറാക്കിയിരുന്നു. ടെന്റില്‍ ബാഗ് വെച്ചപ്പോഴേക്കും മഴ പെയ്തു തുടങ്ങി. അവിടെ നിന്നും ക്ഷേത്രത്തിലെത്താന്‍ സ്വല്പം നടക്കണം. മഴ ശക്തമാണെങ്കില്‍ ക്ഷേത്രദര്‍ശനം പിറ്റേന്നു നടത്താം എന്ന് കരുതി. എന്നാല്‍ അധികംവൈകാതെ മഴനിന്നു. ഞങ്ങള്‍ നേരെ ക്ഷേത്രത്തിലേക്ക് നടന്നു. കാലിന്റെ വേദനയോ ശരീരത്തിന്റെ അസ്വസ്ഥതയോ മനസ്സിനെ സ്പര്‍ശിക്കുന്നതേ ഇല്ല. ചെറിയൊരു ക്യൂ മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. അകത്തു കയറി ഭഗവദ്ദര്‍ശനം നടത്തി. കേദാരനാഥന്റെ ദിവ്യവിഗ്രഹത്തെ നമസ്ക്കരിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോഴേക്കും രാത്രിയായിരുന്നു. ക്ഷേത്രം പ്രദക്ഷിണം വയ്ക്കുമ്പോള്‍ പുറകിലായി ഒരു കൂറ്റന്‍ പാറ കാണാം. പ്രളയസമയത്ത് അവിടെ വന്നു വീണ ആ പാറയാണ് ക്ഷേത്രത്തിനു യാതൊരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ശക്തമായി ഒഴുകിയെത്തിയ ജലത്തെ വഴിതിരിച്ചുവിട്ടത്. ഈശ്വരനിശ്ചയം എന്നല്ലാതെ എന്തു പറയാന്‍. കേദാരനാഥക്ഷേത്രത്തെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ആ പാറയെ ആളുകള്‍ വിശുദ്ധമായി കണ്ടു നമസ്കരിക്കുന്നു.. കുറേ സാധുക്കള്‍ അതിന്റെ സമീപമായി ഇരിപ്പുണ്ട്. ചില ഭാഗങ്ങളില്‍ പ്രളയം തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ കാണാം. ജ്ഞാനസ്വരൂപ്ജി അവിടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തപ്പോള്‍ കണ്ട കാഴ്ചകളെപ്പറ്റി ഞങ്ങളോട് പറഞ്ഞു. പ്രകൃതിയെ അശക്തനായ മനുഷ്യന്‍ വെല്ലുവിളിക്കുന്നു. പ്രകൃതി മാലിന്യങ്ങളെ നീക്കി സ്വയം ശുദ്ധീകരിക്കുന്നു. പ്രപഞ്ചത്തിന്റെ വിധിന്യായങ്ങള്‍ നിശ്ചയിക്കാന്‍ മനുഷ്യന്‍ അശക്തന്‍ തന്നെ.
അന്ന് രാത്രി അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം ടെന്റിലെ സ്ലീപ്പിംഗ് ബാഗില്‍ ഞങ്ങള്‍ ചുരുണ്ടുകൂടി. പിറ്റേന്ന് അതിരാവിലെ തന്നെ താഴേക്ക് ഇറങ്ങി. കയറ്റം പോലെ അത്ര കഠിനമായിരുന്നില്ല താഴേക്കുള്ള യാത്ര. ഏകദേശം അഞ്ചര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഗൌരികുണ്ഡിലെത്തി. ഇത്തവണ സോനപ്രയാഗിലേക്ക് ജീപ്പില്‍ തന്നെ കയറി. യാത്രയുടെ ക്ഷീണവും കാലിന്റെ വേദനയും പക്ഷേ മനസ്സിനെ തളര്‍ത്തിയിരുന്നില്ല. കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി എന്ന് വേണം പറയാന്‍. മൂന്നു ധാമുകളും ദര്‍ശിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ഞങ്ങള്‍ സോനപ്രയാഗില്‍ നിന്നും ഉച്ചയോടെ വണ്ടിയില്‍ യാത്ര തിരിച്ചു. ശ്രീനാരായണന്റെ ദിവ്യഭൂമിയായ ബദരീനാഥിലേക്ക്....
പ്രാചീനകാലം മുതല്‍ പ്രസിദ്ധിയാര്‍ജിച്ച ദിവ്യധാമമാണ് ബദരീനാഥക്ഷേത്രം. മഹാഭാരതം, സ്കന്ദപുരാണം, ഭാഗവതം എന്നിവയില്‍ പരമാര്‍ശിക്കപ്പെടുന്ന പുണ്യദേശം. നരനാരായണന്‍മാരുടെ പുണ്യാശ്രമം സ്ഥിതി ചെയ്ത പവിത്രഭൂമി. ആഴ്വാന്മാരാല്‍ പുകള്‍പെറ്റ ദിവ്യവൈഷ്ണവഭൂമി. യോഗിവര്യന്മാരുടെ തപോഭൂമി. എന്തെല്ലാം വിശേഷണം നല്‍കിയാലും ആ പ്രദേശത്തിന്റെ മാഹാത്മ്യത്തെ അവതരിപ്പിക്കാന്‍ കഴിയുന്നില്ല. ആ മഹനീയഭൂമിയിലേക്കാണ് കേദാരദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ സോനപ്രയാഗില്‍ നിന്നും യാത്രതിരിച്ചത്. ദീര്‍ഘമായ നടത്തം മൂലം വിശ്രമം ആവശ്യമായിരുന്നു. ഉച്ചയോടുകൂടിയാണ് ഞങ്ങള്‍ അവിടെ നിന്നും തിരിച്ചതും.
വൈകുന്നേരമായപ്പോള്‍ ഗോപേശ്വറിനടുത്തുള്ള മണ്ഡല്‍ എന്ന സ്ഥലത്ത് ഞങ്ങള്‍ മുറിയെടുത്തു. പ്രകൃതിരമണീയമായ ഒരു പ്രദേശമാണത്. ചുറ്റും മലനിരകള്‍. മഴ പെയ്യുന്നുണ്ടായിരുന്നു. രാത്രിയോട് കൂടി മഴ കനത്തു. മഴ തുടര്‍ന്നുകൊണ്ടിരുന്നാല്‍ ഒരു പക്ഷെ ബദരിയിലേക്കുള്ള പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാം. യാത്ര വൈകുകയും ചെയ്യും. ഞങ്ങള്‍ ഹരിദ്വാറില്‍ നിന്നും പുറപ്പെടുമ്പോള്‍ ബദരിപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി എന്ന വിവരം ലഭിച്ചിരുന്നു. ഏതായാലും ഭക്ഷണം കഴിച്ച് ഞങ്ങള്‍ അന്ന് മണ്ഡലിലെ ഹോട്ടല്‍ മുറിയില്‍ ഉറങ്ങി. രാവിലെ കുളിയെല്ലാം കഴിഞ്ഞു വന്നപ്പോള്‍ മഴ ശമിച്ചിരുന്നു. ചെറിയ വെയില്‍ വന്നത് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി. അവിടെ നിന്നും വീണ്ടും യാത്ര തുടങ്ങി ജോഷിമഠത്തില്‍ എത്തി.
ശ്രീശങ്കരാചാര്യസ്വാമികള്‍ പ്രതിഷ്ഠിച്ച നരസിംഹസ്വാമിക്ഷേത്രത്തില്‍ ഞങ്ങള്‍ ദര്‍ശനം നടത്തി. ഗ്രാമദേവതയെ ആ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന ഒരു ചടങ്ങ് അപ്പോള്‍ അവിടെ നടക്കുന്നുണ്ടായിരുന്നു. ദേവതമാര്‍ ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നതിന്‍റെ പ്രതീകമായി പല്ലക്ക് ഏവരുടെയും ശിരസ്സില്‍ സ്പര്‍ശിക്കുന്നു. അവിടം സന്ദര്‍ശിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ യാതൊരു തടസ്സവും ഉണ്ടായില്ല. തെളിഞ്ഞ അന്തരീക്ഷം. മഴ പെയ്യാതിരുന്നതിനാല്‍ മണ്ണിടിച്ചിലും ഉണ്ടായില്ല. ഉച്ചയോടു കൂടി ഞങ്ങള്‍ ബദരിനാഥ് ക്ഷേത്രത്തിലെത്തി. അന്ന് കൃഷ്ണകുമാറെട്ടന്റെ ജന്മദിനം കൂടി ആയിരുന്നു. ബദരിയില്‍ കുറേ നാളുകളായി തങ്ങുന്ന ജ്ഞാനസ്വരൂപ്ജി ഉച്ചയ്ക്ക് ഞങ്ങള്‍ക്കായി ഭഗവാന്‍റെ നൈവേദ്യം തന്നെ പ്രസാദമായി ഏര്‍പ്പാടാക്കി. കൂടെ വര്‍ഷങ്ങളായി അവിടെയുള്ള ശങ്കരേട്ടന്‍റെയും ബാലേട്ടന്റെയും അവരെ സഹായിക്കുന്ന രണ്ടു നേപാളി കുട്ടികളുടെയും കൈപ്പുണ്യം നിറഞ്ഞ കറികളും ആയപ്പോള്‍ കൃഷ്ണകുമാറെട്ടന് അത് പിറന്നാള്‍ സദ്യ തന്നെയായി. ഞങ്ങള്‍ക്കെല്ലാം നിനച്ചിരിക്കാതെ ലഭ്യമായ മൃഷ്ടാന്നഭോജനവും. യാത്രയ്ക്കിടയില്‍ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണവും അതായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ മുറിയില്‍ വിശ്രമിച്ചു. വൈകുന്നേരത്തോടെ ക്ഷേത്രത്തിലേക്ക് പോയി. അവിടെയും തപ്തകുണ്ഡ് ഉണ്ട്. ആ കൊടുംതണുപ്പിലും സള്‍ഫര്‍ കാരണം ലഭ്യമാകുന്ന പ്രകൃതിജന്യമായ ചൂടുവെള്ളത്തില്‍ കുളിച്ച ശേഷം ഭഗവദ്ദര്‍ശനം നടത്തേണ്ടതുണ്ട്. വെള്ളത്തിനു സാധാരണയില്‍ കവിഞ്ഞ ചൂടായിരുന്നു. അതിനാല്‍ അതിലേക്ക് ഇറങ്ങാതെ കരയില്‍ ഇരുന്നു മഗ്ഗില്‍ വെള്ളം കോരി ഒഴിച്ചു. പ്രായമായ ഒരാള്‍ ഒരു ബക്കറ്റ് നിറയെ ചൂടുവെള്ളം എടുത്ത് എന്റെ തലവഴി ഒഴിച്ചു. ഒരു നിമിഷം അനങ്ങാതെ ഇരിക്കുക മാത്രമേ ചെയ്തുള്ളൂ. ചൂടുവെള്ളം തലമുതല്‍ കാലുവരെ. എന്നാല്‍ ശരീരം പൊള്ളിയില്ല. സകല ക്ഷീണവും പൊടുന്നനെ മാറി. കുളി കഴിഞ്ഞു വസ്ത്രം മാറി ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് ചെന്നു. അകത്തു ദീപാരാധനയ്ക്കായുള്ള വരിയില്‍ ഇരിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭ്യമാക്കിയിരുന്നു. ഏകദേശം ഇരുപതു മിനിറ്റോളം ബദരിനാഥന്‍റെ മുന്നില്‍ ധ്യാനനിമഗ്നരായ് ഞങ്ങള്‍ ഇരുന്നു. മലയാളിയായ റാവല്‍ജി അകത്തു പൂജ ചെയ്യുന്നു. പദ്മാസനസ്ഥനും ശംഖുചക്രങ്ങളോടു കൂടിയവനുമായ ശ്രീനാരായണന്റെ രൂപമുള്ള ശാലഗ്രാമം ആണ് മുഖ്യ പ്രതിഷ്ഠ. കൂടാതെ കുബേരന്‍, നാരദന്‍, ഉദ്ധവര്‍, നരനാരായണന്മാര്‍ എന്നിവരും ഉണ്ട്. ദീപാരാധന തൊഴുതു പ്രസാദം വാങ്ങി വെളിയില്‍ ഇറങ്ങി. താഴെ അളകനന്ദാ നദി ആരവത്തോടെ ഒഴുകുന്നു. ക്ഷേത്രത്തിനു ചുറ്റും പര്‍വതനിരകള്‍. നര പര്‍വതം, നാരായണപര്‍വതം, നീലകണ്‌ഠപര്‍വതം തുടങ്ങിയവവ ജ്ഞാനസ്വരൂപ്‌ജി കാട്ടിത്തന്നു. കടകളും, ഭക്ഷണശാലകളും, സാധുക്കളും, തീര്‍ത്ഥാടകരുമെല്ലാം അവിടിവിടെയായി ഉണ്ട്. കുറേ നേരം അവിടെയെല്ലാം ഞങ്ങള്‍ ചുറ്റിക്കറങ്ങി കണ്ടു. പിന്നീട് ജ്ഞാനസ്വരൂപ്ജി തങ്ങുന്ന കുടീരത്തില്‍ ചെന്നു കുറേ നേരം ഇരുന്നു. അവിടെയിരുന്നാല്‍ ക്ഷേത്രം കാണാം. എന്നാല്‍ ശബ്ദജാലങ്ങളൊന്നും ഇല്ലാത്ത ശാന്തതയും ഉണ്ട്. മുറിയില്‍ ചെന്ന് ഭക്ഷണം കഴിച്ച് അന്ന് രാത്രി സുഖമായുറങ്ങി.
രാവിലെ തന്നെ ഞങ്ങള്‍ റാവല്‍ജിയെ കണ്ടു. അദ്ദേഹത്തെ മുന്‍പൊരിക്കല്‍ കേരളത്തില്‍ വച്ച് പരിചയപ്പെട്ടിട്ടുണ്ട്. ഓര്‍മ്മ പുതുക്കുകയും അദ്ദേഹത്തില്‍ നിന്നും പ്രസാദം വാങ്ങുകയും ചെയ്ത ശേഷം അവിടുത്തെ നൈവേദ്യപായസവും കഴിച്ചാണ് ഞങ്ങള്‍ ഇറങ്ങിയത്.
മനോഹരമായ ആ നിമിഷങ്ങളെ താലോലിച്ചുകൊണ്ട് ജ്ഞാനസ്വരൂപ്ജിയോടു യാത്രയും പറഞ്ഞ് ബദരിയില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരെയുള്ള മാനാഗ്രാമത്തിലേക്ക് ഞങ്ങള്‍ പോയി. ഭാരതത്തിന്റെ അവസാന ഗ്രാമം എന്ന്‍ കവാടത്തില്‍ എഴുതിയിട്ടുണ്ട്. ആ ഗ്രാമം കഴിഞ്ഞാല്‍ ടിബറ്റ് ആണ്. ആ ഗ്രാമത്തിലുള്ള ഗണേശഗുഹയും വ്യാസഗുഹയും സന്ദര്‍ശിച്ചു. അവിടെവച്ചാണ് മഹാഭാരതം എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്നത്. അതിനടുത്തുള്ള ഇന്ത്യയുടെ അവസാനത്തെ ചായക്കടയില്‍ നിന്നും ചായയും കുടിച്ച് ഞങ്ങള്‍ മുന്നോട്ട് നടന്നു. ദ്രൌപദിക്ക് പാലം തീര്‍ക്കാന്‍ ഭീമന്‍ മറിച്ചിട്ട ഭീംശില, സരസ്വതിനദിയുടെ വ്യക്തമായ ഒരേ ഒരു ഭാഗം, എന്നിവ അവിടുണ്ട്. അവിടെ നിന്നും കുറേ മുന്നോട്ടു പോയാല്‍ പാണ്ഡവര്‍ സ്വര്‍ഗ്ഗാരോഹണത്തിനു പോയ പാതയാണ്. സതോപന്ഥ് ആ ഭാഗത്താണ്. അത്യന്തം അപകടകരമായ മാര്‍ഗ്ഗമാണത്. അവിടേക്ക് പോകുന്ന സാധുക്കളെക്കുറിച്ചു കേട്ടിട്ടുണ്ട്. ഞങ്ങളുടെ യാത്ര മാനാഗ്രാമത്തിലെ ബാലാത്രിപുരസുന്ദരീക്ഷേത്രത്തിന്റെ മുന്നില്‍ അവസാനിപ്പിച്ചു തിരിച്ചിറങ്ങി.
മനോഹരമായ ആ നിമിഷങ്ങളെ താലോലിച്ചുകൊണ്ട് ജ്ഞാനസ്വരൂപ്ജിയോടു യാത്രയും പറഞ്ഞ് ബദരിയില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരെയുള്ള മാനാഗ്രാമത്തിലേക്ക് ഞങ്ങള്‍ പോയി. ഭാരതത്തിന്റെ അവസാന ഗ്രാമം എന്ന്‍ കവാടത്തില്‍ എഴുതിയിട്ടുണ്ട്. ആ ഗ്രാമം കഴിഞ്ഞാല്‍ ടിബറ്റ് ആണ്. ആ ഗ്രാമത്തിലുള്ള ഗണേശഗുഹയും വ്യാസഗുഹയും സന്ദര്‍ശിച്ചു. അവിടെവച്ചാണ് മഹാഭാരതം എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്നത്. അതിനടുത്തുള്ള ഇന്ത്യയുടെ അവസാനത്തെ ചായക്കടയില്‍ നിന്നും ചായയും കുടിച്ച് ഞങ്ങള്‍ മുന്നോട്ട് നടന്നു. ദ്രൌപദിക്ക് പാലം തീര്‍ക്കാന്‍ ഭീമന്‍ മറിച്ചിട്ട ഭീംശില, സരസ്വതിനദിയുടെ വ്യക്തമായ ഒരേ ഒരു ഭാഗം, എന്നിവ അവിടുണ്ട്. അവിടെ നിന്നും കുറേ മുന്നോട്ടു പോയാല്‍ പാണ്ഡവര്‍ സ്വര്‍ഗ്ഗാരോഹണത്തിനു പോയ പാതയാണ്. സതോപന്ഥ് ആ ഭാഗത്താണ്. അത്യന്തം അപകടകരമായ മാര്‍ഗ്ഗമാണത്. അവിടേക്ക് പോകുന്ന സാധുക്കളെക്കുറിച്ചു കേട്ടിട്ടുണ്ട്. ഞങ്ങളുടെ യാത്ര മാനാഗ്രാമത്തിലെ ബാലാത്രിപുരസുന്ദരീക്ഷേത്രത്തിന്റെ മുന്നില്‍ അവസാനിപ്പിച്ചു തിരിച്ചിറങ്ങി.
മാനായില്‍ നിന്നും ഋഷികേശിലേക്ക് പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ചും നാലുധാമങ്ങളുടെ ദര്‍ശനലഹരിയിലും ഞങ്ങള്‍ സഞ്ചരിച്ചു. രണ്ടു ദിവസം ഋഷികേശിലെ കൈലാസാശ്രമത്തില്‍ തങ്ങിയ ശേഷം തിരിച്ചു നാട്ടിലേക്ക് മടങ്ങി. ഹിമാലയം ഇപ്പോഴും മനസ്സില്‍ ധവളവര്‍ണ്ണത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. യമുനയും, ഭാഗീരഥിയും, മന്ദാകിനിയും, അളകനന്ദയും, ഗംഗയും കുതിച്ചൊഴുകുന്ന തീര്‍ത്ഥപാതകള്‍, മടക്കുകളായി നിരന്നു കിടക്കുന്ന മലനിരകള്‍, മഞ്ഞുമൂടിയ പര്‍വതങ്ങള്‍, പച്ചപ്പാര്‍ന്ന കുന്നുകള്‍, ദേവദാരുക്കള്‍ നിറഞ്ഞ വനങ്ങള്‍, ചെറു കല്ലോലിനികള്‍, താപസശ്രേഷ്ഠരുടെ പുണ്യാശ്രമങ്ങള്‍, പ്രളയം തകര്‍ത്ത മനുഷ്യാഹങ്കാരത്തിന്‍റെ പ്രതീകങ്ങള്‍, പുണ്യക്ഷേത്രങ്ങള്‍. മനുഷ്യരും, മൃഗങ്ങളും. പക്ഷിജാലങ്ങളും ആശ്രയിക്കുന്ന ഭൂഭാഗങ്ങള്‍ എല്ലാം ഒരു ചലച്ചിത്രമെന്നവണ്ണം മനസ്സില്‍ മായാതെ കിടക്കുന്നു. ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളായ ഈ യാത്രകള്‍ നല്‍കുന്ന ആത്മീയോല്‍ക്കര്‍ഷങ്ങള്‍ക്ക് ഈശ്വരനോട് നന്ദി പറഞ്ഞുകൊണ്ട്, ഗംഗയുടെ കളാരവം മനസ്സില്‍ മുഴക്കിക്കൊണ്ട്, ദിവ്യധാമങ്ങള്‍ നല്‍കിയ സൌന്ദര്യലഹരിയില്‍ സ്വയം ആമഗ്നമായി വാക്കുകളെ ഉപസംഹരിപ്പിക്കട്ടെ.
Comments